| Tuesday, 18th March 2025, 3:46 pm

ആ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം പൃഥ്വിയോ മറ്റോ ചെയ്തിരുന്നെങ്കില്‍ സിനിമയുടെ തലവര മറ്റൊന്നാകുമെന്ന് പലരും പറഞ്ഞു: വിജു വര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണികണ്ഠന്‍ പട്ടാമ്പി തിരക്കഥ ഒരുക്കി വിജു വര്‍മ സംവിധാനം ചെയ്ത ചിത്രമാണ് ഓടും രാജാ ആടും റാണി. 2014ല്‍ പുറത്തിറങ്ങിയ ചിത്രം സജീവ് മാധവനായിരുന്നു നിര്‍മിച്ചത്. മണികണ്ഠന്‍ പട്ടാമ്പി, ടിനി ടോം, ബിജുക്കുട്ടന്‍ എന്നിവരായിരുന്നു ഈ സിനിമയില്‍ അഭിനയിച്ചത്.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവിതമായിരുന്നു ഓടും രാജാ ആടും റാണിയെന്ന സിനിമയുടെ കഥയെന്നും ഒരുപാട് അനിശ്ചിതത്വങ്ങളിലൂടെ പോയ ഒരു പടമായിരുന്നുവെന്നും പറയുകയാണ് സംവിധായകന്‍ വിജു വര്‍മ. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണികണ്ഠന്‍ പട്ടാമ്പിയുടെ കഥാപാത്രം അദ്ദേഹം തന്നെ ചെയ്യണമെന്നുണ്ടായിരുന്നുവെന്നാണ് വിജു പറയുന്നത്. എന്നാല്‍ പിന്നീട് പലരും ആ കഥാപാത്രം ചെയ്തത് അന്ന് ലീഡിങ്ങായിട്ടുള്ള പൃഥ്വിരാജോ മറ്റാരെങ്കിലോ ആയിരുന്നെങ്കില്‍ സിനിമയുടെ തലവര മറ്റൊന്നാകുമായിരുന്നുവെന്ന് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഒരുപാട് അനിശ്ചിതത്വങ്ങളിലൂടെ പോയ ഒരു പടമായിരുന്നു അത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവിതമായിരുന്നു ആ സിനിമയുടെ കഥ. അപ്പോള്‍ അവരെ കുറിച്ച് അറിയണമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ സിനിമ ചെയ്യുന്നത്. ആ സമയത്ത് അവര്‍ക്ക് ഇന്നത്തെ പോലെയുള്ള വിസിബിളിറ്റി ഉണ്ടായിരുന്നില്ല.

ഇന്ന് അവര്‍ പല ജോലിയിലും പല ഔദ്യോഗിക സ്ഥാനങ്ങളിലും ഇരിക്കുന്നുണ്ട്, അവര്‍ക്ക് അത്രയേറെ ആക്‌സെപ്റ്റന്‍സുണ്ട്. അന്ന് ഇത്തരം ഒരു സബ്‌ജെക്റ്റ് എങ്ങനെ സ്വീകരിക്കപ്പെടുമെന്ന ആശങ്ക ഉണ്ടായിരുന്നു. അതുണ്ടെങ്കില്‍ പോലും ആ സബ്‌ജെക്ടിലെ കോണ്‍ഫിഡന്‍സ് വെച്ചിട്ട് സിനിമയെടുത്തു.

പിന്നെയൊരു പ്രൊഡ്യൂസറെ അന്വേഷിക്കുക എന്ന പണിയുണ്ടായിരുന്നു. അന്ന് വിജയന്‍ പെരിങ്ങോട് എന്ന ഒരു ലീഡിങ് പ്രൊഡക്ഷന്‍ കണ്‍ട്രോളറുണ്ടായിരുന്നു. പിന്നെ ഒന്നുരണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. അവസാനം നല്ലൊരു പ്രൊഡ്യൂസര്‍ തന്നെയായിരുന്നു ഈ സിനിമയെടുക്കാന്‍ തയ്യാറായി വന്നത്.

അദ്ദേഹത്തെ കണക്ട് ചെയ്ത് തന്നത് വിജയന്‍ പെരിങ്ങോടായിരുന്നു. സജീവ് മാധവ് എന്നായിരുന്നു പ്രൊഡ്യൂസറിന്റെ പേര്. അദ്ദേഹത്തിന് കഥ ഇഷ്ടമായി. പിന്നെയാണ് കാസ്റ്റിങ്ങിനെ കുറിച്ച് ചിന്തിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡറായിട്ടുള്ള ഒരു കഥാപാത്രം ഉണ്ടായിരുന്നു. പിന്നെ അതിന്റെ ഓപ്പോസിറ്റായിട്ട് ഒരു പുരുഷ കഥാപാത്രവുമുണ്ടായിരുന്നു.

ഈ സിനിമയിലെ പുരുഷ കഥാപാത്രമെന്ന് പറയുമ്പോള്‍ എക്‌സ്ട്രീമായ രീതിയില്‍ പുരുഷന്‍ എന്ന് അഹങ്കരിക്കുന്ന ആളായിരുന്നു. അതേസമയം എന്താണ് തന്റെ ഐഡന്റിന്റിയെന്ന് കൃത്യമായി അറിയാത്ത, എവിടെയൊക്കെ ഐഡന്റിന്റി വെളിവാകുന്നോ അവിടുന്നൊക്കെ പാലായനം ചെയ്യപ്പെടുന്ന കഥാപാത്രമായിരുന്നു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം.

മണികണ്ഠനായിരുന്നു ആ കഥാപാത്രം ചെയ്തത്. അതില്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ആ റോള്‍ മണികണ്ഠന്‍ തന്നെ ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷെ പിന്നീട് പലരും പറഞ്ഞത് ഒരുപക്ഷെ ലീഡിങ്ങായിട്ടുള്ള പൃഥ്വിരാജോ മറ്റോ ആയിരുന്നെങ്കില്‍ ഈ സിനിമയുടെ തലവര മറ്റൊന്നാകുമായിരുന്നു എന്നാണ് പക്ഷെ എനിക്ക് അത് വിഷയമായിരുന്നില്ല,’ വിജു വര്‍മ പറഞ്ഞു.

Content Highlight: Directer Viju Varma Talks About Odum Raja Aadum Rani Movie

Latest Stories

We use cookies to give you the best possible experience. Learn more