കമലിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, നന്ദിനി, കൃഷ്ണ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘അയാൾ കഥയെഴുതുകയാണ്’. ചിത്രത്തിൽ ആദ്യം മോഹൻലാലിന്റെ നായികയായി പരിഗണിച്ചിരുന്നത് നടി സൗന്ദര്യയെ ആയിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ കമൽ.
എന്നാൽ ചില കാരണങ്ങളാൽ അത് നടക്കാതെ പോയതോടെ മറ്റൊരു നായികയെ തേടുകയായിരുന്നു. അങ്ങനെയാണ് തെലുങ്ക് നടി മന്ത്രയുടെ പേര് പരിഗണനയിൽ വന്നത്. എന്നാൽ ഡേറ്റ് പ്രശ്നങ്ങൾ കാരണം മന്ത്രയ്ക്ക് സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞില്ലെന്നും പിന്നീട് ആ കഥാപാത്രത്തിലേക്ക് നന്ദിനി എത്തിയെന്നും കമൽ പോട്രെയ്ൽസ് ഗദ്ധാഫി എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കമൽ.photo.screen grab/youtube
സൗന്ദര്യയ്ക്ക് പകരം മറ്റൊരു നടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് നടി സരിത വഴി മന്ത്രയെക്കുറിച്ച് അറിയുന്നതെന്ന് കമൽ പറഞ്ഞു.
‘അന്ന് സരിതയ്ക്ക് തെലുങ്കിലും തമിഴിലുമൊക്കെ ഒരുപാട് നടിമാരെ അറിയാമായിരുന്നു. അവരോട് ചോദിച്ചപ്പോൾ തെലുങ്കിൽ മന്ത്ര എന്നൊരു നടിയുണ്ടെന്ന് പറഞ്ഞു. കുറച്ച് ഫോട്ടോകളും അയച്ചുതന്നു. മോഹൻലാലാണ് നായകൻ എന്നതുകൊണ്ട് അദ്ദേഹത്തിന്റെ കൂടെ നിൽക്കുമ്പോൾ ഉയരത്തിന്റെ കാര്യത്തിൽ ചില ചർച്ചകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും നമുക്ക് നോക്കാം എന്നായിരുന്നു തീരുമാനം,’ കമൽ പറഞ്ഞു.
പിന്നീട് മന്ത്രയ്ക്ക് തന്നെ നേരത്തേ അറിയാമെന്ന കാര്യം സരിതയാണ് വിളിച്ചുപറഞ്ഞത്. താൻ സംവിധാനം ചെയ്ത ചിത്രത്തിൽ ബാലതാരമായി മന്ത്ര അഭിനയിച്ചിട്ടുണ്ടെന്നും സരിത പറഞ്ഞതായി കമൽ ഓർത്തെടുത്തു.
‘സരിത എന്നെ വിളിച്ചുപറഞ്ഞു, മന്ത്രയ്ക്ക് കമലിനെ നന്നായി അറിയാമെന്ന്. കമലിന്റെ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നും പറഞ്ഞു. എന്റെ പടത്തിലോ എന്ന് ഞാൻ ചോദിച്ചു. കാരണം എനിക്ക് അത് ഓർമയുണ്ടായിരുന്നില്ല. കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികളിൽ രേവതിയുടെ ചെറുപ്പമായിട്ട് അഭിനയിച്ച കുട്ടിയാണ് മന്ത്രയെന്ന് പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര എക്സൈറ്റ്മെന്റായിരുന്നു. ആ കുട്ടിയാണോ എന്നൊക്കെ ഞാൻ ചോദിച്ചു. പിന്നീട് അവരോട് ഫോണിൽ സംസാരിക്കുകയും ചെയ്തു,’ കമൽ പറഞ്ഞു.
മന്ത്രയ്ക്കും ‘അയാൾ കഥ എഴുതുകയാണ്’ എന്ന സിനിമയിൽ അഭിനയിക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ആ സമയത്ത് മറ്റൊരു തെലുങ്ക് സിനിമയുടെ തിരക്കിലായിരുന്നതിനാൽ ഡേറ്റ് ക്രമീകരിക്കാൻ കഴിഞ്ഞില്ല. മോഹൻലാലിന്റെ ഡേറ്റ് കൂടി പരിഗണിച്ച് ചിത്രീകരണം നടത്തേണ്ടിയിരുന്നതിനാൽ മന്ത്രയെ സിനിമയിലെത്തിക്കാനുള്ള ശ്രമം വിജയിച്ചില്ലെന്നും കമൽ വ്യക്തമാക്കി.

സൗന്ദര്യ,മന്ത്ര, അയാൾ കഥ എഴുതുകയാണ്Photo:Facebook.com. Screen Grab/ Youtube. IMDb
‘അവർക്ക് ഇവിടെ വന്ന് സിനിമ ചെയ്യാൻ ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. പക്ഷേ തെലുങ്കിൽ മറ്റൊരു സിനിമയുടെ തിരക്കിലായതുകൊണ്ട് ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. അങ്ങനെയാണ് അത് നടക്കാതെ പോയത്. പിന്നീടാണ് നന്ദിനി ആ കഥാപാത്രത്തിലേക്ക് വരുന്നത്,’ കമൽ വ്യക്തമാക്കി.
Content Highlights: Director Kamal states that actress Soundarya was considered for the role of Mohanlal’s heroine in the film ‘Ayal Kadha Ezhuthukayanu’.
