ആ കുട്ടി നല്ല നടനാണ്, രാത്രി 8 മണി ആയാൽ സാറേ എന്റെ ബാറ്ററി തീർന്നു എന്ന് പറയും: ചിദംബരം
Malayalam Cinema
ആ കുട്ടി നല്ല നടനാണ്, രാത്രി 8 മണി ആയാൽ സാറേ എന്റെ ബാറ്ററി തീർന്നു എന്ന് പറയും: ചിദംബരം
കെ.എസ് ഷാബിന
Tuesday, 9th June 2026, 9:48 am

മഞ്ഞുമ്മൽ ബോയ്സ്’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബാലൻ ദി ബോയ്’. ‘ആവേശം’ എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവൻ തിരക്കഥയൊരുക്കുന്ന ഈ സിനിമ, ഇതിനോടകം തന്നെ കാൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള രാജ്യാന്തര വേദികളിൽ പ്രദർശിപ്പിച്ചു കയ്യടി നേടിക്കഴിഞ്ഞു.

ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയത് മുതൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ട്രെയ്‌ലറിലെ അമ്മയുടെയും കുട്ടിയുടെയും പ്രകടനം ഇതിനകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. പ്രത്യേകിച്ച്, നായികയുടെ അഭിനയം ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.

 

 

ബാലൻ ദി ബോയ്’.Photo;Screengrab/Youtube

 

പല സ്ഥലങ്ങളിൽ, പല പേരുകളിൽ സ്വന്തം വ്യക്തിത്വം മറച്ചുവെച്ച് ജീവിക്കേണ്ടി വരുന്ന ഒരു അമ്മയുടെയും മകന്റെയും കഥയാണ് ഈ സിനിമ പറയുന്നത്.

ചിത്രത്തിലെ കുട്ടിയുടെ കഥാപാത്രവും ഇതിനോടകം തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ‘ആദിശേഷൻ’ എന്ന ബാലതാരമാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബാലതാരം ആദിശേഷൻ ഈ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും അവന്റെ അഭിനയമികവിനെകുറിച്ചും ചിത്രത്തിന്റെ മറ്റ് വിശേഷങ്ങളെക്കുറിച്ചും സംവിധായകൻ ചിദംബരം മനസ്സ് തുറക്കുന്നു. രേഖ മേനോന് നൽകിയ ആഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Screengrab/Youtube/FilmyCharcha

 

‘ആദിശേഷൻ വളരെ മികച്ചൊരു ബാലതാരമാണ്. അവനെ ഒരുപാട് ഡയറക്ട് ചെയ്യേണ്ടി വന്നിട്ടില്ല. അവന് മനസിലാലാകാത്ത ഇമോഷൻസ് വരുമ്പോൾ മനസ്സിൽ എന്തെങ്കിലും കണക്കുകൂട്ടി നടക്കാൻ ഞാൻ പറയും. ക്യാമറയിലൂടെ കാണുമ്പോൾ എന്തോ ഗൗരവമായ കാര്യം ചിന്തിക്കുന്നതായി തോന്നിപ്പിക്കാൻ ഈ ട്രിക്ക് സഹായിച്ചു. അവൻ ഒരു മികച്ച നടൻ തന്നെയാണ്.

ഷൂട്ടിങ് തുടങ്ങി നാലാം ദിവസം തന്നെ ‘എന്റെ അഭിനയം കഴിഞ്ഞു, എനിക്ക് വീട്ടിൽ പോകണം’ എന്ന് അവൻ പറഞ്ഞു തുടങ്ങി. രാത്രി എട്ട് മണിയായാൽ ഉടൻ എന്റെ അടുത്ത് വന്ന് ‘സാറേ, എന്റെ ബാറ്ററി തീർന്നു’ എന്ന് അവൻ പറയുമായിരുന്നു.’ചിദംബരം പറയുന്നു.

ബാലൻ ദി ബോയ്.Photo: Screengrab/Youtube

ബാലൻ എന്ന ചിത്രം തനിക്ക് തികച്ചും പുതിയൊരു അനുഭവമായിരുന്നു എന്ന് ചിദംബരം കൂട്ടിച്ചേർത്തു. വലിയ ബഹളങ്ങളൊന്നുമില്ലാതെ അമ്മയും മകനും തമ്മിലുള്ള വൈകാരിക ബന്ധം എങ്ങനെ അവതരിപ്പിക്കാമെന്നും, ആ വികാരം പ്രേക്ഷകരിലേക്ക് എങ്ങനെ കൃത്യമായി എത്തിക്കാമെന്നും പഠിക്കാൻ ഈ സിനിമയിലൂടെ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ടൊവിനൊ തോമസിന്റെ അതിഥിവേഷവും ചിത്രത്തിന്റെ പ്രതീക്ഷ ഉയർത്തുന്നു. സുഷിൻ ശ്യാം സംഗീതസംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ഈ മാസം 19-ന് തിയേറ്ററുകളിലെത്തും.

Content Highlight: Director Chidambaram Shares Insights on His Upcoming Film ‘Balan

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.