2013ല്‍ ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിലൂടെ തന്റെ സംവിധാന കരിയര്‍ ആരംഭിച്ച വ്യക്തിയാണ് ജിസ് ജോയ്. ശേഷം സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, മോഹന്‍ കുമാര്‍ ഫാന്‍സ്, ഇന്നലെ വരെ, തലവന്‍ തുടങ്ങിയ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു.
ബൈസിക്കിള്‍ തീവ്‌സില്‍ നായകനായത് ആസിഫ് അലി ആയിരുന്നു. എന്നാല്‍ മലയാളത്തിലെ മിക്ക യുവ നടന്മാരോടും ഈ സിനിമയുടെ കഥ പറഞ്ഞിരുന്നു. അവരൊന്നും സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായില്ല.
ഇതിനിടയിലാണ് ആസിഫ് അലിയിലേക്ക് ജിസ് ജോയ് എത്തുന്നത്. എന്നാല്‍ തന്റെ സുഹൃത്തായ ജയസൂര്യയോട് മാത്രം സംവിധായകന്‍ ഈ കഥ പറഞ്ഞിരുന്നില്ല. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ അതിനെ കുറിച്ച് പറയുകയാണ് ജിസ്.
‘മലയാളത്തിലെ ഒരുവിധം എല്ലാ യുവതാരങ്ങളും കേട്ടിട്ടുള്ള കഥയായിരുന്നു ബൈസിക്കിള്‍ തീവ്‌സ് എന്ന സിനിമയുടേത്. ഒരുപാട് ട്വിസ്റ്റുകള്‍ ഉള്ള സിനിമയായത് കൊണ്ടും ഞാന്‍ പുതിയ സംവിധായകന്‍ ആയത് കൊണ്ടും അവരൊന്നും സിനിമ ചെയ്യാന്‍ തയ്യാറായില്ല.
അതില്‍ എനിക്ക് ബുദ്ധിമുട്ടൊന്നും തോന്നിയിരുന്നില്ല. നമ്മള്‍ ഒരു സ്‌ക്രിപ്റ്റ് എഴുതുന്നത് അഞ്ചോ ആറോ മാസം സമയമെടുത്തിട്ടാണ്. ഞാന്‍ ആ സമയത്ത് പരസ്യച്ചിത്രങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും സിനിമ എന്നത് പുതിയ മേഖലയായിരുന്നു.
ആ സമയത്ത് ഞാന്‍ എത്ര മോശമായ സിനിമയുടെ കഥ പറഞ്ഞാലും ജയസൂര്യ നോ പറയില്ല. കാരണം അന്ന് ഞങ്ങളുടെ ബന്ധം അങ്ങനെയുള്ളതാണ്. ഞങ്ങളെ പലരും സയാമിസ് ഇരട്ടകള്‍ എന്നായിരുന്നു വിളിച്ചത്.
ഞാന്‍ ഇല്ലാതെ അവനെയും അവന്‍ ഇല്ലാതെ എന്നെയും എവിടെയും കാണാന്‍ പറ്റില്ലായിരുന്നു. ഒന്നെങ്കില്‍ ഞാന്‍ അവന്റെ വീട്ടിലുണ്ടാകും, അല്ലെങ്കില്‍ അവന്‍ എന്റെ വീട്ടിലുണ്ടാകും. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ മുതല്‍ക്ക് ഞങ്ങളുടെ ബന്ധം അത്തരത്തിലാണ്.
പക്ഷെ ഇത് സിനിമയാണ്. ബന്ധങ്ങള്‍ ഒരിക്കലും ഉപയോഗിക്കരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഒരാളുടെ ഫ്യൂച്ചറും കരിയറും നമ്മള്‍ നമ്മളുടെ ആവശ്യത്തിന് ഉപയോഗിക്കരുത്. അതേസമയം നമ്മള്‍ എന്തെങ്കിലും പ്രൂവ് ചെയ്ത ശേഷം ആണെങ്കില്‍ കുഴപ്പമില്ല,’ ജിസ് ജോയ് പറയുന്നു.
Content Highlight: Director Jis Joy Talks About Bicycle Thieves Movie And Actor Jayasurya