മഹേഷിന്റെ പ്രതികാരം എന്ന ആദ്യ ചിത്രത്തോടെ തന്നെ മലയാള സിനിമയിലെ മുന്‍നിര സംവിധായകരുടെ നിരയിലേക്ക് എത്തിയ വ്യക്തിയാണ് ദിലീഷ് പോത്തന്‍.
സംവിധാനം ചെയ്ത മൂന്ന് സിനിമകളും ഹിറ്റ് ചാര്‍ട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞ സംവിധായകന്‍ കൂടിയാണ് അദ്ദേഹം.
റിയലിസ്റ്റിക് അപ്രോച്ചോടെ എത്തിയ മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്‌സാക്ഷിയും ജോജിയുമെല്ലാം ഇന്നും പ്രേക്ഷകരുടെ പേഴ്‌സണല്‍ ഫേവറൈറ്റുകളായി തുടരുന്നതിന് പിന്നില്‍ പോത്തേട്ടന്‍ ബ്രില്യന്‍സ് ആണെന്നതിലും സംശയമില്ല.
പോത്തേട്ടന്‍ ബ്രില്യന്‍സ് എന്ന പ്രയോഗത്തെ കുറിച്ചും തുടക്കത്തിലൊക്കെ അത് തന്നെ എങ്ങനെയായിരുന്നു ബാധിച്ചത് എന്നതിനെ കുറിച്ചുമൊക്കെ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കേരളയോട് സംസാരിക്കുകയാണ് ദിലീഷ് പോത്തന്‍.
തുടക്കകാലത്ത് അതൊരു ഇന്‍സള്‍ട്ട് ആയാണ് തനിക്ക് തോന്നിയെന്നും എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് ആ സമയത്ത് മനസിലായിരുന്നില്ലെന്നും ദിലീഷ് പോത്തന്‍ പറയുന്നു.
ചിലര്‍ എനിക്ക് തന്ന പേരാണ് അത്. അതിനെ പലരും പല അര്‍ത്ഥത്തിലാണ് മനസിലാക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. മഹേഷിന്റെ പ്രതികാരം റിലീസായ ശേഷമാണ് അങ്ങനെയൊരു വാക്ക് അവിടെവിടെയായി കേല്‍ക്കാന്‍ തുടങ്ങിയത്.
പിന്നെ ഹാഷ് ടാഗായി വന്നു. ആദ്യ സമയത്ത് അതൊരു ഇന്‍സള്‍ട്ട് ആയിട്ടാണ് പേഴ്‌സണലി ഫീല്‍ ചെയ്തത്. എന്നെ കളിയാക്കുന്നതായിട്ടാണ് തോന്നിയത്.
നമ്മളെ ഒരാള്‍ ഇരുത്തിയിട്ട് നമ്മളെ കുറിച്ച് നല്ലതുപറയുമ്പോള്‍ നമുക്കുണ്ടാവുന്ന ഒരു ചളിപ്പുണ്ടാവുമല്ലോ. അങ്ങനെയാണ് ആ സമയത്ത് തോന്നിയിട്ടുണ്ടായിരുന്നത്.
പതുക്കെ പതുക്കെ അതുമായി പൊരുത്തപ്പെടുകായാണ് ഉണ്ടായത്. എന്താണ് അതുകൊണ്ട് പലരും ഉദ്ദേശിക്കുന്നത് എന്നതില്‍ വ്യക്തതയില്ല. ഒരു ഡെഫനിഷന്‍ ഇല്ലെന്ന് പറയാം.
ചിലര്‍ സിനിമയിലെ ഡീറ്റെയിലിങ്ങിനെ ഉദ്ദേശിച്ചാണ് പറയുന്നതെന്ന് പറയുന്നു. ചിലര്‍ കഥാപാത്രങ്ങളുടെ കാര്യം പറയുന്നു. പലരും പല രീതിയിലാണ് മനസിലാക്കിയത്. അതിന്റെ ഡെഫിനിഷന്‍ ഇപ്പോഴും കൃത്യമായി എനിക്ക് അറിയില്ല,’ ദീലീഷ് പോത്തന്‍ പറയുന്നു.
ഷാഹി കബീര്‍ സംവിധാനം ചെയ്ത റോന്താണ് ദിലീഷ് പോത്തന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം നിലവില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
Content Highlight: Director Actor Dileesh pothan about Pothettan Brillaince