തമിഴ് സിനിമയുടെ ഇതിഹാസ സംവിധായകൻ ഭാരതിരാജ അന്തരിച്ചു
India
തമിഴ് സിനിമയുടെ ഇതിഹാസ സംവിധായകൻ ഭാരതിരാജ അന്തരിച്ചു
നന്ദന എം.സി
Wednesday, 10th June 2026, 8:29 am

പ്രശസ്‌ത തമിഴ് സംവിധായകൻ ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
തമിഴ് സിനിമയിൽ പുതിയൊരു ദൃശ്യഭാഷയ്ക്ക് തുടക്കം കുറിച്ച സംവിധായകരിൽ പ്രമുഖനായിരുന്നു ഭാരതിരാജ.

ഗ്രാമങ്ങളുടെ മണ്ണിന്റെ മണവും സാധാരണ മനുഷ്യരുടെ ജീവിതകഥകളും വെള്ളിത്തിരയിലെത്തിച്ച അദ്ദേഹം തമിഴ് സിനിമയെ സ്റ്റുഡിയോയുടെ ചുവരുകൾക്കപ്പുറത്തേക്ക് കൊണ്ടുപോയ സംവിധായകനായാണ് വിലയിരുത്തപ്പെടുന്നത്.

1977-ൽ പുറത്തിറങ്ങിയ 16 വയതിനിലേ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനെന്ന നിലയിൽ ശ്രദ്ധ നേടിയത്. തുടർന്ന് നിരവധി ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കി തമിഴ് സിനിമയിലെ ഏറ്റവും സ്വാധീനമുള്ള സംവിധായകരിലൊരാളായി മാറി.

ഭാരതിരാജ, Photo: X.com

സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ, കിഴക്കു ചീമയിലെ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ കരിയറിലെ നാഴികക്കല്ലുകളായി മാറി. പ്രണയവും കുടുംബബന്ധങ്ങളും ഗ്രാമീണ ജീവിതത്തിന്റെ യാഥാർഥ്യങ്ങളും അതീവ ഹൃദയസ്പർശിയായി അവതരിപ്പിച്ച ഈ ചിത്രങ്ങൾ ഇന്നും പ്രേക്ഷകർ ഓർക്കുന്നവയാണ്.

സംവിധായകൻ മാത്രമല്ല, നിർമാതാവും തിരക്കഥാകൃത്തും നടനുമായി സിനിമയുടെ വിവിധ മേഖലകളിൽ തിളങ്ങിയ വ്യക്തിത്വമായിരുന്നു ഭാരതിരാജ. 2004-ൽ അദ്ദേഹത്തിന്റെ സിനിമാ സംഭാവനകൾ പരിഗണിച്ച് രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. 2013-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയ സമിതിയുടെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2020-ൽ പുറത്തിറങ്ങിയ മീണ്ടും ഒരു മര്യാദൈ ആയിരുന്നു അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം. അതിനുശേഷവും അഭിനയരംഗത്ത് സജീവമായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ തുടരും എന്ന ചിത്രത്തിൽ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിൽ അദ്ദേഹം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു.

ഭാര്യ ചന്ദ്രലീലാവതിയും മകൾ ജനനി രാജ്കുമാറുമാണ് കുടുംബാംഗങ്ങൾ. മകനും നടനും സംവിധായകനുമായ മനോജ് ഭാരതിരാജ കഴിഞ്ഞ വർഷം മാർച്ചിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചിരുന്നു. മകന്റെ വിയോഗം ഭാരതിരാജയെ മാനസികമായി ഏറെ തളർത്തിയിരുന്നു.

Content Highlight: Director Bharathiraja passes away

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.