| Thursday, 19th June 2025, 7:45 pm

മമ്മൂട്ടിയുടെ ആ സിനിമ കണ്ട് സാക്ഷാൽ സത്യജിത്ത് റേ വരെ അഭിനന്ദിച്ചു; 28 ദിവസം കൊണ്ടാണ് ചിത്രം ഷൂട്ട് ചെയ്തത്: ജോഷി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ പതിറ്റാണ്ടുകളായി നിറഞ്ഞുനില്‍ക്കുന്ന സംവിധായകനാണ് ജോഷി. ജയന്‍ മുതല്‍ ജോജു വരെയുള്ള മലയാള സിനിമയിലെ നായകന്‍മാരെ വെച്ച് സിനിമയെടുത്തിട്ടുള്ള അദ്ദേഹം മലയാളത്തിലെ കോമേഴ്ഷ്യല്‍ സിനിമകളുടെ തലതൊട്ടപ്പനാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ നടന്മാരുടെ താരപരിവേഷം ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച സംവിധായകനാണ് അദ്ദേഹം.

ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് ജോഷി. അവസരത്തിന് വേണ്ടി പല സംവിധായകരേയും മമ്മൂട്ടി കണ്ടിട്ടുണ്ടെന്നും എന്നാൽ തന്നെ കാണാൻ വന്നിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ ഒരു പോസ്റ്റർ ആണ് ആദ്യം ശ്രദ്ധിക്കുന്നതെന്നും ആ രാത്രി എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുമായി ഒന്നിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂ ഡൽഹി സിനിമ കണ്ടപ്പോൾ സത്യജിത് റേയ്ക്ക് ഇഷ്ടപ്പെട്ടുവെന്ന് അദ്ദേഹത്തിൻ്റെ മകൻ പറഞ്ഞെന്നും 28 ദിവസം കൊണ്ടാണ് ന്യൂ ഡൽഹി ഷൂട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അഭിനയിക്കാൻ അവസരത്തിന് വേണ്ടി പല സംവിധായകരെയും മമ്മൂട്ടി കണ്ടിട്ടുണ്ട്. ഭാഗ്യത്തിന് എന്നെ കാണാൻ മമ്മൂട്ടി വന്നിട്ടില്ല. മമ്മൂട്ടിയുടെ പടമുള്ള ‘മേള’ എന്ന സിനിമയുടെ പോസ്റ്റർ ആണ് ഞാൻ ആദ്യം ശ്രദ്ധിക്കുന്നത്. മമ്മൂട്ടി ബുള്ളറ്റ് ഓടിച്ചു വരുന്ന പടമായിരുന്നു പോസ്റ്ററിൽ.

‘ഇയാള് കൊള്ളാമല്ലോ’ എന്ന് അന്നേ തോന്നി. പിന്നീട് പ്രസാദ് സ്റ്റുഡിയോയിൽ വെച്ചാണ് നേരിൽ കാണുന്നത്. പി.ജി. വിശ്വംഭരൻ്റെ സ്ഫോടനം എന്ന സിനിമയുടെ ജോലിയുമായി ബന്ധപ്പെട്ട്. ‘ആ രാത്രി’ എന്ന സിനിമയിലാണ് മമ്മൂട്ടിയുമായി ഒന്നിക്കുന്നത്.

ന്യൂ ഡൽഹി സിനിമ കണ്ടിട്ട് സത്യജിത് റേ അഭിനന്ദിച്ചല്ലോ എന്ന ചോദ്യത്തോടും ജോഷി പ്രതികരിച്ചു.

അതെനിക്ക് കേട്ടുകേൾവി മാത്രമാണ്. എന്നെ അദ്ദേഹം നേരിട്ട് വിളിച്ചിട്ടൊന്നുമില്ല. സത്യജിത് റേയുടെ മകൻ ഒരിക്കൽ ചെന്നൈയിലെ ജെമിനി ലാബിൽ വന്നപ്പോൾ ‘ന്യൂഡൽഹി’ സത്യജിത് റായ് കണ്ടെന്നും, നല്ല വർക്കാണെന്ന് പറഞ്ഞെന്നും പലരോടും സൂചിപ്പിച്ചതായി ഞാനും അറിഞ്ഞു.
28 ദിവസം കൊണ്ടാണ് ആ സിനിമ ഷൂട്ട് ചെയ്‌തത്‌,’ ജോഷി പറയുന്നു.

Content Highlight: Director Joshy Talking about New Delhi Movie and Mammootty

We use cookies to give you the best possible experience. Learn more