| Tuesday, 6th May 2025, 12:48 pm

ഇഷ്‌ക് ആദ്യം ചെയ്യാനിരുന്നത് ആ നടന്‍ ആയിരുന്നു: അനുരാജ് മനോഹര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇഷ്‌ക് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അനുരാജ് മനോഹര്‍. പ്രമാണി, ദി ത്രില്ലര്‍, ഗ്രാന്‍ഡ്മാസ്റ്റര്‍,പുള്ളിക്കാരന്‍ സ്റ്റാറാ, കുട്ടനാടന്‍ മാര്‍പ്പാപ്പ എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായി കരിയര്‍ ആരംഭിച്ച അനുരാജിന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു ഇഷ്‌ക്. ഷെയ്ന്‍ നിഗം, ആന്‍ ഷീതള്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തി 2019 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇഷ്‌ക്.

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അനുരാജിന്റെ അടുത്ത ചിത്രമാണ് നരിവേട്ട. ടൊവിനോയാണ് സിനിമയില്‍ നായകനായി എത്തുന്നത്. ഇപ്പോള്‍ ടൊവിനോയെ കുറിച്ച് സംസാരിക്കുകയാണ് അനുരാജ് മനോഹര്‍.

ഇഷ്‌ക് ആദ്യം ചെയ്യാനിരുന്നത് ടൊവിനോ ആയിരുന്നുവെന്നും ആ സിനിമയ്ക്ക് ശേഷം താന്‍ ടൊവിനോയെ സമീപിക്കുന്നത് നരിവേട്ട എന്ന സിനിമയുടെ കഥ പറയാനാണെന്നും അനുരാജ് പറയുന്നു. താനും ടൊവിയും സുഹൃത്തുക്കളാണെന്നും സിനിമയ്ക്ക് പുറമെയുള്ള വിഷയങ്ങളെ പറ്റിയും തങ്ങള്‍ സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇഷ്‌കിന് ശേഷം താന്‍ ചെയ്യുന്ന സിനിമയാണ് നരിവേട്ടയെന്നും അതുകൊണ്ട് തന്നെ താനും ടൊവിയും ഉള്‍പ്പെടെ എല്ലാവര്‍ക്കും നല്ല രീതിയില്‍ ഈ സിനിമ ഗുണം ചെയ്യണമെന്നും അനുരാജ് കൂട്ടിച്ചേര്‍ത്തു. ഫിലിമി ബീറ്റ് മലയാളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇഷ്‌ക് ചെയ്യാനിരുന്നത് ടൊവിനോ ആയിരുന്നു. എല്ലാം ദിവസവും അല്ലെങ്കില്‍ പോലും നമ്മള്‍ സംസാരിക്കുന്ന ആളുകളാണ് ഞങ്ങള്‍. സിനിമ മാത്രമല്ലാതെ മറ്റ് വിഷയങ്ങളെ കുറിച്ചും ഞങ്ങള്‍ സംസാരിക്കാറുണ്ട്. സുഹൃത്തുക്കളാണ് നമ്മള്‍. ഇഷ്‌കിന് ശേഷം ഞാന്‍ ടോവിനോയെ സമീപിക്കുന്നത് നരിവേട്ടയുടെ കഥയുമായിട്ടാണ്. നാലോ അഞ്ചോ വര്‍ഷത്തിന് ശേഷം ഞാന്‍ പറയാന്‍ പോകുന്ന കഥ ഇതാണ്.

അപ്പോള്‍ എനിക്ക് ടൊവി എന്നുള്ള സുഹൃത്തിനെ, ടൊവി എന്ന ആക്ടറിനെ എങ്ങനെ നന്നാക്കി പ്രസന്റ് ചെയ്യാന്‍ പറ്റും എന്നാണ് ഞാന്‍ ചിന്തിച്ചത്. കാരണം ഞാനും ഇത്രയും കാലം കഴിഞ്ഞിട്ടാണ് ഒരു സിനിമ ചെയ്യുന്നത്. അതുകൊണ്ട് എനിക്കും അത് ഗുണം ചെയ്യണം, സിനിമയ്ക്കും അത് ഗുണം ചെയ്യണം, ടൊവിക്കും മൊത്തത്തില്‍ പ്രൊഡക്ഷന്‍ കമ്പനിക്കും അത് ഗുണം ചെയ്യണം എന്ന തരത്തിലുള്ള കഥയും കൊണ്ടാണ് നമ്മള്‍ അവിടെ പോകുന്നത്. കഥ പറഞ്ഞപ്പോള്‍ തന്നെ ടൊവി യെസ് പറഞ്ഞു,’ അനുരാജ് മനോഹര്‍ പറയുന്നു.

Content Highlight: Director Anuraj manohar about Tovino and upcoming film Narivetta

We use cookies to give you the best possible experience. Learn more