നസ്‌ലെന് വേണ്ടിയാണ് ഞാന്‍ എഴുതിയത്, അവന്‍ ഓക്കെ പറഞ്ഞില്ലായിരുന്നെങ്കില്‍ മോളിവുഡ് ടൈംസ് ചെയ്യില്ലായിരുന്നു: അഭിനവ് സുന്ദര്‍ നായക്
Malayalam Cinema
നസ്‌ലെന് വേണ്ടിയാണ് ഞാന്‍ എഴുതിയത്, അവന്‍ ഓക്കെ പറഞ്ഞില്ലായിരുന്നെങ്കില്‍ മോളിവുഡ് ടൈംസ് ചെയ്യില്ലായിരുന്നു: അഭിനവ് സുന്ദര്‍ നായക്
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 16th May 2026, 11:52 pm

വിനീത് ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ തന്റെ അരങ്ങേറ്റ ചിത്രമായ മുകുന്ദനുണ്ണി അസോസിയേറ്റ്‌സിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ തന്റെ പേര് എഴുതിച്ചേര്‍ത്ത സംവിധായകനാണ് അഭിനവ് സുന്ദര്‍ നായക്. ഡാര്‍ക്ക് കോമഡി ഴോണറിലൊരുക്കിയ ചിത്രം അതിന്റെ കഥ പറച്ചില്‍ രീതി കൊണ്ട് തന്ന വലിയ രീതിയില്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.

സംവിധായകന്റെതായി വമ്പന്‍ ഹൈപ്പില്‍ വരാനിരിക്കുന്ന ചിത്രമാണ് നസ്‌ലെനെ നായകനാക്കി ഒരുക്കുന്ന മോളിവുഡ് ടൈംസ്. ഇതിനോടകം പുറത്തുവന്ന ചിത്രത്തിന്റെ ഗാനത്തിനും പോസറ്ററുകള്‍ക്കുമെല്ലാം മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രം നസ്‌ലെനെ കണ്ട് എഴുതിയതാണെന്നും താരം സമ്മതം മൂളിയില്ലായിരുന്നെങ്കില്‍ ചിത്രം ചെയ്യിലായിരുന്നുവെന്നും പറയുകയാണ് സംവിധായകന്‍. തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.

മോളിവുഡ് ടൈംസ്. Photo: Reddit

‘മോളിവുഡ് ടൈസിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ നസ്‌ലെനെ ഞാന്‍ വിളിച്ചു. എനിക്ക് തന്റെ ഒപ്പം ഒരു ചിത്രം ചെയ്യണമെന്നും ഒരു കഥയെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും നീ അതിന് ഓക്കെ പറയുകയുമെങ്കില്‍ മാത്രമേ ഞാന്‍ അത് എഴുതുകയുള്ളൂ എന്നും പറഞ്ഞു. തിരക്കഥ എഴുതിക്കഴിഞ്ഞ് നിനക്ക് അത് ഇഷ്ടമായിട്ടില്ലെങ്കില്‍ നീ നോ പറഞ്ഞോ പക്ഷേ നിനക്ക് വേണ്ടിയാണ് എഴുതുന്നത് നീ ഓക്കെ എന്ന് പറഞ്ഞാല്‍ മാത്രമേ എഴുതകയുള്ളൂ എന്നും ഞാന്‍ പറഞ്ഞിരുന്നു.

അങ്ങനെ നസ്‌ലെന്‍ എഴുതിക്കോളൂ എനിക്ക് നിങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമാണെന്ന് പറഞ്ഞതോടെയാണ് എഴുതി തുടങ്ങിയത്. നസ്‌ലെന്‍ ഓക്കെ പറഞ്ഞില്ലെങ്കില്‍ എഴുതില്ലായിരുന്നു. കാരണം ഈ ചിത്രം നസ്‌ലെന് വേണ്ടിയുള്ളതാണ്. എനിക്കൊരു പ്രശ്‌നമുണ്ട് എന്താണെന്ന് വെച്ചാല്‍ ഒരു അഭിനേതാവിനെ എനിക്ക് അത്രയും ഇഷ്ടപ്പെട്ടാല്‍ മാത്രമേ എനിക്ക് അവര്‍ക്കൊപ്പം ഒരു ചിത്രം ചെയ്യാന്‍ സാധിക്കുകയുള്ളൂ.

മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് . Photo: TOI

അത്തരത്തില്‍ നിവിന്‍ പോളിയെ എനിക്ക് ഒരുപാട് ഇഷ്ടമായത് കൊണ്ടാണ് അദ്ദേഹത്തിന് വേണ്ടി ഞാന്‍ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എഴുതിയത്. പക്ഷേ നിവിന്‍ നോ പറഞ്ഞതുകൊണ്ടാണ് സിനിമയിലേക്ക് വിനീതേട്ടന്‍ എത്തിയത്. ഇത്തരത്തില്‍ ഒരു അഭിനേതാവുമായി വല്ലാതെ അടുപ്പത്തിലാകുന്നത് ഒരു പ്രശ്‌നമാണെന്ന് എനിക്കറിയാം,’ അഭിനവ് പറഞ്ഞു.

Content Highlight: Director Abhinav sundhar Nayak talks about his upcoming movie with Naslen

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.