ആസിഫ് അലി നായകനായി ഏറ്റവും പുതുതായി തിയേറ്ററില്‍ എത്തിയ ചിത്രമാണ് രേഖാചിത്രം. മിസ്റ്ററി ക്രൈം ത്രില്ലര്‍ ഴോണറില്‍ എത്തിയ ഈ സിനിമ ജോണ്‍ മന്ത്രിക്കലിന്റെയും രാമു സുനിലിന്റെയും തിരക്കഥയിലായിരുന്നു ഒരുങ്ങിയത്.
ജോഫിന് ടി. ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രം കൂടിയാണ്. 1985ല്‍ പുറത്തിറങ്ങിയ കാതോട് കാതോരം എന്ന മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു രേഖാചിത്രത്തിന്റെ കഥ.
താന്‍ രേഖാചിത്രം കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയെന്നും ആ സിനിമയിലെ ലൊക്കേഷന് കാതോട് കാതോരം സിനിമയുടെ ലൊക്കേഷനുമായി ഒരുപാട് സാമ്യം ഉണ്ടായിരുന്നെന്നും പറയുകയാണ് സംവിധായകന്‍ കമല്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ രേഖാചിത്രം കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. കാരണം ആ സിനിമയിലെ ലൊക്കേഷന് കാതോട് കാതോരം സിനിമയുടെ ലൊക്കേഷനുമായി ഒരുപാട് സാമ്യം ഉണ്ടായിരുന്നു. ഞാന്‍ വിചാരിച്ചത് റിയലായ സ്ഥലത്ത് തന്നെയാണ് ആ സിനിമ ഷൂട്ട് ചെയ്തത് എന്നാണ്.
രേഖാചിത്രത്തിലെ പള്ളി കണ്ടപ്പോള്‍ കാതോട് കാതോരം സിനിമയിലെ അതേ പള്ളിയില്‍ വെച്ചാണോ ഷൂട്ട് ചെയ്തതെന്ന് ഞാന്‍ സംശയിച്ചു. അത് സി.ജിയാണ് അല്ലേ. മുമ്പത്തെ പള്ളി പോലെ തന്നെയാണ് അതുള്ളത്.
രേഖാചിത്രത്തിനായി അവര്‍ ഒരുപാട് റെഫറന്‍സ് എടുത്തു കാണുമെന്ന് ഉറപ്പാണ്. ആ സിനിമക്ക് വേണ്ടി അവര്‍ എടുത്ത എഫേര്‍ട്ടില്‍ എനിക്ക് അത്ഭുതം തോന്നുകയാണ്. രേഖാചിത്രത്തിന്റെ കാര്യം അതിന്റെ ക്രൂ എന്നോട് വന്ന് പറഞ്ഞിട്ട് ഇപ്പോള്‍ മൂന്ന് വര്‍ഷമാകുന്നു. രാമും ജോഫിനുമായിരുന്നു എന്നോട് വന്ന് സംസാരിച്ചത്.
അന്ന് ജോണ്‍പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞിട്ടാണ് വരുന്നതെന്ന് പറഞ്ഞാണ് രാമും ജോഫിനും എന്റെ അടുത്തേക്ക് വന്നത്. കേട്ടപ്പോള്‍ തന്നെ ഞാന്‍ വളരെ എക്‌സൈറ്റഡായിരുന്നു. എങ്ങനെ ഈ സിനിമ വര്‍ക്കാകുമെന്ന് ഞാന്‍ ചോദിച്ചിരുന്നു,’ കമല്‍ പറഞ്ഞു.
Content Highlight: Director Kamal Talks About Asif Ali’s Rekhachithram Movie