ഇന്ത്യന്‍ ക്യാപ്റ്റനായി ദിനേശ് കാര്‍ത്തിക്, തിരിച്ചെത്താന്‍ അശ്വിന്‍!
Sports News
ഇന്ത്യന്‍ ക്യാപ്റ്റനായി ദിനേശ് കാര്‍ത്തിക്, തിരിച്ചെത്താന്‍ അശ്വിന്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 23rd September 2025, 4:24 pm

2025ലെ ഹോങ്‌കോങ് സിക്‌സസ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി ദിനേശ് കാര്‍ത്തിക്. 2024ല്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച താരം നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ ബാറ്റിങ് പരിശീലകനാണ്. മാത്രമല്ല സൂപ്പര്‍ താരം ആര്‍. അശ്വിനും ഹോങ്‌കോങ് സിക്‌സസില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഇരു താരങ്ങളും കളത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഇന്ത്യ കൂടുതല്‍ കരുത്തരാകുമെന്ന് ഉറപ്പാണ്. ഹോങ്‌കോങ് സിക്‌സേഴ്‌സിലൂടെ ദിനേശ് കാര്‍ത്തിക് വീണ്ടും ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുമ്പോള്‍ ആരാധകര്‍ ഏറെ ആവേശത്തിലാണ്. മാത്രമല്ല താരത്തിന്റെ റീ എന്‍ട്രിയില്‍ ഹോങ് കോങ് ക്രിക്കറ്റും സന്തോഷം അറിയിച്ചിരുന്നു.

‘2025ലെ ഹോങ്‌കോങ് സിക്‌സസിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി ദിനേശ് കാര്‍ത്തിക്കിനെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. അദ്ദേഹത്തിന്റെ മികച്ച അന്താരാഷ്ട്ര പരിചയവും മൂര്‍ച്ചയുള്ള ക്യാപ്റ്റന്‍സിയും ആക്രമണ ബാറ്റിങ് ശൈലിയും ടൂര്‍ണമെന്റിന് പ്രചോദനമാകും.

നവംബര്‍ ഏഴ് മുതല്‍ ഒമ്പത് വരെ ഹോങ്‌കോങ്ങില്‍ ഒരു ആഗോള ക്രിക്കറ്റ് ആഘോഷം സംഘടിപ്പിക്കുമ്പോള്‍ ഞങ്ങളോടൊപ്പം ചേരുക,’ ഹോങ്‌കോങ് ക്രിക്കറ്റ് എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.

രാജ്യത്തിന് വേണ്ടി വീണ്ടും മത്സരിക്കാന്‍ അവസരം ലഭിച്ചതില്‍ ദിനേശ് കാര്‍ത്തിക് തന്റെ സന്തോഷം പങ്കുവെച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കാന്‍ സാധിച്ചത് വലിയ ബഹുമതിയാണെന്ന് കാര്‍ത്തിക് പറഞ്ഞു.

‘ഹോങ്‌കോങ് സിക്‌സസില്‍ ഇന്ത്യയെ നയിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയാണ്. വലിയ റെക്കോഡുകളുള്ള ചില താരങ്ങള്‍ക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരുമിച്ച്, ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കാനും ആരാധകര്‍ക്ക് സന്തോഷം നല്‍കാനും ഞങ്ങള്‍ ശ്രമിക്കും,’ ദിനേശ് കാര്‍ത്തിക് പറഞ്ഞു.

അതേസമയം ടൂര്‍ണമെന്റിന്റെ കഴിഞ്ഞ സീസണില്‍ പാകിസ്ഥാനെതിരെ വിജയിച്ച് ശ്രീലങ്ക ചാമ്പ്യന്‍മാരായിരുന്നു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 73 റണ്‍സിന്റെ വിജയലക്ഷ്യം ലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

Content Highlight: Dinesh Karthik will captain the Indian team in the Hong Kong Sixes 2025