മമ്മൂട്ടി നായകനായ ആനന്ദം എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് ലിംഗുസാമി, സംവിധായകനായ ആദ്യചിത്രത്തിലൂടെ സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. റണ്‍, സണ്ടക്കോഴി, പയ്യാ എന്നീ സിനിമകളിലൂടെ തമിഴിലെ മുന്‍നിര സംവിധായകരുടെ പട്ടികയില്‍ ലിംഗുസാമി ഇടംപിടിച്ചു.
സൂര്യയെ നായകനാക്കി ലിംഗുസാമി സംവിധാനം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അഞ്ചാന്‍. സൂര്യയുടെ കരിയറിലെ ഏറ്റവും ഹൈപ്പില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. ചിത്രം പരാജയമായതിന് ശേഷം താന്‍ മോശം മാനസികാവസ്ഥയിലായിരുന്നെന്ന് പറയുകയാണ് ലിംഗുസാമി.
വലിയ പ്രതീക്ഷയില്‍ ഒരുക്കിയ ചിത്രമായിരുന്നു അഞ്ചാനെന്നും അതിന്റെ പരാജയം തന്നെ വല്ലാത ബാധിച്ചെന്നും ലിംഗുസാമി പറഞ്ഞു. ആ സമയത്ത് സൂര്യ തനിക്ക് സപ്പോര്‍ട്ടായി നിന്നെന്നും അത് തനിക്ക് ആശ്വാസം സമ്മാനിച്ചെന്നും അദ്ദേഹം പറയുന്നു. തനിക്കും കൂടി പങ്കാളിത്തമുള്ള പ്രൊഡക്ഷന്‍ ഹൗസായിരുന്നു ആ സിനിമ നിര്‍മിച്ചതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
നഷ്ടം നികത്താനായി അടുത്ത സിനിമ പ്രതിഫലമില്ലാതെ ചെയ്ത് തരാമെന്ന് സൂര്യ വാക്ക് തന്നെന്നും അത് തനിക്ക് വലിയ ആശ്വാസമായിരുന്നെന്നും ലിംഗുസാമി പറയുന്നു. പരാജയത്തില്‍ കൂടെ നില്‍ക്കുന്ന ചുരുക്കം നടന്മാര്‍ മാത്രമേ ഉള്ളൂവെന്നും അതിലൊരാളാണ് സൂര്യയെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്. മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ കരിയറില്‍ ഞാന്‍ ഏറ്റവും പ്രതീക്ഷയോടെ ചെയ്ത സിനിമയാണ് അഞ്ചാന്‍. എന്നാല്‍ ബോക്‌സ് ഓഫീസില്‍ ആ സിനിമ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. സാമ്പത്തികമായി ചെറിയ നഷ്ടം ആ സിനിമ സമ്മാനിച്ചു. അതെന്നെ മാനസികമായി വല്ലാതെ ബാധിച്ചു. ആ സമയത്ത് സൂര്യ ചെയ്ത് തന്ന സഹായം മറക്കാനാകില്ല.
‘ഒരു സിനിമ കൂടി ചെയ്യാം, അതില്‍ പ്രതിഫലമൊന്നും വേണ്ട’ എന്നായിരുന്നു അയാള്‍ പറഞ്ഞത്. അതെനിക്ക് തന്ന ആശ്വാസം ചെറുതല്ല. അങ്ങനെ പറയാന്‍ അദ്ദേഹം കാണിച്ച മനസാണ് എനിക്ക് ഇഷ്ടപ്പെട്ടത്. ആ സിനിമയുടെ നിര്‍മാതാക്കളിലൊരാളാണ് ഞാന്‍. സിനിമ പരാജയമാകുമ്പോള്‍ കൂടെ നില്‍ക്കുന്ന ചുരുക്കം നടന്മാര്‍ മാത്രമേയുള്ളൂ. അതിലൊരാളാണ് സൂര്യ,’ ലിംഗുസാമി പറയുന്നു.
Content Highlight: Director Lingusamy about Suiya’s support after the failure of Anjaan movie