സൂപ്പര്‍ഹീറോ ആരാധകരുടെ ഇഷ്ട കോമിക്കുകളിലൊന്നാണ് ഡി.സി കോമിക്‌സ്. സൂപ്പര്‍മാന്‍, ബാറ്റ്മാന്‍ എന്നീ സൂപ്പര്‍ഹീറോകളെയും ജോക്കര്‍ എന്ന സൂപ്പര്‍വില്ലനെയും സൃഷ്ടിച്ച ഡി.സി കോമിക്‌സ് സിനിമ യൂണിവേഴ്‌സും ആരംഭിച്ചിട്ടുണ്ട്. ഡി.സി കോമിക്‌സില്‍ ഏറ്റവുമധികം ആരാധകരുള്ള സൂപ്പര്‍ഹീറോയാണ് ബാറ്റ്മാന്‍.
ഗോഥം എന്ന സാങ്കല്പിക നഗരത്തിന്റെ കാവലാളായ ബാറ്റ്മാന്‍ കോമിക്‌സിനെ ആധാരമാക്കി പല കാലങ്ങളിലായി ഒരുപാട് സിനിമകള്‍ ഡി.സി. പുറത്തിറക്കിയിട്ടുണ്ട്. ബെന്‍ അഫ്‌ളെക്, ക്രിസ്റ്റ്യന്‍ ബെയ്ല്‍, വാല്‍ കില്‍മര്‍, മൈക്കല്‍ കീറ്റണ്‍ തുടങ്ങിയ നടന്മാര്‍ അവതരിപ്പിച്ച ബാറ്റ്മാന്‍ കഥാപാത്രങ്ങള്‍ക്ക് വലിയ ഫാന്‍ ഫോളോയിങ്ങുണ്ട്.
2022ലാണ് ബാറ്റ്മാനെ കേന്ദ്ര കഥാപാത്രമാക്കി ഏറ്റവുമൊടുവില്‍ സിനിമ പുറത്തിറങ്ങിയത്. റോബര്‍ട് പാറ്റിന്‍സണെ നായകനാക്കി മാറ്റ് റീവ്‌സ് അണിയിച്ചൊരുക്കിയ ചിത്രം വന്‍ വിജയമായി. റിഡ്‌ലര്‍ എന്ന വില്ലനും ബാറ്റ്മാനും തമ്മിലുള്ള പോരാട്ടമാണ്ചിത്രം സംസാരിച്ചത്.
2022 ഏപ്രിലില്‍ പുതിയ ബാറ്റ്മാന് രണ്ടാം ഭാഗമുണ്ടാകുമെന്ന് ഡി.സി കോമിക്‌സ് അറിയിച്ചിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ചിത്രത്തിനെക്കുറിച്ച് പുതിയ അപ്‌ഡേറ്റുകളൊന്നും വരാത്തത് ആരാധകരില്‍ നിരാശയുണ്ടാക്കിയിരുന്നു. ചിത്രം ഉപേക്ഷിച്ചെന്ന് വരെ വാര്‍ത്തകള്‍ പ്രചരിക്കുകയുണ്ടായി.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജെയിംസ് ഗണ്‍. ഡി.സി കോമിക്‌സിന്റെ ഏറ്റവും പുതിയ ചിത്രമായ സൂപ്പര്‍മാന്റെ സംവിധായകനാണ് ജെയിംസ് ഗണ്‍. താനും മാറ്റ് റീവ്‌സും ചേര്‍ന്നാണ് ബാറ്റ്മാന്‍ 2വിന്റെ സ്‌ക്രിപ്റ്റ് ഒരുക്കുന്നതെന്ന് ജെയിംസ് ഗണ്‍ പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ മനസില്‍ സ്‌ക്രിപ്റ്റിനുള്ള ഐഡിയ ഇല്ലെന്നും അത് കിട്ടാന്‍ വേണ്ടി കാത്തിരിക്കുകയാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രം ഉപേക്ഷിച്ചില്ലെന്നും അധികം വൈകാതെ വര്‍ക്കുകള്‍ തുടങ്ങാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സീരീസുകളിലൊന്നായ പെന്‍ഗ്വിന്‍,ബാറ്റ്മാന്‍ 2വിനുള്ള സൂചന നല്‍കിയാണ് അവസാനിച്ചത്. സീരിസിന്റെ അവസാന എപ്പിസോഡില്‍ ബാറ്റ്മാന്‍ തിരിച്ചെത്തുമെന്നുള്ള സൂചന നല്‍കിയിരുന്നു. 2027ല്‍ ബാറ്റ്മാന്‍ 2 തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.
Content Highlight: Director James Gunn saying Matt Reeves don’t have the script of Batman 2 movie