അങ്ങേയറ്റം രോമാഞ്ചം നല്‍കുന്ന പടമല്ലേ, കുറച്ച് പ്രൊപ്പഗണ്ട ചേര്‍ത്താല്‍ ആര്‍ക്കും മനസിലാകില്ല, ധുരന്ധറില്‍ കേന്ദ്ര സര്‍ക്കാരിനെ സുഖിപ്പിച്ച ഡയറക്ടര്‍ ബ്രില്യന്‍സ്
Indian Cinema
അങ്ങേയറ്റം രോമാഞ്ചം നല്‍കുന്ന പടമല്ലേ, കുറച്ച് പ്രൊപ്പഗണ്ട ചേര്‍ത്താല്‍ ആര്‍ക്കും മനസിലാകില്ല, ധുരന്ധറില്‍ കേന്ദ്ര സര്‍ക്കാരിനെ സുഖിപ്പിച്ച ഡയറക്ടര്‍ ബ്രില്യന്‍സ്
അമര്‍നാഥ് എം.
Wednesday, 10th December 2025, 12:35 pm

തിയേറ്ററുകളില്‍ വന്‍ മുന്നേറ്റം നടത്തുകയാണ് ബോളിവുഡ് ചിത്രം ധുരന്ധര്‍. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 175 കോടിയോളം സ്വന്തമാക്കി. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആദിത്യ ധര്‍ ഈ ചിത്രം ഒരുക്കിയത്. കാണ്ഡഹാര്‍ വിമാന റാഞ്ചല്‍, പാര്‍ലമെന്റ് ഭീകരാക്രമണം, മുംബൈ ഭീകരാക്രണം തുടങ്ങി ഇന്ത്യയെ നടുക്കിയ സംഭവങ്ങളെല്ലാം ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

പാകിസ്ഥാന്‍ ഭീകരര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്ന പകിസ്ഥാനിലെ അധോലോകത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇന്ത്യ അയക്കുന്ന ചാരന്റെ കഥയാണ് ചിത്രം പറയുന്നത്. മൂന്നര മണിക്കൂറിലേറെ ദൈര്‍ഘ്യമുണ്ടായിട്ടും ഒരിടത്തും മടുപ്പുണ്ടാക്കാതെയാണ് സംവിധായകന്‍ ചിത്രം ഒരുക്കിയത്. കണ്ടുശീലിച്ച സ്‌പൈ ത്രില്ലറുകളില്‍ നിന്ന് വ്യത്യസ്തമായ ദൃശ്യാനുഭവമാണ് ധുരന്ധര്‍ സമ്മാനിച്ചത്.

പാകിസ്ഥാനില്‍ താമസിച്ച് തന്റെ ഐഡന്റിറ്റി പുറത്തുവിടാതെ ചാരവൃത്തി ചെയ്യുന്ന നായകന്റെ ഹീറോയിസവും അയാളുടെ വിജയവുമെല്ലാം പ്രേക്ഷകര്‍ക്ക് രോമാഞ്ചം സമ്മാനിക്കുന്നുണ്ട്. എന്നാല്‍ സംവിധായകന്‍ ആദിത്യ ധര്‍ ധുരന്ധറില്‍ ഒളിപ്പിച്ചുവെച്ച ചെറിയൊരു പ്രൊപ്പഗണ്ട കണ്ടില്ലെന്ന് നടിക്കാനാകില്ല.

മാധവന്‍ അവതരിപ്പിച്ച അജയ് സാന്യല്‍ എന്ന കഥാപാത്രത്തിന്റെ ഡയലോഗാണ് ആകെ കല്ലുകടിയായി തോന്നിയത്. ഐ.ബി ചീഫായ അജയ് സാന്യാല്‍ ഇന്ത്യയിലേക്ക് പാകിസ്ഥാനില്‍ നിന്ന് കള്ളനോട്ടെത്തുന്നുവെന്ന് അറിയുന്ന രംഗത്തില്‍ കീഴുദ്യോഗസ്ഥനുമായി സംസാരിക്കുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തന്നെ താറുമാറാക്കുന്ന വിപത്താണ് ഈ കള്ളനോട്ടെന്ന് അജയ് പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്യാനാകാത്തത് ഗതികേടാണെന്ന് കീഴുദ്യോഗസ്ഥന്‍ പറയുമ്പോള്‍ ‘ഭാവിയില്‍ എപ്പോഴെങ്കിലും ഇന്ത്യ മുന്നേറണമെന്ന് ആഗ്രഹിക്കുന്ന ഒരു ഗവണ്മെന്റ് വരും. അവരിലൂടെ ഈ രാജ്യം ശുദ്ധിയാകും’ എന്നാണ് അജയ് സാന്യാല്‍ പറയുന്നത്. 2002- 2009 കാലഘട്ടത്തില്‍ നടക്കുന്ന കഥയായതിനാല്‍ അണിയറപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തിയത് കോണ്‍ഗ്രസ് സര്‍ക്കാരിനെയാണ്. ഭാവിയിലെ നല്ല ഗവണ്മെന്റ് എന്ന് ഉദ്ദേശിച്ചത് ഇപ്പോഴുള്ള ബി.ജെ.പി ഗവണ്മെന്റിനെയുമാണെന്ന് സംശയമില്ലാതെ പറയാം.

ഇത്രയും നല്ലൊരു സ്‌പൈ ത്രില്ലറില്‍ ഇങ്ങനെയൊരു ഡയലോഗ് കേള്‍ക്കേണ്ടി വന്നപ്പോള്‍ സംവിധായകന്റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കാന്‍ തോന്നി. ആദ്യചിത്രമായ ഉറിയിലൂടെ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയ ആദിത്യ ധര്‍ വീണ്ടുമൊരു അവാര്‍ഡ് ഒപ്പിച്ചെടുക്കാനുള്ള പരിപാടിയാണെന്ന് തോന്നിയാല്‍ തെറ്റ് പറയാനാകില്ല. ഈയൊരു ഡയലോഗ് മാറ്റിനിര്‍ത്തിയാല്‍ അതിഗംഭീര സിനിമാനുഭവം തന്നെയാണ് ധുരന്ധര്‍.

നായകനായ രണ്‍വീര്‍ ആദ്യാവസാനം ചിത്രത്തില്‍ നിറഞ്ഞുനിന്നെങ്കിലും കൈയടി നേടിയത് വില്ലനായെത്തിയ അക്ഷയ് ഖന്നയാണ്. നായകന്റെയത്ര വലുപ്പമോ ബലമോ ഇല്ലാതിരുന്നിട്ടും കഥാപാത്രത്തിന്റെ ടെറര്‍ ഫീല്‍ അക്ഷയില്‍ ഭദ്രമായിരുന്നു. മറ്റ് കഥാപാത്രങ്ങളായെത്തിയ സഞ്ജയ് ദത്ത്, അര്‍ജുന്‍ രാംപാല്‍, രാകേഷ് ബേദി തുടങ്ങിയവരും അവരവരുടെ ഭാഗം ഗംഭീരമാക്കി.

രണ്ടാം ഭാഗത്തിന് സൂചന നല്കിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. ധുരന്ധര്‍: ദി റിവഞ്ച് എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2026 മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും.

Content Highlight: Director Adithya Dhar’s hidden propaganda in Dhurandhar movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം