വേണ്ടിവന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഞങ്ങള്‍ മൂന്ന് ടീമിനെ ഇറക്കും; കളിക്കുമുമ്പേ അല്‍പം കാര്യവുമായി ഇന്ത്യന്‍ സൂപ്പര്‍ താരം
Sports News
വേണ്ടിവന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഞങ്ങള്‍ മൂന്ന് ടീമിനെ ഇറക്കും; കളിക്കുമുമ്പേ അല്‍പം കാര്യവുമായി ഇന്ത്യന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th August 2022, 9:01 pm

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് നാലാം മത്സരത്തിന് മുമ്പേ ഇന്ത്യന്‍ ടീമിന്റെ ബെഞ്ച് സ്‌ട്രെങ്ത്തിനെ കുറിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക്. നിലവിലെ സാഹചര്യമനുസരിച്ച് വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് ടീമിനെ വരെ ഇറക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് ഡി.കെ പറഞ്ഞത്.

ഇന്ത്യന്‍ സ്‌ക്വാഡില്‍ നിരവധി കരുത്തരായ താരങ്ങളുണ്ടെന്നും അതിനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

‘ഇപ്പോഴുള്ള താരങ്ങളെ വെച്ച് മാത്രം നോക്കുകയാണെങ്കില്‍ ഇന്ത്യയ്ക്ക് രണ്ടോ വേണ്ടി വന്നാല്‍ മൂന്ന് ടീമിനെയോ കളത്തിലിറക്കാന്‍ സാധിക്കും. പല രാജ്യങ്ങള്‍ക്കും അതോര്‍ത്ത് അഭിമാനിക്കാന്‍ സാധിക്കുമോ എന്നാണ് എന്റെ സംശയം,’ ദിനേഷ് കാര്‍ത്തിക് പറയുന്നു.

എല്ലാ താരങ്ങള്‍ക്കും ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പില്‍ കളിക്കാന്‍ സാധിക്കില്ലെന്നും എന്നാല്‍ തെരഞ്ഞെടുക്കപ്പെടുന്ന എല്ലാവര്‍ക്കും വലിയ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറയുന്നു.

‘ടി-20 ലോകകപ്പ് സ്‌ക്വാഡില്‍ തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ താരങ്ങളും ഇത് എത്രത്തോളം പ്രാധാന്യമുള്ളതാണെന്നും അതേസമയം, മനോഹരമാണെന്നും മനസിലാക്കണം,’ അദ്ദേഹം പറഞ്ഞു.

ഫ്ളോറിഡയില്‍ നടക്കുന്ന നാലാം മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. ഒപ്പം സമ്മര്‍ദ്ദമില്ലാതെ അഞ്ചാം മത്സരത്തിന് ഇറങ്ങുകയും ചെയ്യാം.

അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്ന് കളി കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്. എന്നാല്‍ നാലാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ആണ് ജയിക്കുന്നതെങ്കില്‍ അഞ്ചാം മത്സരം നിര്‍ണായകമാവും.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പരിക്കാണ് ഇന്ത്യയെ ഭയപ്പെടുത്തുന്നത്. പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ റിട്ടയര്‍ഡ് ഹര്‍ട്ടായാണ് താരം പുറത്തായത്.

രോഹിത്തിന് കളിക്കാന്‍ സാധിക്കില്ലെങ്കിലും ദിനേഷ് കാര്‍ത്തിക് പറഞ്ഞതുപോല സ്‌ക്വാഡില്‍ നിരവധി താരങ്ങളുള്ളതാണ് ആരാധകര്‍ക്ക് ആശ്വാസമാകുന്നത്.

എത്ര മോശം സമയത്താണെങ്കിലും ഒരിക്കലും എഴുതി തള്ളാന്‍ സാധിക്കാത്ത ടീമാണ് വെസ്റ്റ് ഇന്‍ഡീസ്. നിക്കോളാസ് പൂരനും ഏത് നേരത്തും കത്തിപ്പടരാന്‍ സാധിക്കുന്ന താരങ്ങളുമടങ്ങുന്ന കരീബിയന്‍ പടയെ പേടിക്കാതെ നിവൃത്തിയില്ല.

 

Content Highlight: Dinesh Karthik about India’s bench strength