ഇന്ത്യന്‍ ടീമിന് എന്താണ് കുറവ്, ഇത്തരമൊരു വീഴ്ചയെങ്ങനെയുണ്ടായി? വിമര്‍ശനവുമായി ദിനേശ് കാര്‍ത്തിക്
Sports News
ഇന്ത്യന്‍ ടീമിന് എന്താണ് കുറവ്, ഇത്തരമൊരു വീഴ്ചയെങ്ങനെയുണ്ടായി? വിമര്‍ശനവുമായി ദിനേശ് കാര്‍ത്തിക്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 26th November 2025, 7:36 pm

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യ വിക്കറ്റ് കീപ്പര്‍ താരം ദിനേശ് കാര്‍ത്തിക്. മുമ്പ് ടീമുകള്‍ ഇന്ത്യയില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഭയന്നിരുന്നെന്നും എന്നാലതിപ്പോള്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ടീമിന് എന്താണ് കുറവെന്നും ടീമിന്റെ ക്വാളിറ്റിയില്‍ പെട്ടെന്നുണ്ടായ വീഴ്ചയില്‍ ശക്തമായ നടപടി എടുക്കണമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു. തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് താരത്തിന്റെ പ്രതികരണം.

‘മുമ്പ് ടീമുകള്‍ ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കാന്‍ ഭയന്നിരുന്നു. ഇപ്പോള്‍ വളരെ ആത്മവിശ്വാസത്തോടെയും ആവേശത്തോടെയുമാണ് അവര്‍ ഇവിടെ കളിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ രണ്ടാം വൈറ്റ് വാഷാണിത്. ഇന്ത്യയില്‍ കളിച്ച മൂന്നില്‍ രണ്ടിലും പരമ്പര മൊത്തമായി കൈവിട്ടു.

ഇന്ത്യയിപ്പോള്‍ മോശം അവസ്ഥയിലൂടെയാണ് കടന്ന് പോവുന്നത്. കടുത്ത തീരുമാനങ്ങള്‍ എടുക്കണം. എന്താണ് നമ്മുക് കുറവുള്ളത്? കളിക്കാരുടെ ഗുണനിലവാരമോ അതോ സ്പിന്‍ കളിക്കാന്‍ കഴിയാത്തതോ? സ്പിന്നര്‍മാര്‍ക്കും പേസര്‍മാര്‍ക്കും അവസരം നല്‍കാതെ ഓള്‍ റൗണ്ടര്‍മാരെ കൂടുതലായി കളിപ്പിക്കുന്നു.

ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പേസ് ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി വെറും 14 ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്. ഈ ടെസ്റ്റ് പരമ്പരയില്‍ രണ്ട് ഇന്ത്യന്‍ ബാറ്റര്‍മാര്‍ മാത്രമാണ് 100 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തത്. സൗത്ത് ആഫ്രിക്കക്ക് അത് ഏഴ് പേരാണ്. എങ്ങനെയാണ് പെട്ടെന്ന് ഇങ്ങനെയൊരു വീഴ്ച നമുക്കുണ്ടായത്? ,’ കാര്‍ത്തിക് പറഞ്ഞു.

മൂന്നാം നമ്പറില്‍ താരങ്ങളെ മാറ്റുന്നതിനെക്കുറിച്ചും കാര്‍ത്തിക് സംസാരിച്ചു. ഇന്ത്യയുടെ മൂന്നാം നമ്പറില്‍ കളിക്കുന്നവര്‍ക്കാണ് രണ്ടാമത്തെ മോശം റെക്കോഡ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ കളിച്ച 65 ടെസ്റ്റില്‍ അവരുടെ ഒന്നാം ഇന്നിങ്സ് ആവറേജ് 26 ആണ്.

മൂന്നാം നമ്പറില്‍ താരങ്ങളെ നമ്മള്‍ മാറ്റിക്കൊണ്ടേയിരിക്കുന്നു. ഈ നിരന്തരമായ വെട്ടലും തിരുത്തലും ടീമിന് ഗുണം ചെയ്യുന്നുണ്ടോ? ടീമിന് കൂടുതല്‍ സ്ഥിരത നല്‍കേണ്ടതില്ലേ? ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ഇനി വളരെ ചെറിയ സാധ്യതയുള്ളൂവെന്നാണ് തനിക്ക് തോന്നുന്നതെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള രണ്ട് മത്സരങ്ങളും തോറ്റ് ഇന്ത്യ പരമ്പര കൈവിട്ടിരുന്നു. രണ്ടാം മത്സരത്തില്‍ 408 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ഇതോടെ കഴിഞ്ഞ 25 വര്‍ഷമായി സ്വന്തം മണ്ണില്‍ പ്രോട്ടിയാസിന് മേലുള്ള ആധിപത്യത്തിന് കൂടിയാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് കാര്‍ത്തിക്കിന്റെ വിമര്‍ശനം.

 

Content Highlight: Dinesh Karthik lashes out Indian Cricket Team asking  how can suddenly there be a nosedive in Test cricket after the defeat against South Africa