മഞ്ഞുമ്മൽ ബോയ്സ് ചെയ്തത് കൊണ്ട് മാത്രമാണ് ബാലൻ എന്ന സിനിമ ഉണ്ടായത്: ചിദംബരം
Malayalam Cinema
മഞ്ഞുമ്മൽ ബോയ്സ് ചെയ്തത് കൊണ്ട് മാത്രമാണ് ബാലൻ എന്ന സിനിമ ഉണ്ടായത്: ചിദംബരം
കെ.എസ് ഷാബിന
Wednesday, 10th June 2026, 8:40 am

‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബാലൻ ദി ബോയ്’. ‘ആവേശം’ എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവൻ തിരക്കഥയൊരുക്കുന്ന ഈ സിനിമ, ഇതിനോടകം തന്നെ കാൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള രാജ്യാന്തര വേദികളിൽ പ്രദർശിപ്പിച്ചു കയ്യടി നേടിക്കഴിഞ്ഞു.

അർജുൻ അശോകൻ, ബേസിൽ ജോസഫ്, ബാലു വർഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2021-ൽ പുറത്തിറങ്ങിയ ‘ജാൻ എ മൻ’ എന്ന ചിത്രത്തിലൂടെയാണ് ചിദംബരം ആദ്യമായി സംവിധായകനാകുന്നത്. പിന്നീട് ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ കൂട്ടുകെട്ടിൽ പിറന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രം ഇൻഡസ്ട്രി ഹിറ്റായതോടു കൂടി ചിദംബരം എന്ന സംവിധായകൻ ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടി.

ബാലൻ ദി ബോയ്.Photot; The New Indian Express

കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന പുതിയ ചിത്രത്തിൽ ‘അർമിയാസ്’ എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം അഭിനയത്തിലേക്കും ചുവടുവെച്ചു.

ഇപ്പോൾ തന്റെ മൂന്നാമത്തെ ചിത്രമായ ‘ബാലന്റെ’ നിർമാണത്തെക്കുറിച്ച് സംസാരിക്കുകയാണ് ചിദംബരം. ‘ബാലൻ’ എന്ന സിനിമ തന്റെ പ്ലാനിൽ ഉണ്ടായിരുന്നില്ലെന്നും, ‘മഞ്ഞുമ്മൽ ബോയ്സ്’ ഉണ്ടായതുകൊണ്ട് മാത്രമാണ് ഈ സിനിമ ചെയ്യാൻ സാധിച്ചതെന്നും രേഖാ മേനോന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു.

‘എന്റെ പ്ലാനിൽ ഇല്ലാത്ത ഒരു സിനിമയായിരുന്നു ‘ബാലൻ’. ‘മഞ്ഞുമ്മൽ ബോയ്സി’ന് ശേഷം ബോളിവുഡിൽ നിന്നൊക്കെ എനിക്ക് അവസരങ്ങൾ വന്നിരുന്നു. അങ്ങനെയിരിക്കെയാണ് ജിത്തു മാധവനെ പരിചയപ്പെടുന്നതും ‘ബാലന്റെ’ കഥ കേൾക്കുന്നതും.

ബാലൻ ദി ബോയ്.Photo:Screengrab/Youtube/IMDB

ആദ്യമായി കഥ കേട്ടപ്പോൾ തന്നെ എനിക്ക് ഒരുപാട് ഇഷ്ടമായി. അതിന്റെ സ്കോപ്പും സെറ്റിങ്ങുമൊക്കെ ചെറുതാണെങ്കിലും, ഇതൊരു ബിഗ് ഫിലിം ആയിരിക്കുമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ബാലൻ സംഭവിക്കുന്നത്.

‘മഞ്ഞുമ്മൽ ബോയ്സ്’ ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു; എന്നാൽ ഇതൊരു തികച്ചും പുതിയ അനുഭവമാണ്. കഥ ഇഷ്ടപ്പെട്ടതിന് ശേഷം ഞങ്ങൾ തിരക്കഥ എഴുതാൻ ആരംഭിച്ചു. ഞങ്ങൾ രണ്ടുപേരും സംവിധായകരായതുകൊണ്ട് തന്നെ ഇരുവർക്കുമുള്ള സിനിമാറ്റിക് ഭാഷയും വ്യത്യസ്തമാണ്. അത് തമ്മിൽ കൃത്യമായി സിങ്ക് ചെയ്ത് കൊണ്ടുവരാൻ വേണ്ടി മാത്രം ഈ ചിത്രത്തിനായി കുറഞ്ഞത് ഒരു പത്ത് ഡ്രാഫ്റ്റുകളെങ്കിലും ഞങ്ങൾക്ക് എഴുതേണ്ടി വന്നിട്ടുണ്ട്.

ബാലൻ ദി ബോയ്.Photo:Screengrab/Youtube

‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമ ചെയ്തതുകൊണ്ട് മാത്രമാണ് ഇന്ന് ‘ബാലൻ’ എന്ന സിനിമ ഉണ്ടായത്. നിർമാതാവിനെ കൺവിൻസ് ചെയ്യാൻ ആ സിനിമയുടെ വിജയം വലിയ രീതിയിൽ സഹായിച്ചു. അതുണ്ടാക്കിയ വലിയൊരു പശ്ചാത്തലം ഉള്ളതുകൊണ്ട് മാത്രമാണ് സിനിമയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഒരുക്കി, ഇത്രയും വലിയൊരു സ്കെയിലിൽ ബാലൻ ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചത്.

‘മഞ്ഞുമ്മൽ ബോയ്സിന്റെ’ അണിയറപ്രവർത്തകർ തന്നെയാണ് ‘ബാലൻ’ സിനിമയ്ക്ക് പിന്നിലും പ്രവർത്തിച്ചിരിക്കുന്നത്. സുഷിൻ ശ്യാം സംഗീതവും, ഗണപതി കാസ്റ്റിംങ്ങും, വിവേക് ഹർഷൻ എഡിറ്റിംങ്ങും, അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈനിംങ്ങും നിർവഹിക്കുന്നു. ചിത്രം ഈ മാസം 19-ന് തിയേറ്ററുകളിൽ എത്തും.

Content Highlight: Director Chidambaram said Balan wouldn’t have happened without Manjummel Boys

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.