മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ സിനിമകളിലൊന്നായ ട്രാഫിക്കിന്റെ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ പിറന്ന പുതിയ ചിത്രം ബേബി ഗേള്‍ ഇന്ന് തിയേറ്ററുകളിലെത്തിയിരുന്നു. നിവിന്‍ പോളിയെ നായകനാക്കി അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി ചെയ്യാനിരുന്ന ചിത്രം പിന്നീട് നിവിന്‍ പോളിയിലേക്കെത്തുകയായിരുന്നു. താരം സിനിമയില്‍ നിന്ന് പിന്മാറിയതിനെക്കുറിച്ചും നിവിന്‍ പോളി ചിത്രത്തിലേക്കെത്താനുണ്ടായ സാഹചര്യത്തെക്കുറിച്ചും അരുണ്‍ വര്‍മ്മ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
‘ചാക്കോച്ചനെ വെച്ചായിരുന്നു ആദ്യം സിനിമ അനൗണ്‍സ് ചെയ്തിരുന്നത്. പക്ഷേ അദ്ദേഹത്തിന് അതിന് മുമ്പ് ഉണ്ടായിരുന്ന കമ്മിറ്റ്‌മെന്റ്‌സില്‍ നിന്നും ഒരിക്കലും മാറാന്‍ പറ്റില്ലായിരുന്നു. മറ്റൊരു ആക്ടര്‍ കൂടി ഇന്‍വോള്‍വ് ആയ വിഷയമായിരുന്നു. അതുകൊണ്ട് പുള്ളിയോട് കോംപ്രമൈസ് ചെയ്യാന്‍ പറയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.
ടെക്‌നിക്കലി ഡ്രോപ്പ് ആവേണ്ടിയിരുന്ന പ്രൊജക്ടായിരുന്നു ബേബി ഗേള്‍. പക്ഷേ ലാസ്റ്റ് മിനുട്ടില്‍ അദ്ദേഹം കഥ കേള്‍ക്കാനുള്ള മഹാമനസ്‌കത കാണിച്ചു. എല്ലാവര്‍ക്കും തുല്ല്യ പ്രാധാന്യമുള്ള കഥ പോയി പറഞ്ഞാല്‍ വലിയ താരങ്ങളൊന്നും ഓക്കെ പറയില്ല. അങ്ങനെയൊരു ചിത്രം അദ്ദേഹത്തിന് ചെയ്യേണ്ട കാര്യമില്ല. നിവിന്‍ പോളി ഈസ് ഓള്‍വേയ്‌സ് നിവിന്‍ പോളി, അദ്ദേഹത്തിന് ഫാന്‍ ബേസ് വളരെ സ്‌ട്രോങ്ങാണ്,’ അരുണ്‍ പറയുന്നു.
Photo: Book My show
ഒരു അച്ഛനെന്ന നിലയില്‍ തനിക്ക് ഈ റോള്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞതായും ഒരു സീനിയര്‍ താരമെന്ന നിലയില്‍ വലിയ കോണ്‍ഫിഡന്‍സാണ് നിവിന്‍ കാണിച്ചതെന്നും സംവിധായകന്‍ പറഞ്ഞു. ബോബി -സഞ്ജയ് തിരക്കഥകള്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്ല്യ പ്രാധാന്യമാണ് നല്‍കുകയെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.