ഓസ്‌ട്രേലിയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മത്സരത്തിന് ഗല്ലെ അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാവുകയാണ്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ അവസാന മത്സരമാണിത്.
പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ഓസ്‌ട്രേലിയക്ക് രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചാല്‍ പോലും വോണ്‍ – മുരളീധരന്‍ ട്രോഫി സ്വന്തമാക്കാം. അതേസമയം, ആതിഥേയര്‍ക്ക് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ വിജയം അനിവാര്യമാണ്.
ഈ മത്സരത്തോടെ താന്‍ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് ഓപ്പണര്‍ ദിമുത് കരുണരത്‌നെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കരുണരത്‌നെയുടെ ടെസ്റ്റ് കരിയറിലെ അവസാന മത്സരം എന്ന നിലയില്‍ എന്ത് വിലകൊടുത്തും മത്സരം വിജയിക്കാന്‍ തന്നെയാകും ലങ്ക ശ്രമിക്കുക.
ദിമുത് കരുണരത്‌നെയുടെ കരിയറിലെ നൂറാം ടെസ്റ്റ് മത്സരമെന്ന പ്രത്യേകതയും രണ്ടാം ടെസ്റ്റിനുണ്ട്. ശ്രീലങ്കക്കായി നൂറ് ടെസ്റ്റ് മത്സരം പൂര്‍ത്തിയാക്കുന്ന ഏഴാമത് മാത്രം താരമാണ് ദിമുത് കരുണരത്‌നെ.
മഹേല ജയവര്‍ധനെ (149), കുമാര്‍ സംഗക്കാര (134), മുത്തയ്യ മുരളീധരന്‍ (132), ഏയ്ഞ്ചലോ മാത്യൂസ് (118), ചാമിന്ദ വാസ് (111), സനത് ജയസൂര്യ (110) എന്നിവരാണ് ശ്രീലങ്കക്കായി 100 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ മറ്റ് താരങ്ങള്‍.
നൂറാം മത്സരത്തോടെ കരിയര്‍ അവസാനിപ്പിക്കുന്ന കരുണരത്‌നെ മറ്റൊരു നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. നൂറാം മത്സരത്തില്‍ പടിയിറങ്ങുന്ന മൂന്നാമത് ക്രിക്കറ്റര്‍ എന്ന പെരുമയോടെയാണ് കരുണരത്‌നെ 22 യാര്‍ഡിനോട് വിടപറയുന്നത്.
ഇംഗ്ലണ്ട് താരങ്ങളായ ഗ്രഹാം തോര്‍പ്പും ആന്‍ഡ്രൂ സ്‌ട്രോസും മാത്രമാണ് ഇതിന് മുമ്പ് കരിയറിലെ നൂറാം മത്സരത്തില്‍ പടിയിറങ്ങിയത്.
1993ല്‍ ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് കാലെടുത്തുവെച്ച തോര്‍പ് 2005ലാണ് തന്റെ അവസാന ടെസ്റ്റ് മത്സരം കളിച്ചത്. ചെസ്റ്റര്‍ ലെ സ്ട്രീറ്റില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശായിരുന്നു എതിരാളികള്‍. ഇംഗ്ലണ്ട് ഇന്നിങ്‌സിനും 27 റണ്‍സിനും വിജയിച്ച മത്സരത്തില്‍ 85 പന്തില്‍ പുറത്താകാതെ 66 റണ്‍സാണ് തോര്‍പ് നേടിയത്.
ഗ്രഹാം തോര്‍പ്
2004ല്‍ തന്റെ ടെസ്റ്റ് കരിയര്‍ ആരംഭിച്ച സ്‌ട്രോസ് 2012ലാണ് വിരമിക്കുന്നത്. ലോര്‍ഡ്‌സിലെ തന്റെ വിരമിക്കല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെയാണ് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന സ്‌ട്രോസ് അവസാനമായി നേരിട്ടത്.
ആദ്യ ഇന്നിങ്‌സില്‍ 20 റണ്‍സ് നേടിയ താരം തന്റെ കരിയറിലെ അവസാന ഇന്നിങ്‌സില്‍ ഒരു റണ്ണിനും പുറത്തായി. മത്സരത്തില്‍ ഇംഗ്ലണ്ട് 51 റണ്‍സിന് പരാജയപ്പെട്ടിരുന്നു.
അതേസമയം, ഗല്ലെയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 87 എന്ന നിലയിലാണ് ആതിഥേയര്‍.