അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’ കണ്ടതിന് പിന്നാലെ മമ്മൂട്ടി നടത്തിയ ഒരു ഫോൺകോളിലെ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആ വിളി പോയത് അഖിലിന്റെ അച്ഛനും മലയാള സിനിമയുടെ പ്രിയ സംവിധായകനുമായ സത്യൻ അന്തിക്കാടിനെ തേടിയായിരുന്നു.
മകൻ ചെയ്ത സിനിമയെക്കുറിച്ച് ‘നന്നായിരുന്നു’ എന്ന പതിവ് അഭിപ്രായത്തിന് പകരം, തന്റേതായ പോയറ്റിക്കൽ ഭാഷയിലാണ് മമ്മൂട്ടി പ്രതികരിച്ചതെന്ന് അഖിൽ സത്യൻ പറയുന്നു. ക്യൂ സ്റ്റുഡിയോക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സർവ്വം മായ കണ്ടതിന് ശേഷം മമ്മൂക്ക അച്ഛനെ വിളിച്ച് പറഞ്ഞു ‘അവന്റെ സിനിമ ഞാൻ ഒരു മുള്ള് പോലും കളയാതെ കഴിച്ചു’ ഒരു സിനിമയെ ഇങ്ങനെ പോയറ്റിക്കലായി, രുചിയുടെ ഭാഷയിൽ വിലയിരുത്താൻ മമ്മൂക്കയ്ക്കല്ലാതെ മറ്റാർക്ക് കഴിയും?,’ അഖിൽ സത്യൻ പറഞ്ഞു.
മമ്മൂട്ടി, Photo: IMDb
ഒരു സിനിമ കണ്ടു ഇഷ്ടപ്പെട്ടു എന്നതിന് പകരം ‘ഒരു മുള്ള് പോലും കളയാതെ കഴിച്ചു’ എന്ന് പറയുമ്പോൾ, ആ സിനിമയിലെ ഓരോ ഭാഗവും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടതും, ഒരു കുറ്റവും പറയാനില്ലാത്തതുമായ അനുഭവമാണ് ഉണ്ടായതെന്നുമാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്.
ഇതോടൊപ്പം അഖിൽ സംവിധായകൻ ഹരിഹരൻ മുൻപ് തന്നെ കുറിച്ച് പറഞ്ഞ വാക്കുകളും ഓർമിപ്പിച്ചു. ‘അഖിൽ വഴി തെറ്റിപ്പോയ മലയാള സിനിമയെ വീണ്ടും വീട്ടിലേക്ക് കൈപിടിച്ചു കൊണ്ടുവന്നു’ എന്ന അദ്ദേഹത്തിന്റെ അഭിപ്രായം പോലെത്തന്നെയാണ് മമ്മൂക്കയും പോയറ്റിക്കലി അഭിപ്രായം പറഞ്ഞത്. ഇവരെല്ലാം വാക്കുകളെ എങ്ങനെ ഇതുപോലെ പോയറ്റിക്കലി ഉപയോഗിക്കുന്നുവെന്നും ആശ്ചര്യത്തോടെ അഖിൽ ചോദിക്കുകയും ചെയ്തു.
മമ്മൂട്ടി നല്ല രസത്തോടെ സംസാരിക്കുന്ന വ്യക്തിയാണെന്നും, സംഭാഷണമാകട്ടെ പ്രസംഗമാകട്ടെ വാക്കുകൾ അതീവ കൃത്യമായി ഉപയോഗിക്കുന്ന ആളാണെന്നും അഖിൽ കൂട്ടിച്ചേർത്തു.
ക്രിസ്മസ് റീലീസായെത്തിയ സർവ്വം മായയാണ് അഖിൽ സംവിധാനം ചെയ്ത അവസാനമിറങ്ങിയ ചിത്രം. നിവിൻ പോളി നായകാനായെത്തിയ സിനിമയിൽ അജു വർഗീസ്, റിയ ഷിബു, ജനാർദ്ദനൻ, പ്രീതി മുകുന്ദൻ, അൽത്താഫ് സലിം, എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.
Content Highlight: Director Akhil Sathyan recalls Mammootty’s words about the movie Sarvam Maya
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.