മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമാണ് കമൽ. മിഴിനീർപൂവുകൾ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധായകനായി അരങ്ങേറ്റം കുറിച്ചത് . മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ കമൽ നാല്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
ഇപ്പോൾ തന്റെ രണ്ടാമത്തെ ചിത്രമായ ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലെ ഓർമകൾ പങ്കുവെക്കുകയാണ് സംവിധായകൻ കമൽ. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് കമൽ മനസ് തുറന്നത്.
‘ഉണ്ണികളേ ഒരു കഥപറയാം ഷൂട്ട് തുടങ്ങി. കൊടൈക്കനാലിലായിരുന്നു ലൊക്കേഷൻ. ടൗണിൽ നിന്ന് 22 കിലോ മീറ്റർ അകലെയുള്ള തടാകത്തിൻ്റെ തീരത്താണു വീട് സെറ്റിട്ടിരിക്കുന്നത്. മോണിങ് ഗോൾഡൻ ലൈറ്റിൽ ഷൂട്ട് ചെയ്യാൻ വെളുപ്പിനെ നാലരയ്ക്ക് ഹോട്ടലിൽ
നിന്നിറങ്ങണം. കുട്ടികൾ പലരും എഴുന്നേറ്റിട്ടുണ്ടാവില്ല. ലൊക്കേഷനിലെത്തിയിട്ടാണ് പല്ലുതേപ്പ് പോലും.
രണ്ട് ദിവസത്തിനുള്ളിൽ കാർത്തിക കുട്ടികളുമായി വലിയ കൂട്ടായി. അവരെ പൗഡർ ഇടിക്കാനും മുടി ചീകിക്കൊടുക്കാനുമൊക്കെ കാർത്തികയും ചേരും ചിലപ്പോ ൾ ഭക്ഷണം വാരിക്കൊടുക്കും അവരുടെ ചേച്ചിയായി മാറിയതോടെ ഷൂട്ടിങ് എളുപ്പമായി.
കാർത്തികയ്ക്ക് കുതിരവണ്ടി ഓടിക്കാൻ പേടിയാണ്. കുട്ടികളും കാർത്തികയും ഒരു വശത്ത്. അപ്പുറത്ത് ലൈറ്റും ക്യാമറയും. ഇത്രയും വച്ചുകൊണ്ടാണ് കുതിരയെ ഓടിക്കേണ്ടത്. കാർത്തിക കടിഞ്ഞാൺ പിടിക്കുമ്പോഴേക്കും കുതിര ചാടാൻ തുടങ്ങും. ഒടുവിൽ ലാലാണ് കുതിര വണ്ടി ഓടിക്കാൻ പഠിപ്പിച്ചത്.
ഉണ്ണികളേ ഒരു കഥ പറയാം.Photo;M3DB
കാർത്തിക ഓടിക്കുന്ന കുതിരവണ്ടിയിൽ നിന്നു വീണ് ബാബു എന്ന കുട്ടിക്കഥാപാത്രം മരിക്കുന്ന രംഗം ഉണ്ട്. കുട്ടിക്കൂട്ടത്തിനിടയിൽ ഏറ്റവും ക്യൂട്ട് അവനായി രുന്നു. എപ്പോഴും വിരൽ കുടിക്കുന്ന കുട്ടി എന്നാണ് ജോൺപോൾ തിരക്കഥയിൽ എഴുതിയിരുന്നത്. കൃത്യം സ്‌ഥലം എനിക്കോർമയില്ല. ഉത്തരേന്ത്യയിലെവിടെയോ ഉള്ള അമിതാണ് ബാബുവിനെ അവതരിപ്പിച്ചത്.
ബാബു മരിക്കുന്നുണ്ടെന്നു കേട്ടപ്പോൾ കാർത്തിക ടെൻഷനായി. ‘ഞാൻ കാരണം മരിക്കുന്നതു ഭയങ്കര സങ്കടമല്ലേ, ആ സീൻ ഒന്നു മാറ്റാൻ പറ്റുമോ’ എന്നൊക്കെ ചോദിക്കാൻ തുടങ്ങി. ഡമ്മിയാണ് വീഴുന്നത്. ആ കുട്ടി വീഴുന്നില്ലല്ലോ എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു. ആ രംഗം ചിത്രീകരിക്കേണ്ട ദിവസത്തിലേക്ക് അടുക്കും തോറും കളിയും ചിരിയും ഇല്ലാതായി. ആ സീനിൽ കാർത്തിക ശരിക്കും കരയുകയായിരുന്നു’,കമൽ പറയുന്നു.
Content Highlight:Director Kamal says about the movie unnikale oru kadha parayam