ദുരിതപൂർണമായ സാഹചര്യങ്ങൾ മാനുഷിക ദുരന്തത്തെകുറിച്ചുള്ള ഭയം വർധിപ്പിക്കുന്നു: ഗസ സിവിൽ ഡിഫൻസ്
Trending
ദുരിതപൂർണമായ സാഹചര്യങ്ങൾ മാനുഷിക ദുരന്തത്തെകുറിച്ചുള്ള ഭയം വർധിപ്പിക്കുന്നു: ഗസ സിവിൽ ഡിഫൻസ്
ശ്രീലക്ഷ്മി എ.വി.
Saturday, 10th January 2026, 10:09 pm

ഗസ: ഗസയിലെ വിവിധ പ്രദേശങ്ങളിലെ ശക്തമായ കൊടുങ്കാറ്റിൽ ആയിരക്കണക്കിന് കൂടാരങ്ങൾ തകർന്നെന്ന് ഗസ സിവിൽ ഡിഫൻസ്.

ശനിയാഴ്ച ശക്തമായ കാറ്റിലും കനത്ത മഴയിലും ഫലസ്തീനികൾ താമസിച്ചിരുന്ന താൽക്കാലിക ഷെൽട്ടറുകൾക്ക് വ്യാപകമായ നാശം സംഭവിച്ചതായി ഗസ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസൽ പറഞ്ഞു.

ഗസയുടെ തീരപ്രദേശത്ത്, മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ
വീശിയടിക്കുന്ന കാറ്റിൽ ടെന്റുകൾ തകരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനോടകം തന്നെ ദുരിതപൂർണമായ സാഹചര്യങ്ങൾ വീണ്ടും മോശമാകുകയാണെന്നും ഇത് മാനുഷിക ദുരന്തത്തെകുറിച്ചുള്ള ഭയം വർധിപ്പിക്കുന്നെന്നും ഗസ സിവിൽ ഡിഫൻസ് അറിയിച്ചു.

മേഖലയിലേക്കുള്ള മാനുഷിക സഹായങ്ങളും പുനർനിർമ്മാണ സഹായങ്ങളും ഇസ്രഈൽ തുടർച്ചയായി തടയുന്നതും ഇതിന് കാരണമാകുന്നുണ്ടെന്നും ഗസ സിവിൽ ഡിഫൻസ് പറഞ്ഞു.

ഇത് വെറുമൊരു കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രതിസന്ധിയല്ലെന്നും നിർമാണ സാമഗ്രികളുടെ പ്രവേശനം തടയുകയും പുനർനിർമാണം തടസപ്പെടുത്തുകയും ചെയ്യുന്നതിന്റെ നേർചിത്രമാണെന്നും മഹ്മൂദ് ബസൽ വ്യക്തമാക്കി.

‘ഇത് വെറുമൊരു കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രതിസന്ധിയല്ല. നിർമാണ സാമഗ്രികളുടെ പ്രവേശനം തടയുകയും പുനർനിർമാണം തടസപ്പെടുത്തുകയും ചെയ്യുന്നതിന്റെ നേർചിത്രമാണ്. കീറിപ്പോയ കൂടാരങ്ങളിലും സുരക്ഷിതമല്ലാത്തതും തകർന്നതുമായ വീടുകളിലും സംരക്ഷണമില്ലാതെ ആളുകൾ ജീവിക്കാൻ നിർബന്ധിതരാകുന്നു,’ അദ്ദേഹം പറഞ്ഞു.

നിലവിലുള്ള ഉപരോധവും മാറിവരുന്ന കാലാവസ്ഥാ സംവിധാനവും മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഗസയിലെ സാഹചര്യങ്ങൾ അടിസ്ഥാന മാനുഷിക മാനദണ്ഡങ്ങൾക്ക് വളരെ താഴെയാണെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Dire conditions raise fears of humanitarian catastrophe: Gaza Civil Defense

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.