| Wednesday, 4th June 2025, 10:35 am

അമ്മച്ചീ, ഞാന്‍ നാടുവിടുകയാണ്; വഴക്കിന് പിന്നാലെ ഒരു കത്തെഴുതി ടേബിളില്‍ വെച്ചു: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുട്ടിക്കാലത്തെ തന്റെ ചില കുസൃതികളെ കുറിച്ചും അന്നത്തെ ചില സംഭവങ്ങള്‍ പിന്നീട് തന്റെ സിനിമകളില്‍ കൊണ്ടുവന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.

അമ്മച്ചിയെ പേടിപ്പിക്കാനായി നാടുവിട്ടതായി കാണിച്ചുകൊണ്ടുള്ള ഒരു കത്തെഴുതി വെച്ച കഥയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് പറയുന്നത്. ജീത്തുജോസഫിന്റെ അമ്മ ലീലാമ്മയും അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്നു.

‘കുട്ടിക്കാലത്ത് ഞാന്‍ ഭയങ്കര കുസൃതിയായിരുന്നു. ഭയങ്കര രസമുള്ള ഒരു സംഭവമുണ്ട്. വഴക്കുണ്ടാക്കുമ്പോള്‍ അമ്മച്ചി ഞങ്ങളോട് ‘ഞാന്‍ കോലൊടിച്ചിട്ടുണ്ട് ഇനി മിണ്ടില്ല’ എന്നൊക്കെ പറയും. അപ്പോള്‍ ഞങ്ങള്‍ ഇങ്ങനെ കളിയാക്കും.

ഒരു ദിവസം ഞങ്ങള്‍ തമ്മില്‍ വഴക്കായി. എനിക്ക് വിഷമം വന്നപ്പോള്‍ അമ്മച്ചിയെ ഒന്ന് പേടിപ്പിച്ചേക്കാമെന്ന് കരുതി. നേരെ ഒരു പേപ്പറെടുത്തിട്ട് ‘ഞാന്‍ ഈ വീട് വിട്ട് ഇറങ്ങിപ്പോകുകയാണെന്നൊക്കെ’ പറഞ്ഞ് ഒരു നാലഞ്ച് വാചകങ്ങള്‍ എഴുതി.

അമ്മച്ചിയുടെ കട്ടിലിനടുത്തുള്ള ഒരു ടീപോയില്‍ ആ കടലാസ് വെച്ച് ഞാന്‍ കട്ടിലിനടിയില്‍ കയറി കിടന്നു. വേറെ എവിടെയെങ്കിലുമൊക്കെ പോയി തപ്പട്ടെ എന്ന് കരുതിയിട്ട് ചെയ്തതാണ്.

അങ്ങനെ അമ്മച്ചി എപ്പോഴോ ഈ മുറിയില്‍ വന്ന് നോക്കുമ്പോള്‍ ടേബിളില്‍ ഈ പേപ്പര്‍ ഇരിക്കുന്നു. അമ്മച്ചി ഈ പേപ്പര്‍ എടുത്തതും അത് കയ്യില്‍ നിന്ന് സ്പ്ലിപ്പായി താഴെ പോയി.

അമ്മച്ചി അത് കുനിഞ്ഞ് ഇങ്ങനെ എടുക്കുമ്പോള്‍ കട്ടിലിനടിയില്‍ ഞാന്‍. നീയെന്താടാ ഇതിനടിയില്‍ കയറി ഇരിക്കുന്നതെന്ന് ചോദിച്ചു. ഒന്നുമില്ല അമ്മച്ചി എന്ന് പറഞ്ഞു. അതിന് ശേഷമാണ് അമ്മച്ചി ഈ കത്ത് നോക്കുന്നത്. (ചിരി).

അതുപോലെ അമ്മച്ചി ഒരു ചേരയെ കണ്ട് പേടിച്ച് ബോധം കെട്ട സംഭവമുണ്ട്. എല്ലാവരും ഓടി വന്ന് വെള്ളമൊക്കെ തളിച്ച് അമ്മച്ചിയെ ഓക്കെ ആക്കി. അതൊക്കെ കഴിഞ്ഞ് അമ്മച്ചി അടുക്കളയില്‍ ഒരു കസേരയില്‍ വന്നിരിക്കുകയാണ്.

ഞാന്‍ ഇത് കണ്ടതും ഒരു കറുത്ത ബെല്‍ട്ടെടുത്ത് അമ്മച്ചി ഇരിക്കുന്നിടത്തുള്ള വാതിലിന്റെ സൈഡിലൂടെ അകത്തേക്ക് ഒറ്റ ഏറും അയ്യോ പാമ്പെന്ന് വിളിച്ചുകൂവി. ഇത് കണ്ടതും അമ്മച്ചി കാറിക്കൊണ്ട് അടുത്ത ഓട്ടം. ഇത് കഴിഞ്ഞതും അപ്പച്ചന്‍ എന്നെ ഓടിച്ചിട്ട് തല്ലി. അതിന് ശേഷം അങ്ങനെയുള്ള ഒരു പണിയും ഞാന്‍ ഒപ്പിച്ചിട്ടില്ല,’ ജീത്തു ജോസഫ് പറഞ്ഞു.

മമ്മി ആന്‍ഡ് മീ എന്ന സിനിമയിലെ കുറേ എലമെന്റ്‌സ് നമ്മുടെ തന്നെ കുടുംബത്തില്‍ തന്നെ ഉള്ളതാണെന്നും അഭിമുഖത്തില്‍ ജീത്തു പറഞ്ഞു.

എല്ലാ വീടുകളിലും അമ്മയും മോളും തമ്മില്‍ ഗുസ്തിയുണ്ട്. എനിക്കൊരു സഹോദരിയുണ്ട്. അവളും അമ്മയുമായി ഗുസ്തി കൂടും. ചെറിയ കാര്യങ്ങള്‍ക്കായിരിക്കും. എന്നാലും അത് കഴിയുമ്പോള്‍ അമ്മയ്ക്കുള്ള ഒരു വിഷമമുണ്ട്. അതൊക്കെ സിനിമയില്‍ കൊണ്ടുവന്നിട്ടുണ്ട്,’ ജീത്തു ജോസഫ് പറഞ്ഞു.

Content Highlight: Director Jeethu Joseph share a Funny incident on his Childhood

We use cookies to give you the best possible experience. Learn more