സിനിമാപ്രേക്ഷകർക്ക് എല്ലാക്കാലത്തും ഓർമിക്കാൻ ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ഫാസിൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമാരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു.
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും അദ്ദേഹം കഴിവ് തെളിയിച്ചു. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും സംസാരിക്കുകയാണ് ഫാസിൽ.
ഹരികൃഷ്ണൻസ് സിനിമ റിലീസ് ചെയ്‌തു കഴിയുമ്പോൾ മമ്മൂട്ടിയെ ഫേവർ ചെയ്തുവെന്ന് ആരും പറയരുതെന്ന് നിർബന്ധമുണ്ടായിരുന്നെന്നും ഡയലോഗുകളിൽ പോലും അത് ശ്രദ്ധിച്ചുവെന്നും ഫാസിൽ പറയുന്നു.
തന്നിലുള്ള വിശ്വാസം കൊണ്ട് മമ്മൂട്ടിയോ മോഹൻലാലോ ഇതിനെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നില്ലെന്നും എന്തുപറഞ്ഞാലും രണ്ടുപേരും തയ്യാറായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരു കാര്യവും പറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഹരികൃഷ്ണൻസ് സിനിമ റിലീസ് ചെയ്‌തു കഴിഞ്ഞ്, ഞാൻ മമ്മൂട്ടിയെ ഫേവർ ചെയ്തു, മോഹൻലാലിന് കൂടുതൽ പ്രാധാന്യം കൊടുത്തു എന്നൊന്നും ആരും പറയരുതെന്ന് നിർബന്ധമുണ്ടായിരുന്നു.
സീനുകളുടെ എണ്ണത്തിൽ മാത്രമല്ല, ഡയലോഗിൽ പോലും ഇത് ശ്രദ്ധിച്ചു. ഒരാൾ പറയേണ്ട ഡയലോഗ് രണ്ടായി മുറിച്ച് രണ്ടുപേർക്കുമായി കൊടുത്തു. മമ്മൂട്ടി പറയുന്നതിൻ്റെ തുടർച്ച മോഹൻലാൽ പറഞ്ഞു. മോഹൻലാൽ പറയുന്നതിൻ്റെ ബാക്കി മമ്മൂട്ടിയും പറഞ്ഞു. ഡയലോഗ് വരുമ്പോൾ എവിടെയും ശ്രുതി തെറ്റുന്നില്ല. താളം തെറ്റുന്നില്ല, അഭംഗിയാകുന്നില്ല. രണ്ടും കട്ടക്ക് കട്ടയ്ക്കാണ്.
അവിടെയാണ് ഇവരുടെ അഭിനയ തുല്യതയെ നമ്മൾ വിലയിരുത്തേണ്ടത്. എന്നിലുള്ള വിശ്വാസം കൊണ്ടാകാം, മോഹൻലാലും മമ്മൂട്ടിയും ഇതേക്കുറിച്ച് തീരെ ആശങ്കപ്പെട്ടിരുന്നില്ല. ‘മമ്മൂട്ടി വേണമെങ്കിൽ ഷൈൻ ചെയ്തോട്ടെ, എനിക്കൊരു പ്രശ്നവുമില്ല’ എന്ന് ലാലും ‘താൻ വേണമെങ്കിൽ ലാലിനെ ഏതു ലെവലിൽ വേണമെങ്കിലും കാണിച്ചോ, എനിക്കു പ്രശ്നമല്ല’ എന്ന് മമ്മൂട്ടിയും മൗനസമ്മതം തന്നത് പോലെയായിരുന്നു. എന്തുപറഞ്ഞാലും രണ്ടാളും തയാർ. ഒരു കാര്യവും പറ്റില്ലെന്ന് പറഞ്ഞിട്ടില്ല,’ ഫാസിൽ പറയുന്നു.
Content Highlight: Director Fasil Talking about Mammootty and Mohanlal