വിനീത് ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ തന്റെ അരങ്ങേറ്റ ചിത്രമായ മുകുന്ദനുണ്ണി അസോസിയേറ്റ്സിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ തന്റെ പേര് എഴുതിച്ചേര്‍ത്ത സംവിധായകനാണ് അഭിനവ് സുന്ദര്‍ നായക്. ഡാര്‍ക്ക് കോമഡി ഴോണറിലൊരുക്കിയ ചിത്രം അതിന്റെ കഥ പറച്ചില്‍ രീതി കൊണ്ട് തന്നെ വലിയ രീതിയില്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.
ഡാര്‍ക്ക് കോമഡി ഴോണറിലൊരുക്കിയ ചിത്രത്തില്‍ ഒരു വില്ലനെ എങ്ങനെ നായകനാക്കി ചിത്രീകരിക്കാം എന്നത് വ്യക്തമായി സംവിധായകന്‍ തെളിയിച്ചിരുന്നു. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് അടങ്ങുന്ന ട്രിലോജിയിലെ രണ്ടാമത്തെ ചിത്രമായ മോളിവുഡ് ടൈംസ് നസ്‌ലെനെ നായകനാക്കി കൊണ്ട് ജൂണ്‍ ആദ്യവാരം പുറത്തിറങ്ങാനിരിക്കുകയാണ്.
ഇപ്പോഴിതാ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് ഹോളിവുഡ് ചിത്രമായ നൈറ്റ്‌ക്രോളറിന്റെ കോപ്പിയാണെന്ന ആരോപണത്തെ കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകന്‍. ഫുള്ളി ഫിലിമി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇത്തരത്തിലുള്ള ആരോപണങ്ങള്‍ എന്നെ തീര്‍ച്ചയായും ബാധിക്കാറുണ്ട്. കാരണം അത് കോപ്പിയല്ല എന്നതാണ് സത്യം. അത്രത്തോളം കഷ്ടപ്പെട്ടാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്. തിരക്കഥയെഴുതുമ്പോള്‍ കോ റൈറ്ററായ വിമലും ഞാനും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. മറ്റൊരു എഴുത്തുകാരന് മാത്രമേ ഞങ്ങള്‍ക്കുണ്ടായ പ്രയാസം മനസിലാകുകയുള്ളൂ.
നൈറ്റ്‌ക്രോളറിന്റെ ട്രേസസ് മുകുന്ദനുണ്ണിയില്‍ ഉണ്ടെന്ന് നിങ്ങള്‍ക്ക് പറയാം. മുകുന്ദനുണ്ണിയുടെ റിലീസിന് മുമ്പ് തന്നെ ഇത്തരത്തില്‍ നൈറ്റ്‌ക്രോളറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയതെന്ന് ഞാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പക്ഷേ ചിത്രത്തെ ഒരു കോപ്പി എന്ന് വിളിക്കുന്നത് എന്നെ സംബന്ധിച്ച് ഹാര്‍ട്ട് ബ്രേക്കിങ്ങാണ്. ആദ്യം കേട്ടപ്പോള്‍ ഒരു മനഃപ്രയാസമുണ്ടായിരുന്നു. ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ ഞാന്‍ ആക്‌സെപ്റ്റ് ചെയ്യാന്‍ തുടങ്ങി.
ആളുകള്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നതില്‍ കുഴപ്പമില്ലെന്നും അവരുടെ ജഡ്ജ്‌മെന്റില്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും ഞാന്‍ മനസിലാക്കി. ഈ ലോകം എപ്പോഴും നമ്മളെ തുണക്കില്ല എന്ന് മനസിലാക്കാന്‍ അല്പം സമയമെടുത്തു,’ അഭിനവ് പറഞ്ഞു.
2014ല്‍ ഡാന്‍ ഗിലോറി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു നൈറ്റ്‌ക്രോളര്‍. അര്‍ദ്ധരാത്രിക്കുശേഷം ലോസ് ആഞ്ചലസില്‍ നടക്കുന്ന അക്രമങ്ങളും അപകടങ്ങളും ഷൂട്ട് ചെയ്ത് ലോക്കല്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് നല്‍കി പണം സമ്പാദിക്കുന്ന ലൂയിസ് ബ്ലൂം എന്ന ചെറുപ്പക്കാരനെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരുന്നത്. ജേക്ക് ജില്ലന്‍ഹാള്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ റെനെ റൂസോ, റിസ് അഹമദ്, ബില്‍ പാക്‌സ്ടണ്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.
Content Highlight: Director Abhinav sundhar Nayak talks about the connection between Mukundanunni associates and Hollywood movie Nightcrawler
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.