ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയ്ക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ പരമ്പര സമനിലയിലെത്തിച്ചാണ് ഇന്ത്യ തിളങ്ങിയത്. വിരാടും രോഹിത്തും അശ്വിനും ഇല്ലാതിരുന്നിട്ടും ജസ്പ്രീത് ബുംറയുടെ മുഴുവന്‍ സമയ സേവനം ലഭിക്കാതിരുന്നിട്ടും ഇന്ത്യ ഇംഗ്ലണ്ടില്‍ തോല്‍ക്കാതെ തലയുയര്‍ത്തി നിന്നു.
അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2നാണ് ഇന്ത്യ സമനിലയിലെത്തിച്ചത്. അവസാന നിമിഷം വരെ ആരാധകരുടെ നെഞ്ചിടിപ്പിച്ച ഓവല്‍ ടെസ്റ്റിന്റെ അവസാന ദിവസത്തില്‍ ആറ് റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ ക്രിക്കറ്റ് ലോകത്തിന്റെയൊന്നാകെ കയ്യടികളേറ്റുവാങ്ങി.
തോല്‍വി മുമ്പില്‍ കണ്ട ശേഷമായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിന്റെ അഞ്ചാം ദിവസത്തില്‍ വെറും 35 റണ്‍സ് മാത്രമായിരുന്നു ഇംഗ്ലണ്ടിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ മുഹമ്മദ് സിറാജിന്റെ വേട്ടയില്‍ ആറ് റണ്‍സകലെ ഇംഗ്ലണ്ട് പൊരുതി വീണു.
ശുഭ്മന്‍ ഗില്ലിനെയാണ് തന്റെ പ്ലെയര്‍ ഓഫ് ദി സീരീസായി ഇംഗ്ലണ്ട് പരിശീലകന്‍ ബ്രെണ്ടന്‍ മക്കെല്ലം തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് മനംമാറ്റമുണ്ടായെന്നും മുഹമ്മദ് സിറാജിന് ആ പുരസ്‌കാരം നല്‍കണമെന്ന് മക്കെല്ലം ആഗ്രഹിച്ചിരുന്നു എന്നും വെളിപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക്. ക്രിക്ബസ്സിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തിക് ഇക്കാര്യം പറഞ്ഞത്.
‘മത്സരം നാലാം ദിവസം അവസാനിച്ചിരുന്നെങ്കില്‍ ശുഭ്മന്‍ ഗില്‍ പ്ലെയര്‍ ഓഫ് ദി സീരീസാകുമായിരുന്നു. ബ്രെണ്ടന്‍ മക്കെല്ലം ഇതിനോടകം തന്നെ അവനെ തെരഞ്ഞെടുത്തിട്ടുണ്ടായിരുന്നു. ഈ പുരസ്‌കാരം സമ്മാനിക്കുന്ന മൈക് ആതര്‍ട്ടണ്‍ ഇതിനോടകം ഗില്ലിനോട് ചോദിക്കാനുള്ള ചോദ്യങ്ങളും തയ്യാറാക്കിയിരുന്നു. ശുഭ്മന്‍ ഗില്ലിന് വേണ്ടി എല്ലാ തന്നെ തയ്യാറായിരുന്നു,’ കാര്‍ത്തിക് പറഞ്ഞു.
7⃣5⃣4⃣ runs in 5 matches
4⃣ Hundreds 💯
Shubman Gill led from the front and had an incredible series with the bat 🙌
The #TeamIndia Captain is India’s Player of the Series 👏👏
എന്നാല്‍ അഞ്ചാം ദിവസത്തെ സിറാജിന്റെ പ്രകടനം കണ്ട മക്കെല്ലം പുരസ്‌കാരം സിറാജിന് തന്നെ നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇതിനോടകം തന്നെ പ്ലെയര്‍ ഓഫ് ദി സീരീസ് ശുഭ്മന്‍ ഗില്ലിന് തന്നെയെന്ന് തീരുമാനിക്കപ്പെട്ടിരുന്നു.
‘സ്‌കൈ സ്‌പോര്‍ട്‌സിനൊപ്പമുള്ള പോസ്റ്റ് മാച്ച് ഇന്റര്‍വ്യൂവില്‍ മക്കെല്ലം സിറാജിനെ പ്രശംസിച്ച് സംസാരിച്ചിരുന്നു. സിറാജ് പന്തെറിഞ്ഞത് ഏറെ ആസ്വദിച്ചു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്,’ ഡി.കെ. കൂട്ടിച്ചേര്‍ത്തു.
Content highlight: Dinesh Karthik reveals Brendon McCullum wanted to give the Player of the Series award to Mohammed Siraj