ഞങ്ങള്‍ക്ക് ആരോടും നന്ദി പറയാനില്ല എന്ന എഴുത്തോടെ 2022ല്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രനമായിരുന്നു മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്. വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ അന്നേ വരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ ഡാര്‍ക്ക് കോമഡി ക്രൈം ഴോണറിലായിരുന്നു ഒരുക്കിയിരുന്നത്. ജീവിതത്തില്‍ വിജയിക്കാനായി ആരെയും എന്തും ചെയ്യാന്‍ മടിക്കാത്ത മുകുന്ദനുണ്ണി എന്ന കഥാപാത്രത്തെ ഒരു ഞെട്ടലോടെയായിരുന്നു പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്.
ഒരു നാവാഗത സംവിധായകനായിരുന്നിട്ടും ചിത്രത്തിലൂടെ തന്റെ പേര് മലയാള സിനിമയില്‍ എഴുതിച്ചേര്‍ക്കാന്‍ അഭിനവിന് സാധിച്ചിരുന്നു. സിനിമാ പ്രേക്ഷകര്‍ക്കിടിയല്‍ ശ്രദ്ധിക്കപ്പെട്ട അഭിനവിന്റെ അടുത്തതായി വരാനിരിക്കുന്ന ചിത്രമാണ് നസ്‌ലെനെ നായകനാക്കി ഒരുക്കുന്ന മോളിവുഡ് ടൈംസ്. ജൂണ്‍ 5ന് തിയേറ്ററുകളിലെത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട അപ്‌ഡേഷനുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ഇപ്പോള്‍ സിനിമാ ലോകത്ത് നിന്നും ലഭിക്കുന്നതെന്നും കാണാന്‍ സാധിക്കും. ചിത്രത്തെക്കുറിച്ച് തമിഴ് യൂട്യൂബ് ചാനലായ എംപവര്‍ ബൈ മാതേവന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ അഭിനവ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘മുകുന്ദനുണ്ണിയുടെ സമയത്ത് തന്നെ മൂന്ന് ചിത്രങ്ങളെ കുറിച്ച് ഞാന്‍ പ്ലാന്‍ ചെയ്തിരുന്നു. സക്‌സസിനെക്കുറിച്ച് മൂന്ന് ചിത്രങ്ങള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അതില്‍ ആദ്യത്തെ ചിത്രമായിരുന്നു മുകുന്ദനുണ്ണി. രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങളെക്കുറിച്ച് ഐഡിയ ഉണ്ട്. അതില്‍ രണ്ടാമത്തെ ചിത്രമാണ് മോളിവുഡ് ടൈംസ്. വിജയത്തിന്റെ മൂന്ന് തലങ്ങള്‍ കാണിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. വിജയിക്കുന്ന മൂന്ന് പേരുടെ ജീവിതം അല്ലെങ്കില്‍ വിജയത്തിലെത്താന്‍ ശ്രമിക്കുന്ന മൂന്നുപേരുടെ ജീവിതം.
അങ്ങനെ ഒരു ട്രിയോളജി ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ആദ്യ പടം ഓള്‍റെഡി ചെയ്ത് കഴിഞ്ഞു. ചിത്രം കണ്ടതിന് ശേഷം മാത്രമേ ഇതിന്റെ ആസ്‌പെക്ട് എന്താണെന്ന് നിങ്ങള്‍ക്ക് മനസിലാകുകയുള്ളൂ. എനിക്ക് പറഞ്ഞുതരാന്‍ സാധിക്കില്ല. സക്‌സസ് ട്രിയോളജി എന്ന് പറയുമ്പോള്‍ അത് സ്വീകല്‍ എന്ന് തെറ്റിദ്ധരിക്കപ്പെട്ടരുത്. ഇതിലെ ആശയങ്ങള്‍ മാത്രമേ ഒന്നായിട്ടുള്ളൂ. അല്ലാതെ ചിത്രത്തിലെ കഥയും കഥാപാത്രങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല,’അഭിനവ് പറഞ്ഞു.
മോളിവുഡ് ടൈംസ് താനെഴുതിയത് നസ്‌ലെനെ മനസില്‍ കണ്ടിട്ടാണെന്നും നസ്‌ലെന്‍ ചിത്രത്തിന് സമ്മതം മൂളിയിട്ടാല്ലായിരുന്നെങ്കില്‍ താന്‍ ചിത്രം ചെയ്യില്ലെന്നും സംവിധായകന്‍ നേരത്തേ പറഞ്ഞിരുന്നു. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് താനെഴുതിയത് നിവിന്‍ പോളിയ്ക്ക് വേണ്ടിയായിരുന്നുവെന്നും എന്നാല്‍ താരം പിന്മാറിയതോടെ വിനീത് ശ്രീനിവാസന്‍ റോളിലേക്ക് എത്തിച്ചേരുകയായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
Content Highlight: Director Abhinav Sundhar Nayak talks about his Success trilogy including Mollywood times and Mukundhanunni associates
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.