ഒരുപിടി മികച്ച നായികമാരെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ സംവിധായകനാണ് ബ്ലെസി. മീരാ ജാസ്മിന്‍, പദ്മപ്രിയ, മന്യ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയ നിരവധി താരങ്ങളെ കണ്ടെത്തിയത് ബ്ലെസിയാണ്.
ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ജാസ്മിന്‍ എന്ന പെണ്‍കുട്ടിയെ ആദ്യമായി ക്യാമറയ്ക്ക് മുന്‍പില്‍ എത്തിക്കുന്നത് ബ്ലെസിയായിരുന്നു.
മീരാ ജാസ്മിനെ താന്‍ ആദ്യമായി കണ്ടതിനെ കുറിച്ച് സംസാരിക്കുകയാണ് കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബ്ലെസി.
‘ മീരയെ കണ്ടെത്തിയതിനെ കുറിച്ച് പറഞ്ഞാല്‍ തിരുവല്ലയില്‍ ഞങ്ങള്‍ ഒരു പള്ളിയില്‍ പോകുന്ന ആള്‍ക്കാരാണ്. പള്ളിയില്‍ വെച്ച് ഞാന്‍ അവരെ ശ്രദ്ധിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല.
ഞാന്‍ തിരുവല്ല ടൗണിലുള്ള ഒരു ഡെന്റിസ്റ്റിന്റെ കാണാന്‍ പോയപ്പോഴാണ് ജാസ്മിനും, അന്ന് അവരുടെ പേര് ജാസ്മിന്‍ എന്നാണ്. ജാസ്മിനും അവരുടെ ചേച്ചിയും അവിടെ നില്‍ക്കുന്നത് കണ്ടത്.
അവിടെ കുറേ ആള്‍ക്കാരുണ്ട്. ഞാനും വൈഫുമുണ്ട്. ഞങ്ങള്‍ മാറിനില്‍ക്കുകയാണ്. നല്ല പിള്ളേര്‍ അല്ലേ, ഇതുപോലുള്ള കുട്ടികള്‍ വേണം സിനിമയില്‍ വരാന്‍ എന്ന് ഞാന്‍ വൈഫിനോട് പറഞ്ഞു.
പിന്നീടാണ് ഞാന്‍ ഒരു ചെറിയ പരസ്യചിത്രം ചെയ്യുന്നത്. അന്ന് മീരയുടെ സിസ്റ്ററുടെ മകള്‍ അതില്‍ കൊച്ചുകുട്ടിയായിട്ട് ഉണ്ടായിരുന്നു. പിന്നീട് ഈ കുട്ടിക്ക് അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് അറിഞ്ഞ് ഞാന്‍ ജാസ്മിനെ വിളിച്ചു.
കാവേരിയും നിഷാന്ത് സാഗറുമാണ് മെയിന്‍ ക്യാരക്ടേഴ്‌സ് ചെയ്യുന്നത്. അതിന്റെ പിന്നിലെ ഒരു പാസ്സിങ് ഷോട്ടിനായിട്ട് ജാസ്മിനെ വിളിച്ചു. ഒരു പാസ്സിങ് ഷോട്ടാണ് അവര്‍ ആദ്യമായി ചെയ്യുന്നത്.
അതിന് ശേഷം കെ.ടി.ഡി.എഫ്.സിയുടെ ഒരു പരസ്യം ഞാന്‍ ഊട്ടിയില്‍ വെച്ചു ചെയ്തു. അതില്‍ ഒരു മുഖ്യ ക്യാരക്ടറായി ജാസ്മിനെ വിളിച്ചു. പല സീക്വന്‍സുകളായി അവര്‍ അത് ചെയ്തു.
അന്നാണ് സൈക്കിള്‍ ഓടിക്കാനൊക്കെ അവരെ പഠിപ്പിക്കുന്നത്. അതിന് ശേഷമാണ് ലോഹിയേട്ടന്‍ സൂത്രധാരനിലേക്ക് ഒരു കുട്ടിയെ ആവശ്യമുണ്ടെന്ന് പറയുന്നത്. അങ്ങനെ ഞാന്‍ മീരയെ അദ്ദേഹത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു,’ ബ്ലെസി പറയുന്നു.
Content Highlight: Director Blessy about Meera jasmin