പേടിയില്ലാത്ത പോലെ അഭിനയിക്കേണ്ടി വരും; എക്കോയില്‍ റിസ്‌ക് എലമെന്റ് ഉണ്ടായിരുന്നു: ദിന്‍ജിത്ത് അയ്യത്താന്‍
Malayalam Cinema
പേടിയില്ലാത്ത പോലെ അഭിനയിക്കേണ്ടി വരും; എക്കോയില്‍ റിസ്‌ക് എലമെന്റ് ഉണ്ടായിരുന്നു: ദിന്‍ജിത്ത് അയ്യത്താന്‍
ഐറിന്‍ മരിയ ആന്റണി
Friday, 30th January 2026, 8:33 am

2025ല്‍ പുറത്തിങ്ങിയതില്‍ മികച്ച ചിത്രമെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ട സിനിമയായിരുന്നു ‘എക്കോ’. ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ഈ ചിത്രം മിസ്റ്ററി ത്രില്ലര്‍ ഴോണറിലാണ് ഒരുങ്ങിയത്.

തിയേറ്ററില്‍ മികച്ച വിജയം നേടിയ എക്കോ ഒ.ടി.ടി റിലീസിന് ശേഷവും ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്‌കിന്ധാ കാണ്ഡം എന്ന ഘടകം തന്നെയായിരുന്നു ഏതൊരു പ്രേക്ഷകനെയും എക്കോയിലേക്കും അടുപ്പിച്ചത്.

എക്കോ/ Theatrical poster

കുര്യച്ചന്റെ അന്വേഷണത്തെ ചുറ്റിപറ്റി കിടക്കുന്ന ചിത്രത്തില്‍ സന്ദീപ് പ്രദീപ്, ബിയാനോ മോമിന്‍, വിനീത്, നരേന്‍, സൗരഭ് സച്ച്ദേവ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയിരുന്നത്.

ഇപ്പോള്‍ എന്‍.വി.എം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എക്കോ ഷൂട്ട് ചെയ്യുന്നതില്‍ റിസ്‌ക് എലമെന്റുകള്‍ ഉണ്ടായിരുന്നുവെന്ന് ദിന്‍ജിത്ത് അയ്യത്താന്‍ പറയുന്നു.

‘സന്ദീപ് ഇടക്ക് വന്നിട്ട് ഇവിടെയാണോ ഷൂട്ട് ചെയ്യേണ്ടത് എന്നൊക്കെ ചോദിച്ചിട്ടുണ്ട്. നമ്മള്‍ അവര്‍ക്ക് കൊടുക്കുന്ന കംഫര്‍ട്ടാണ് അവരെയും ഓക്കെയാക്കുന്നത്. ശരിക്കും ഷൂട്ട് ചെയ്യുന്നതില്‍ റിസ്‌ക് എലെമന്റ് ഉണ്ടായിരുന്നു.

ഇതൊരു കാടാണ്, പാമ്പും മറ്റുമൊക്കെയുണ്ടാകും. പക്ഷേ ഇവിടെ കുഴപ്പമൊന്നുമില്ല എന്ന രീതിയില്‍ നമ്മള്‍ അഭിനയിക്കേണ്ടി വരും. സംവിധായകന്‍ പേടിച്ചാല്‍ എല്ലാവരും പേടിക്കും.

കിഷ്‌കിന്ധാ കാണ്ഡമാണെങ്കിലും എക്കോയാണെങ്കിലും ഒറ്റപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളും വീടുമാണ് തെരഞ്ഞെടുത്തത്. കഥാപരമായി അത് ആവശ്യമാണ്. രണ്ട് സിനിമയിലാണെങ്കിലും അടുത്തൊന്നും വീടുകള്‍ ഇല്ലാതെ കാട് ചുറ്റിപറ്റി കിടക്കുന്ന സ്ഥമാണ് വരുന്നത്,’ ദിന്‍ജിത്ത് അയ്യത്താന്‍ പറയുന്നു.

കിഷ്‌കിന്ധാ കാണ്ഡം/ Theatrical poster

കിഷ്‌കിന്ധാ കാണ്ഡം സിനിമിയില്‍ പ്രത്യേകിച്ച് കുരങ്ങന്റെ പ്രസന്റ്‌സ് ഉള്ളതുകൊണ്ട് അടുത്ത് വീടുകളുണ്ടെങ്കില്‍ അതിന്റെ ഭംഗി നഷ്ടപ്പെടുമെന്നും കഥയില്‍ തീര്‍ച്ചയായും ഒറ്റപ്പെടല്‍ കാണിക്കുന്നതിന്റെ ആവശ്യകതയുണ്ടെന്നും ദിന്‍ജിത്ത് അയ്യത്താന്‍ കൂട്ടിച്ചേര്‍ത്തു.

ആനിമല്‍ ട്രിലോളജിയിലെ ആദ്യ സിനിമയായെത്തിയ കിഷ്‌കിന്ധാ കാണ്ഡം ഒരു വലിയ തറവാട്ടിലെ മുന്‍ സൈനിക ഉദ്യോഗസ്ഥനായ അപ്പുപിള്ളയുടെയും മകന്‍ അജയചന്ദ്രന്റെയും അവരുടെ കാണാതായ മകന്‍ ചച്ചുവിനെയും ചുറ്റിപ്പറ്റിയുള്ള കഥയാണ്.

വിജയരാഘവന്‍, ആസിഫലി, അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം മികച്ച നിരൂപക പ്രശംസ നേടുകയും ബോക്‌സ് ഓഫീസില്‍ വിജയിക്കുകയും ചെയ്തു.

Content Highlight:  Dinjith Ayyathan talks about the films Eko Kishkindha Kaandam

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.