രോഹിത്തിന് ഈ ലോകകപ്പില്‍ പഴയ പോലെ റണ്‍സെടുക്കാന്‍ പറ്റില്ല: ദിനേഷ് കാര്‍ത്തിക്
2023 ICC WORLD CUP
രോഹിത്തിന് ഈ ലോകകപ്പില്‍ പഴയ പോലെ റണ്‍സെടുക്കാന്‍ പറ്റില്ല: ദിനേഷ് കാര്‍ത്തിക്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 4th October 2023, 8:14 pm

ലോകകപ്പിന് കാഹളം മുഴങ്ങാന്‍ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പാണുള്ളത്. കിരീടം നിലനിര്‍ത്താന്‍ ഇംഗ്ലണ്ടും കഴിഞ്ഞ രണ്ട് ഫൈനലിലും കിരീടം കൈവിട്ട ന്യൂസിലാന്‍ഡും ഒരിക്കല്‍ നേടിയ കിരീടം തിരിച്ചുപിടിക്കാന്‍ ഇന്ത്യയും ലങ്കയും അടക്കമുള്ളവരും കന്നിക്കിരീടം ലക്ഷ്യമിട്ട് സൗത്ത് ആഫ്രിക്കയും ബംഗ്ലാദേശും ഇറങ്ങുമ്പോള്‍ പ്രവചനങ്ങള്‍ക്കൊന്നും സ്ഥാനമില്ല.

ഈ ലോകകപ്പ് ബാറ്റര്‍മാരുടേതാകാനാണ് ആരാധകര്‍ സാധ്യത കല്‍പിക്കുന്നത്. എല്ലാ ടീമുകളുടെയും സ്റ്റാര്‍ ബാറ്റര്‍മാര്‍ മികച്ച ഫോമിലാണ് എന്നതുതന്നെയാണ് ഈ പ്രതീക്ഷക്ക് കാരണവും. ലോകകപ്പിന്റെ സന്നാഹ മത്സരത്തിലും ബാറ്റര്‍മാരുടെ ഡോമിനന്‍സ് ആരാധകര്‍ കണ്ടതാണ്.

ഈ ലോകകപ്പിലെ ലീഡിങ് റണ്‍ സ്‌കോറര്‍ ആരാകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയ താരങ്ങള്‍ക്കാണ് ആരാധകര്‍ സാധ്യത കല്‍പിക്കുന്നത്. 2019 ലോകകപ്പിലെ നേട്ടം ഇന്ത്യന്‍ ക്യാപ്റ്റന്‍ ആവര്‍ത്തിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നവരും കുറവല്ല.

 

 

എന്നാല്‍ രോഹിത് ശര്‍മക്ക് 2019 ലോകകപ്പിലെ മാജിക് ഇത്തവണ ആവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ ദിനേഷ് കാര്‍ത്തിക്.

രോഹിത് ശര്‍മയുടെ ബാറ്റിങ് ശൈലിയില്‍ വന്ന മാറ്റത്തെയാണ് ദിനേഷ് കാര്‍ത്തിക് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ലോകകപ്പിനെ അപേക്ഷിച്ച് രോഹിത് കുറച്ചുകൂടി അഗ്രസ്സീവായി ബാറ്റ് വീശുന്നുവെന്നാണ് ഡി.കെ പറയുന്നത്.

‘2019ലെ മാജിക് ഇത്തവണ രോഹിത്തിന് ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഒരു ബാറ്റര്‍ എന്ന നിലയില്‍ അദ്ദേഹം മാറിയിട്ടുണ്ട്. ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമ്പോള്‍ റിസ്‌ക്കുകളെടുക്കാനും അദ്ദേഹം തയ്യാറാകുന്നു.

കഴിഞ്ഞ കുറച്ചു മത്സരങ്ങളില്‍ അദ്ദേഹം നേരത്തെ പുറത്താകാന്‍ കാരണവും ഇതേ അഗ്രസ്സീവ് അപ്രോച്ച് കാരണമാണ്. ഇത് ലോകകപ്പിലും തുടരുമെന്നാണ് ഞാന്‍ കരുതുന്നത്,’ ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

രോഹിത് ശര്‍മ നിസ്വാര്‍ത്ഥനായ താരമാണെന്നും സഹതാരത്തെ സെയ്ഫാക്കാനാണ് ശ്രമിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘രോഹിത് ഒരു സെല്‍ഫ്‌ലെസ് ബാറ്ററായി മാറിക്കഴിഞ്ഞു. ചലഞ്ചിങ് വിക്കറ്റുകളില്‍ തന്റെ ബാറ്റിങ് പാര്‍ട്ണറെ സംരക്ഷിക്കാനായി ആദ്യം അറ്റാക് ചെയ്തു കളിക്കുക രോഹിത് ശര്‍മയാണ്,’ഡി.കെ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ലോകകപ്പിലെ ഒമ്പത് ഇന്നിങ്‌സില്‍ നിന്നും 648 റണ്‍സാണ് രോഹിത് നേടിയത്. 81.00 എന്ന തകര്‍പ്പന്‍ ശരാശരിയിലാണ് താരം റണ്ണടിച്ചുകൂട്ടിയത്. അഞ്ച് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

 

2019ലെ ബാറ്റിങ് പ്രകടനം രോഹിത് ഈ ലോകകപ്പിലും ആവര്‍ത്തിക്കുമെന്നും ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദം അദ്ദേഹത്തിനുണ്ടാകില്ല എന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: Dinesh Karthik says Rohit Sharma cant repeat the magic of 2019 in 2023 world cup