| Wednesday, 4th June 2025, 4:55 pm

ഷാഹി അന്ന് എന്നോട് കഥ പറയാനാണ് വന്നത്, എന്റെ ടേസ്റ്റല്ലാത്തതുകൊണ്ട് ചെയ്തില്ല: ദിലീഷ് പോത്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ ഏറെ പ്രശസ്തനായ വ്യക്തിയാണ് ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃസാക്ഷിയും, ജോജി തുടങ്ങി വെറും മൂന്ന് ചിത്രങ്ങളിലൂടെയാണ് അദ്ദേഹം മലയാളത്തിലെ മികച്ച സംവിധായകനായി മാറുന്നത്.

ഇപ്പോള്‍ തിരക്കഥാകൃത്തും സംവിധായകനുമായ ഷാഹി കബീറിനെ കുറിച്ച് സംസാരിക്കുകയാണ് ദിലീഷ് പോത്തന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന തന്റെ ചിത്രത്തിലേക്ക് അസിസ്റ്റന്റായി അവസരം ചോദിച്ചുവന്ന ഒരാളല്ല ഷാഹി കബീര്‍ എന്ന് ദിലീഷ് പോത്തന്‍ പറയുന്നു. താന്‍ പല കഥകള്‍ കേള്‍ക്കുന്നതിന്റെ ഭാഗമായി തന്റെയടുത്ത് ഷാഹിയും കഥ പറയാന്‍ വന്നിട്ടുണ്ടെന്നും അങ്ങനെയാണ് അദ്ദേഹത്തെ താന്‍ ആദ്യമായി പരിചയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഒരു ടേസ്റ്റ് അല്ലാത്തതിനാല്‍ താന്‍ ആ പ്രൊജക്റ്റ് ചെയ്തില്ലെന്നും എന്നാല്‍ അന്ന് തന്നെ അദ്ദേഹത്തിന്റെ റൈറ്റിങ് കപ്പാസിറ്റിയെ കുറിച്ച് തനിക്ക് ഒരു ധാരണയുണ്ടായിരുന്നുവെന്നും ദീലീഷ് പോത്തന്‍ പറഞ്ഞു. തൊണ്ടിമുതല്‍ ചെയ്യുന്ന സമയത്ത് താന്‍ ഷാഹിയെ പറ്റി ചിന്തിച്ചെന്നും പൊലീസ് ബേയ്‌സ്ഡായൊരു സിനിമ ചെയ്യുമ്പോള്‍ അദ്ദേഹം എന്തായലും കൂടെയുള്ളത് നല്ലതാണെന്ന് തനിക്ക് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. റേഡിയോ മാംഗോയില്‍ സംസാരിക്കുകയായിരുന്നു ദിലീഷ് പോത്തന്‍.

തൊണ്ടിമുതല്‍ എന്ന സിനിമയിലേക്ക് ഒരു അസിസ്റ്റന്റായി ചാന്‍സ് ചോദിച്ചു വന്നയാളല്ല ഷാഹി. ഞാന്‍ മഹേഷ് ചെയ്ത് കഴിഞ്ഞ സമയത്ത്, പല കഥകള്‍ കേള്‍ക്കുന്നതിന്റെ ഭാഗമായിട്ട് ഷാഹി ഒരു കഥ പറയാനാണ് ആദ്യം എന്റെയെടുത്ത് വരുന്നത്. ഷാഹി പറഞ്ഞ ആ കഥ ഞാന്‍ ചൂസ് ചെയ്തില്ലെങ്കിലും ഷാഹിയുടെ ആ കഥയില്‍ ഒരു ഐറ്റം ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. എന്റെയൊരു ടേസ്റ്റ് അല്ലാതിരുന്നതിനാലാണ് ഞാന്‍ ആ കഥ നോക്കാതിരുന്നത്. ഷാഹിക്ക് പൊലീസ് ഡിപാര്‍ട്ട്‌മെന്റിനെ കുറിച്ചും പൊലീസുകാരെ കുറിച്ചുമുള്ള ആഴത്തിലുള്ള ധാരണയുണ്ടെന്നും, അതുപോലെ നല്ല റൈറ്റിങ് കപാസിറ്റിയുണ്ടെന്ന് എനിക്ക് നരേഷന്‍ കേട്ടപ്പോള്‍ തന്നെ തോന്നി.

തൊണ്ടിമുതല്‍ പ്രൊജക്റ്റ് എത്തിയപ്പോഴേക്കും എനിക്ക് ഷാഹിയുടെ കാര്യം ഓര്‍മ വന്നു. ഷാഹിയെപോലെ മുന്‍പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥന്‍, അല്ലെങ്കില്‍ പൊലീസില്‍ അത്രയും വര്‍ക്ക് ചെയ്‌തൊരാള്‍ എന്ന നിലയില്‍ അദ്ദേഹം ഉള്ളത് നല്ലതായിരിക്കും എന്ന് തോന്നി. ഞാന്‍ ഒരു പൊലീസ് ബേയ്‌സ്ഡായിട്ടുള്ള പടം ചെയ്യുമ്പോള്‍ ഷാഹിയെപോലെ സെന്‍സിബിളായിട്ടുള്ള ഒരു വ്യക്തി എന്റെ ടീമില്‍ ഉണ്ടായിരിക്കുക എന്നത് എന്റെ ആവശ്യകതയായിരുന്നു. അങ്ങനെ ഞാന്‍ ഷാഹിയെ കോണ്‍ടാക്ട് ചെയ്തതാണ്,’ ദിലീഷ് പോത്തന്‍ പറയുന്നു.

Content highlight: Dileesh Pothan talks about screenwriter and director Shahi Kabir

We use cookies to give you the best possible experience. Learn more