ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ജന നായകന്‍. വിജയ്‌യെ നായകനാക്കി എച്ച്. വിനോദ് ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചതുമുതല്‍ ജന നായകന്‍ തെലുങ്ക് ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്കാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
പുറത്തുവന്ന പാട്ടുകള്‍, ടീസര്‍, ട്രെയ്‌ലര്‍ എന്നിവയെല്ലാം ഈ റൂമറുകള്‍ ശരിവെക്കുന്നതായിരുന്നു. ബാലകൃഷ്ണയെ നായകനാക്കി അനില്‍ രവിപുടി സംവിധാനം ചെയ്ത ഭഗവന്ത് കേസരി വന്‍ വിജയമായതിനോടൊപ്പം മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ജന നായകന്‍ റീമേക്കാണോ എന്നതില്‍ വ്യക്തത വരുത്തുകയാണ് ഭഗവന്ത് കേസരിയുടെ സംവിധായകന്‍ അനില്‍ രവിപുടി.
‘ജന നായകന്റെ പ്രൊഡ്യൂസേഴ്‌സ് ഭഗവന്ത് കേസരി റീമേക്ക് ചെയ്യാന്‍ ഞങ്ങളെ സമീപിച്ചിരുന്നു. വിജയ് സാറിന് ആ സിനിമ നന്നായി ഇഷ്ടപ്പെട്ടു. അവര്‍ക്ക് റീമേക്കിന്റെ റൈറ്റ്‌സും കൊടുത്തു. എന്നാല്‍ അവര്‍ ഭഗവന്ത് കേസരി സീന്‍ ബൈ സീന്‍ റീമേക്ക് ചെയ്തിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഭഗവന്ത് കേസരിയുടെ കോര്‍ തീം മാത്രമേ അവര്‍ ഏറ്റെടുത്തുള്ളൂ.
ബാക്കി സീനുകളില്‍, പ്രത്യേകിച്ച് വില്ലന്റെ കാര്യത്തിലും അയാളുടെ മോട്ടീവുമെല്ലാം മാറ്റിയിട്ടുണ്ടെന്ന് തോന്നുന്നു. പിന്നെ, റോബോട്ട്, സയന്‍സ് ഫിക്ഷന്‍ എലമെന്റുകളും അവര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എല്ലാവരെയും പോലെ ഞാനും ജന നായകന്‍ കാണാന്‍ വെയ്റ്റിങ്ങാണ്. തമിഴ് പ്രേക്ഷകര്‍ക്ക് ഇതൊരു ഫ്രഷ് സബ്ജക്ടാകുമെന്ന് കരുതുന്നു,’ അനില്‍ രവിപുടി പറയുന്നു.
ബാലകൃഷ്ണ അവതരിപ്പിച്ച ഭഗവന്ത് കേസരി എന്ന കഥാപാത്രം തമിഴില്‍ അവതരിപ്പിക്കുന്നത് വിജയ്‌യാണ്. ദളപതി വെട്രി കൊണ്ടാന്‍ എന്നാണ് വിജയ്‌യുടെ പേര്. ശ്രീലീല അവതരിപ്പിച്ച കഥാപാത്രം തമിഴില്‍ മമിത ബൈജുവും അവതരിപ്പിക്കുന്നു. കാജല്‍ അഗര്‍വാളിന്റെ കഥാപാത്രം പൂജ ഹെഗ്‌ഡേയും അര്‍ജുന്‍ രാംപാലിന്റെ വേഷം ബോബി ഡിയോളുമാണ് തമിഴില്‍ അവതരിപ്പിക്കുന്നത്.
450 കോടി ബജറ്റിലൊരുങ്ങുന്ന ജന നായകന്റെ റിലീസുമായി ബന്ധപ്പെട്ട കേസ് അനിശ്ചിതമായി നീളുകയാണ്. നിര്‍മാതാക്കള്‍ കേസുമായി സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ്. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള വിജയ് ചിത്രം ആഘോഷിക്കാനുള്ള ആരാധകരുടെ പ്ലാനിനാണ് സെന്‍സര്‍ ബോര്‍ഡ് തടയിട്ടിരിക്കുന്നത്.
“#JanaNayagan team has remade basic soul of #BhagavanthKesari like opening 20 mins, interval & some portions in second half. They have completely changed Villain track & included Robot sci-fi element. For Tamil audience it’s fresh subject”
– #AnilRavipudipic.twitter.com/RGyxq28tdh