| Friday, 21st November 2025, 7:29 pm

നയതന്ത്ര ബന്ധം മെച്ചപ്പെടുന്നു; ചൈനീസ് പൗരന്മാര്‍ക്ക് വീണ്ടും ആഗോള ടൂറിസ്റ്റ് വിസ നല്‍കാന്‍ ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ മെച്ചപ്പെടുന്ന സാഹചര്യത്തില്‍ ചൈനീസ് പൗരന്മാര്‍ക്ക് വീണ്ടും ടൂറിസ്റ്റ് വിസ നല്‍കാന്‍ തീരുമാനം. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചെന്നാണ് അറിയിപ്പ്.

2020ലെ ഗാല്‍വന്‍ അതിര്‍ത്തിയിലെ സംഘര്‍ഷവും കോവിഡ് പാന്‍ഡമിക്കും കാരണമാണ് ഇന്ത്യ ചൈനീസ് പൗരന്മാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം വിലക്കിയത്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2025 ജൂലൈയില്‍ ഇന്ത്യ ചൈനീസ് പൗര്‌നമാര്‍ക്ക് വേണ്ടിയുള്ള ഇ-വിസ ഓപ്പണ്‍ ചെയ്തിരുന്നു. എന്നാല്‍, ഷാങ്ഹായ്, ഗ്വാങ് ഷോ, ഹോങ്കോങ് തുടങ്ങിയ പ്രദേശങ്ങളിലെ കോണ്‍സുലേറ്റുകളിലൂടെ മാത്രമായിരുന്നു വിസ അപേക്ഷകള്‍ സ്വീകരിച്ചിരിക്കുന്നത്.

ഇപ്പോള്‍ ചൈനീസ് പൗരന്മാരുടെ വിസ അപേക്ഷകള്‍ ആഗോളതലത്തില്‍ തന്നെ സ്വീകരിക്കാനാണ് തീരുമാനം.
2020ല്‍ നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ ഇന്ത്യ 2025 ഒക്ടോബറില്‍ പുനരാരംഭിച്ചിരുന്നു.

അതേസമയം, ഇന്ത്യയുടെയും ചൈനയുടെയും ബന്ധം സുസ്ഥിരമാക്കാനായി സമീപകാലത്ത് നിരവധി ജനകീയ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

ഈ വര്‍ഷമാദ്യം കൈലാസ്- മാനസസേരാവര്‍ യാത്രയ്ക്കായി ചൈനീസ് പൗരന്മാര്‍ക്കും വിസ സൗകര്യമേര്‍പ്പെടുത്തിയിരുന്നു.

2024 ഒക്ടോബറില്‍ അതിര്‍ത്തിയില്‍ നിന്നും സേനയെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ചൈനയും ധാരണയിലെത്തിയിരുന്നു. പിന്നീട് റഷ്യയിലെ കസാനില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതിനുശേഷം ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലും നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തി. പ്രധാനമന്ത്രി ചൈനയില്‍ ഈയടുത്ത് സന്ദര്‍ശനം നടത്തുകയും ചെയ്തതോടെ ഇരു രാജ്യങ്ങളും ഊഷ്മളമായ ബന്ധം തുടരുകയായിരുന്നു.

ഇതിനിടെ, യു.എസ് ഇന്ത്യയുടെ ഉത്പന്നങ്ങള്‍ക്ക് മേല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയ സംഭവത്തിന് ശേഷം ഇന്ത്യ-യു.എസ് ബന്ധത്തിന് ഉലച്ചിലുണ്ടായിരുന്നു.

തുടര്‍ന്ന് ഇന്ത്യ, റഷ്യ, ചൈന ബന്ധം കൂടുതല്‍ മെച്ചപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ട്രംപ് ഇന്ത്യക്ക് മേലുള്ള അധിക തീരുവയെന്ന തീരുമാനം പിന്‍വലിക്കുകയും റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.

ഇതോടെ യു.എസുമായി കൂടുതല്‍ അടുക്കുകയാണ് ഇന്ത്യ. യു.എസിന്റെ ഉപരോധത്തെ ഭയന്ന് റിലയന്‍സ് കമ്പനി റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ പൂര്‍ണമായും നിര്‍ത്തിവെച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Content Highlight: Diplomatic ties improve; India to resume global tourist visas for Chinese citizens

We use cookies to give you the best possible experience. Learn more