| Thursday, 16th January 2025, 6:44 pm

ലാല്‍ സാറിനും ശിവരാജ് സാറിനും ഒപ്പം ആ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ കൂടെ ജയിലറില്‍ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു: നെല്‍സണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2023ലെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു രജിനികാന്ത് നായകനായ ജയിലര്‍. അണ്ണാത്തെയുടെ വന്‍ പരാജായത്തിന് ശേഷം രജിനികാന്തും ബീസ്റ്റിന് മോശം അഭിപ്രായം കേട്ട ശേഷം നെല്‍സനും ചെയ്യുന്ന സിനിമ എന്ന നിലയില്‍ ജയിലര്‍ സിനിമാലോകം ഉറ്റുനോക്കിയ പ്രൊജക്ടായിരുന്നു. ബോക്സ് ഓഫീസില്‍ 600 കോടിക്ക് മുകളിലാണ് ജയിലര്‍ നേടിയത്.

മലയാളത്തില്‍ നിന്ന് മോഹന്‍ലാലും, കന്നഡയില്‍ നിന്ന് ശിവരാജ് കുമാറും, ബോളിവുഡില്‍ നിന്ന് ജാക്കി ഷറോഫും ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തിയിരുന്നു. ജയിലര്‍ രണ്ടാം ഭാഗവും ഉണ്ടാവുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ ജയിലര്‍ 2വിന്റെ അനൗണ്‍സ്മെന്റ് വീഡിയോ പുറത്തുവിട്ടിരുന്നു.

ഇപ്പോള്‍ ജയിലറിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ നെല്‍സണ്‍. ആദ്യഭാഗത്ത് മോഹന്‍ലാലിനും ശിവരാജ് കുമാറിനും ജാക്കി ഷറോഫിനും ഒപ്പം തെലുങ്കില്‍ നിന്ന് ബാലയ്യയേയും ഉള്‍പ്പെടുത്തണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നു എന്ന് നെല്‍സണ്‍ പറഞ്ഞു.

‘തെലുങ്കില്‍ നിന്ന് ബാലയ്യയെ ജയിലറില്‍ അഭിനയിപ്പിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഒന്നാം ഭാഗത്തില്‍ വേണ്ടവിധം എനിക്ക് അദ്ദേഹത്തെ പ്ലെയ്‌സ് ചെയ്യാന്‍ കഴിഞ്ഞില്ല. മാത്രമല്ല അങ്ങനെയൊരു കഥാപാത്രവുമായി അദ്ദേഹത്തെ സമീപിച്ചാല്‍ എങ്ങനെയെടുക്കും എന്നും എനിക്കറിയില്ലായിരുന്നു. എന്നാല്‍ ബാലയ്യയും ജയിലറില്‍ വേണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.

ആരെയും പേടിക്കാത്ത, ഒന്നിനെയും ഭയപ്പെടാതെ ഒരു തീപ്പൊരി പൊലീസുകാരന്റെ വേഷമായിരുന്നു അദ്ദേഹത്തിന് വേണ്ടി ഞാന്‍ മനസില്‍ കരുതിയത്.

ജയിലറില്‍ എവിടെയെങ്കിലും അദ്ദേഹത്തെയും ഉള്‍പ്പെടുത്താന്‍ ഒരു ഗ്യാപ് ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അദ്ദേഹത്തെ സമീപിക്കുമായിരുന്നു.

എന്നാല്‍ എല്ലാവരെയും ഒരേ സ്‌ക്രീനില്‍ ഉള്‍പ്പെടുത്താന്‍ എനിക്ക് കഴിഞ്ഞില്ല. ആ രീതിയില്‍ എടുക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല. എല്ലാ സൂപ്പര്‍ സ്റ്റാറുകളെയും ഒന്നിച്ച് കൊണ്ടുവന്ന് ജയിലര്‍ അവസാനിപ്പിക്കണം എന്നാണ് എന്റെ ആഗ്രഹം,’ നെല്‍സണ്‍ പറയുന്നു.

Content Highlight: Director Nelson talks about Jailer Movie

We use cookies to give you the best possible experience. Learn more