കൃഷാന്ദ് സംവിധാനം ചെയ്ത് തിയറ്ററുകളിലെത്തിയ ‘മസ്തിഷ്‌ക മരണം’ സിനിമയിൽ രജിഷ അവതരിപ്പിച്ച ഐറ്റം ഡാൻസാണ് ഇപ്പോഴും സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.
ഒരിക്കലും സിനിമയിൽ ഐറ്റം ഡാൻസ് ചെയ്യില്ലെന്ന് മുമ്പ് പറഞ്ഞിരുന്ന രജിഷ വിജയൻ തന്നെ ഇത്തരം ഒരു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ്, ട്രോളുകളും വിമർശനങ്ങളും കൂടുതൽ ശക്തമായത്.
ഇപ്പോഴിതാ ഈ വിഷയത്തിൽ കൃഷാന്ദ് നടത്തിയ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. തന്റെ ചിത്രത്തിൽ വന്ന ഗാനത്തെ ‘ഐറ്റം സോങ്’ എന്ന് തന്നെ വിളിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു.
‘രജിഷ ഒരു വൗ ഫാക്ടർ ആണ്. വളരെ ടാലന്റഡ് ആയിട്ടുള്ള ഒരു ആക്ടറാണ്. ഇതിൽ കുറച്ച് ക്രേസി സ്വഭാവമുള്ള ഒരു കഥാപാത്രമാണ് അവർ ചെയ്യുന്നത്. അതിനാൽ തന്നെ ഐറ്റം ഡാൻസ് ചെയ്യേണ്ടി വന്നിട്ടുണ്ട്. കുറച്ച് വസ്ത്രധാരണ രീതികളും അതിന്റെ ഭാഗമായിരുന്നു. ആ കഥാപാത്രത്തിന് ആവശ്യമായ കാര്യങ്ങൾ എല്ലാം അവർ ചെയ്തു.
രജിഷയെ അങ്ങനെ കണ്ടിട്ടില്ലാത്ത ആളുകൾക്ക് അത് ഒരു ‘വൗ’ ഫാക്ടറാണ്. സ്ക്രിപ്റ്റ് ഞാൻ രജിഷക്ക് വായിച്ചു കൊടുത്തിരുന്നു. ഇതിൽ ഇങ്ങനെയൊരു ഭാഗമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. കൺവിൻസ് ചെയ്യേണ്ട സാഹചര്യം ഒന്നും ഉണ്ടായില്ല. സ്ക്രിപ്റ്റിന് വേണ്ട കാര്യമാണെന്ന് അവർ അംഗീകരിച്ചു.
മുമ്പ് ഇത്തരം സ്റ്റേറ്റ്മെന്റുകൾ പറഞ്ഞിട്ടുണ്ടെന്ന് രജിഷ തന്നെയാണ് പറഞ്ഞത്. പക്ഷേ അത്ര ശക്തമായി പറഞ്ഞതായി എനിക്ക് അറിയില്ലായിരുന്നു. ഞാൻ പറഞ്ഞത്, നമ്മൾ ചിലപ്പോൾ ഒരു ഘട്ടത്തിൽ ചില നിലപാടുകൾ പറയും, പിന്നീട് ചിന്തയിൽ മാറ്റം വരാം എന്നതാണ്.
രജിഷയുടെ പ്രധാന ആശങ്ക ഡാൻസിനെ കുറിച്ചായിരുന്നു. താൻ ഡാൻസിൽ അല്പം വീക്കാണെന്ന് അവർ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ആ ഭാഗമാണ് കൂടുതൽ ശ്രദ്ധിച്ചത്,’ കൃഷാന്ദ് പറഞ്ഞു.
ഇത്തരം ഗാനങ്ങളെ ‘ഐറ്റം ഡാൻസ്’ എന്ന് വിളിക്കാമോ? താങ്കളുടെ സിനിമയിൽ ഈ ഗാനം എന്ത് പേരിൽ അറിയപ്പെടും എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി.
‘വലിയൊരു കാപ്പിറ്റലിസ്റ്റ് സംസ്കാരത്തിൽ സ്ത്രീശരീരം ഒരു വിൽപ്പനമൂല്യമായി ഉപയോഗിക്കപ്പെടുന്നുണ്ട്. സിനിമയിലും ഒരു ട്രെൻഡായി സ്ത്രീകൾ ഡാൻസ് ചെയ്യുകയും അതിന് പ്രത്യേക മ്യൂസിക് നൽകുകയും ചെയ്യുന്നത് പുതുമയല്ല. ഇത് ശരിയാണോ തെറ്റാണോ എന്ന് ഞാൻ പറയുന്നില്ല.
മസ്തിഷ്‌ക മരണം, Photo: YouTube/ Screengrab
ഈ സിനിമ ഇത്തരം വിഷയങ്ങൾ തന്നെ സംസാരിക്കുന്നതാണ്. അപ്പോൾ അത്തരമൊരു ഘടകം സിനിമയിൽ വരട്ടെ എന്ന നിലപാടാണ്. സ്ത്രീകളെ ‘ചരക്ക്’ എന്ന് വിളിക്കുന്ന സമൂഹമല്ലേ നമ്മുടേത്. ഇത് ഒരു ഡാൻസ് സോങ് തന്നെയാണ്. എന്നാലും എന്റെ പടത്തിൽ ഞാൻ ഇതിനെ ഐറ്റം സോങ് എന്ന് തന്നെയാണ് വിളിക്കുക,’ അദ്ദേഹം വ്യക്തമാക്കി.
2046-ലെ നിയോ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ഭാവികാല നഗരത്തിന്റെ ദൃശ്യലോകം സൃഷ്ടിക്കാൻ വി.എഫ്,എഫ്.എക്‌സിന് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്.
ഗാനങ്ങളുടെ ശൈലിയും ദൃശ്യഭാഷയും അവതരണ രീതിയും ചിത്രത്തിന്റെ പുതുമയും വ്യത്യസ്തതയും അടയാളപ്പെടുത്തുന്നതാണ്. ചിത്രത്തിൽ രജിഷയ്ക്കൊപ്പം ദിവ്യ പ്രഭ, ജഗദീഷ്, സുരേഷ് കൃഷണ, രാഹുൽ രാജഗോപാൽ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
Content Highlight: Director Krishand says that this will be called an item song in my film.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.