രോമാഞ്ചം, ആവേശം എന്നീ രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമയിലും സൗത്ത് ഇന്ത്യയിലും വേരുറപ്പിച്ച സംവിധായകനാണ് ജിത്തു മാധവന്‍. ഫഹദ് ഫാസിലിനെ നായകനാക്കി പുറത്തിറക്കിയ ആവേശം വലിയ വിജയമായി മാറിയതിന് പിന്നാലെ തമിഴ് സൂപ്പര്‍ താരം സൂര്യയെ നായകനാക്കി ജിത്തു ഒരുക്കുന്ന ചിത്രമാണ് സൂര്യ47. എന്നാല്‍ ജിത്തു മാധവന്‍ ഒരുക്കിയ തിരക്കഥയില്‍ ചിദംബരം സംവിധാനം ചെയ്ത് ജൂണ്‍ 19ന് പുറത്തിറങ്ങാനിരിക്കുന്ന ബാലന്‍ ദി ബോയ് ആണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയം.
കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ അടക്കം പ്രദര്‍ശിപ്പിച്ച് പ്രശംസ പിടിച്ചു പറ്റിയ ശേഷമാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. താന്‍ തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്യാനായി ചിദംബരം എത്തിയതിനെ കുറിച്ച് ജിത്തു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സംവിധായകന്‍ പ്രിയദര്‍ശനും ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ജിത്തു ചിദംബരത്തെ കുറിച്ച് സംസാരിച്ചത്.
‘രോമാഞ്ചത്തിന് ശേഷം എന്റെ രണ്ടാമത്തെ ചിത്രമായ ആവേശത്തിന് പകരം ചെയ്യേണ്ട ചിത്രമായിരുന്നു ബാലന്‍ ദി ബോയ്. അന്ന് അന്‍വര്‍ റഷീദിന്റെ അടുത്താണ് ചിത്രം നിര്‍മിക്കാനായി കഥ പറഞ്ഞത്. അദ്ദേഹത്തോട് ആവേശത്തിന്റെയും കഥ പറഞ്ഞിരുന്നു. ആവേശം പോലെ ഒരു എനര്‍ജിയുള്ള ചിത്രം ചെയ്തിട്ട് ഇത് ചെയ്യൂ എന്ന് അദ്ദേഹം നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആവേശം ആദ്യം ചെയ്തത്.
ബാലന്‍ എനിക്ക് പേഴ്‌സണലി ഭയങ്കര ഇഷ്ടപ്പെട്ട സബ്‌ജെക്ടായിരുന്നു. പക്ഷേ ചിദംബരം ചോദിച്ചപ്പോള്‍ അദ്ദേഹത്തില്‍ എനിക്കൊരു കോണ്‍ഫിഡന്‍സ് തോന്നുകയായിരുന്നു. കാരണം മഞ്ഞുമ്മല്‍ ബോയ്‌സ് എനിക്ക് നേരത്തേ അറിയാവുന്ന സബ്ജക്ടായിരുന്നു. ഒരു സംവിധായകനെന്ന നിലയില്‍ അത്രയും എക്‌സൈറ്റിങ് ആയിട്ടുള്ള സിനിമ എനിക്കതില്‍ കാണാന്‍ സാധിച്ചിരുന്നില്ല. പക്ഷേ സിനിമ ഞാന്‍ തിയേറ്ററില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി.
ഇങ്ങനെയൊരു സബ്‌ജെക്ടിനെ കൊമേഷ്യലായി തിയേറ്ററില്‍ അവതരിപ്പിക്കാന്‍ കഴിയും എന്നറിഞ്ഞപ്പോള്‍ ഞാന്‍ ചിദംബരത്തിന്റെ ഫാനായി പോയി. അത് കഴിഞ്ഞിട്ടാണ് ചിദംബരം ബാലന്റെ കഥ ചോദിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ ഇതൊരു സേഫ് ഹാന്‍ഡായിട്ടാണ് തോന്നിയത്. ഒരുപാട് കഥ പറയാന്‍ വേണ്ടിയായിരുന്നു അന്ന് ഞങ്ങള്‍ ഇരുന്നത്. പക്ഷേ കഥ കേട്ട് ഒരു മണിക്കൂറിനുള്ളില്‍ ബാലന്‍ ഉറപ്പിക്കുകയായിരുന്നു,’ ജിത്തു മാധവന്‍ പറഞ്ഞു.
യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. സര്‍വൈവര്‍ ത്രില്ലര്‍ ഴോണറില്‍ കഥ പറഞ്ഞ ചിത്രം തമിഴ്‌നാട്ടില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കുന്ന ചിത്രമാകുകയും ആഗോളതലത്തില്‍ 240 കോടിയിലധികം നേടുകയും ചെയ്യുകയായിരുന്നു.
ചിത്രത്തിന് ശേഷം വമ്പന്‍ സ്‌കെയിലില്‍ ചിത്രമെടുക്കുന്നതിന് പകരം പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിദംബരം ബാലന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ താന്‍ കണ്ട ഏറ്റവും മികച്ച ചിത്രമാണ് ബാലനെന്ന് പ്രശംസിക്കുകയും ചെയ്തിരുന്നു.
Content Highlight: Director Jeethu Madhavan talks about the confidence he had to give Chidambaram the script of Balan The boy to Direct after he watched Manjummel Boys Movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.