| Monday, 3rd March 2025, 12:06 pm

ജൂത കമ്മ്യൂണിറ്റിയെ പറ്റി വന്ന ആദ്യ ഇന്ത്യന്‍ ചിത്രം; ആ മലയാള സിനിമക്ക് വേണ്ടി ഇസ്രഈലില്‍ നിന്ന് വിളിച്ചു: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് കമല്‍. നിരവധി മികച്ച സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 2003ല്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ രചനയില്‍ കമല്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ഗ്രാമഫോണ്‍. മീര ജാസ്മിന്‍, നവ്യ നായര്‍, ദിലീപ് എന്നിവര്‍ ഒന്നിച്ച ചിത്രമായിരുന്നു അത്.

ഗ്രാമഫോണ്‍ ഇറങ്ങി കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സിനിമയില്‍ ജൂത കമ്യൂണിറ്റിയെ കുറച്ച് കൂടെ എക്‌സ്‌പ്ലോര്‍ ചെയ്യാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് കമല്‍. ജൂത കമ്മ്യൂണിറ്റിയെ കുറിച്ച് ഇന്ത്യയില്‍ വന്നിട്ടുള്ള ആദ്യ സിനിമയായിരുന്നു ഗ്രാമഫോണ്‍ എന്നും പടം റിലീസ് ചെയ്ത് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ തന്നെ പല ഫെസ്റ്റിവലില്‍ നിന്നും വിളിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍.

‘ഗ്രാമഫോണ്‍ സിനിമയില്‍ ഞാന്‍ പ്രധാനമായും ഫോക്കസ് ചെയ്തിരുന്നത് മട്ടാഞ്ചേരിയിലെയും ഫോര്‍ട്ട് കൊച്ചിയിലെയുമൊക്കെ ജീവിതമായിരുന്നു. പിന്നെ ജൂത കമ്മ്യൂണിറ്റിയും. എന്നാല്‍ അതില്‍ ആ കമ്മ്യൂണിറ്റിയെ കുറച്ച് കൂടെ എക്‌സ്‌പ്ലോര്‍ ചെയ്യാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. സിനിമ കണ്ട് പിന്നെ കുറേകാലം കഴിഞ്ഞിട്ടാണ് അത് തോന്നിയത്.

സിനിമയില്‍ ദിലീപ് ചെയ്ത കഥാപാത്രത്തിന്റെ ജീവിതവും മുരളിയുടെ കഥാപാത്രവുമൊക്കെ ഉള്ളത് കൊണ്ട് അതില്‍ ബാലന്‍സ് ചെയ്യാന്‍ വേണ്ടി ഈ കമ്മ്യൂണിറ്റിയെ കുറിച്ച് കൂടുതല്‍ ചെയ്യാന്‍ പറ്റിയില്ല. പിന്നെ ജൂത കമ്മ്യൂണിറ്റിയോട് നമ്മുടെ പൊതുസമൂഹത്തിന് അത്ര അടുപ്പം ഉണ്ടായിരുന്നില്ല. അതിന്റെ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു.

ഗ്രാമഫോണ്‍ സിനിമ റിലീസ് ചെയ്തിട്ട് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ എന്നെ പല ഫെസ്റ്റിവലില്‍ നിന്നും വിളിച്ചിരുന്നു. ജൂത കമ്മ്യൂണിറ്റിയെ കുറിച്ച് ഇന്ത്യയില്‍ വന്നിട്ടുള്ള ആദ്യ സിനിമയാണെന്ന് പറഞ്ഞാണ് അവര്‍ വിളിച്ചത്. എനിക്ക് അന്ന് ആ കാര്യം അറിയില്ലായിരുന്നു. അതിന്റെ പ്രിന്റ് തരാമോ എന്നൊക്കെ അവര്‍ ചോദിച്ചിരുന്നു. എനിക്ക് ഏറ്റവും വലിയ നഷ്ടം അതായിരുന്നു.

പല പ്രധാന ഫെസ്റ്റിവലില്‍ നിന്നും വിളിച്ചിരുന്നു. പക്ഷെ സിനിമക്ക് ഇംഗ്ലീഷ് സബ് ടൈറ്റില്‍ ചെയ്തിരുന്നില്ല. അപ്പോഴേക്കും അതിന്റെ പ്രൊഡ്യൂസര്‍ ചെറിയ പ്രശ്‌നമായിട്ട് ഗള്‍ഫിലേക്ക് പോയിരുന്നു. എനിക്ക് അദ്ദേഹത്തെ പിന്നെ കണ്ടെത്താനായില്ല. അദ്ദേഹത്തിന്റെ റൈറ്റ്‌സില്ലാതെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. അത് വലിയ നഷ്ടമായി.

ലാറ്റിന്‍ അമേരിക്കയില്‍ നിന്നൊക്കെ ആ സിനിമ ഫെസ്റ്റിവലിലേക്ക് ചോദിച്ചിരുന്നു. ഇസ്രഈലിലെ ഒരു ഫെസ്റ്റിവലിലേക്ക് എന്നെ വിളിച്ചിട്ട് ആ സിനിമ ചോദിച്ചിരുന്നു. അവര്‍ ആരോ പറഞ്ഞ് ഗ്രാമഫോണിനെ കുറിച്ച് അറിഞ്ഞതായിരുന്നു. ഇന്ത്യയില്‍ ഇങ്ങനെയൊരു സിനിമ വന്നു എന്നതായിരുന്നു കാര്യം. അല്ലാതെ ആ സിനിമയുടെ ഫെസ്റ്റിവല്‍ ക്വാളിറ്റിയില്‍ അല്ലായിരുന്നു കാര്യം,’ കമല്‍ പറഞ്ഞു.

Content Highlight: Directer Kamal Says Malayalam Movie Gramaphone Is The First Indian Film About The Jewish Community

Latest Stories

We use cookies to give you the best possible experience. Learn more