ലോകത്തിലെ മികച്ച ക്യാപ്റ്റന്‍ രോഹിത്തല്ല; വമ്പന്‍ തെരഞ്ഞെടുപ്പുമായി ദിനേശ് കാര്‍ത്തിക്
Sports News
ലോകത്തിലെ മികച്ച ക്യാപ്റ്റന്‍ രോഹിത്തല്ല; വമ്പന്‍ തെരഞ്ഞെടുപ്പുമായി ദിനേശ് കാര്‍ത്തിക്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th January 2025, 8:44 am

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ നീണ്ട 10 വര്‍ങ്ങള്‍ക്ക് ശേഷമാണ് ഓസ്ട്രേലിയ കിരീടം സ്വന്തമാക്കുന്നത്. പരമ്പരയില്‍ ഒരു സമനിലയടക്കം 3-1നാണ് ഓസീസ് ഇന്ത്യയെ തളച്ചത്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തില്‍ വമ്പന്‍ കുതിപ്പാണ് കങ്കാരുപ്പട നടത്തുന്നത്.

ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. ലോകത്തിലെ മികച്ച ക്യാപ്റ്റനാണ് കമ്മിന്‍സ് എന്നാണ് കാര്‍ത്തിക് പറഞ്ഞത്.

‘എന്റെ അഭിപ്രായത്തില്‍ പാറ്റ് കമ്മിന്‍സ് ഇന്ന് ലോകത്തിലെ ഏറ്റവും ശക്തനായ ക്രിക്കറ്റ് കളിക്കാരനാണ്. തന്റെ ആധിപത്യം പ്രകടിപ്പിക്കാന്‍ അവന്‍ വാക്കുകളെയോ ആക്രമണങ്ങളെയോ ആശ്രയിക്കുന്നില്ല. പകരം, അവന്റെ ശരീരഭാഷയും മത്സരങ്ങള്‍ക്ക് മുമ്പും ശേഷവുമുള്ള മാധ്യമ ഇടപെടലുകള്‍ കൈകാര്യം ചെയ്യുന്ന രീതിയുമാണ് സംസാരിക്കുന്നത്. ക്യാപ്റ്റന്‍സിയും ടീമിനെ നയിക്കുന്ന രീതിയും അദ്ദേഹത്തെ ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനാക്കി മാറ്റി,’ ദിനേശ് കാര്‍ത്തിക് പറഞ്ഞു.

2021ല്‍ ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനായി ചുമതലയേറ്റ കമ്മിന്‍സ് അസാധാരണമായ ഉയരത്തിലേക്കാണ് ടീമിനെ എത്തിച്ചത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും 2023ലെ ഏകദിന ലോകകപ്പും സ്വന്തമാക്കിയാണ് താരം വരവറിയിച്ചത്. മാത്രമല്ല 2024-25 സീസണില്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി 10 വര്‍ഷത്തിന് ശേഷം നേടിക്കൊടുക്കാനും കമ്മിന്‍സിന് സാധിച്ചു. പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ 295 റണ്‍സിന് പരാജയപ്പെട്ടതോടെ പൂര്‍വാതികം ശക്തിയോടെ തിരിച്ചുവരികയായിരുന്നു കമ്മിന്‍സും കൂട്ടരും.

എന്നിരുന്നാലും പരമ്പരയില്‍ പരിക്ക് പറ്റിയ കമ്മിന്‍സിന് ഫെബ്രുവരി 19ന് പാകിസ്ഥാനില്‍ ആരംഭിക്കാനിരിക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി നഷ്ടമായേക്കാം.

അതേസമയം 2024 ടി-20 ലോകകപ്പ് ഇന്ത്യയ്ക്ക് നേടിക്കൊടുത്ത രോഹിത് ശര്‍മ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ രോഹിത് വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനിന്നിരുന്നു. തുടര്‍ന്ന് ബുംറയുടെ ക്യാപ്റ്റന്‍സിയില്‍ മത്സരം വിജയിക്കുകയായിരുന്നു.

എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളിലെ മോശം ഫോമിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളാണ് താരം നേരിട്ടത്. ഇതോടെ രോഹിത് സിഡ്നിയില്‍ നടന്ന അവസാന മത്സരത്തിലും ബുംറയെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ച് പുറത്ത് പോകുകയായിരുന്നു.

 

Content Highlight: Dinesh Kartik Selected Pat Cummins As Great Captain In The World