| Sunday, 6th July 2025, 12:49 pm

നടനാകുമെന്ന് പ്രതീക്ഷിച്ചില്ല; അക്കാര്യത്തിൽ തീരെ ആത്മവിശ്വാസം ഇല്ലായിരുന്നു: ദിലീഷ് പോത്തൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ എത്തി പിന്നീട് സംവിധാനത്തിലും അഭിനയത്തിലും കഴിവ് തെളിയിച്ചയാളാണ് ദിലീഷ് പോത്തന്‍. 2016ല്‍ റിലീസ് ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് ദിലീഷ് സ്വതന്ത്രസംവിധായകനായത്. ആ സിനിമയ്ക്ക് 64ാം ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. സംവിധായകൻ മാത്രമല്ല മികച്ച അഭിനേതാവ് കൂടിയാണ് ദിലീഷ് പോത്തൻ. ഇപ്പോൾ അഭിനയത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

അഭിനയിച്ചുതുടങ്ങിയപ്പോഴാണ് ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന തോന്നല്‍ വന്നതെന്നും അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുമ്പോഴാണ് സോള്‍ട്ട് ആന്റ് പെപ്പറില്‍ അഭിനയിച്ചതെന്നും ദിലീഷ് പോത്തന്‍ പറയുന്നു.

എന്നാല്‍ പിന്നീട് അവസരങ്ങള്‍ വരുമെന്ന് വിചാരിച്ചില്ലെന്നും അഭിനേതാവ് എന്ന നിലയില്‍ കരിയറുണ്ടാകുമെന്ന് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് താന്‍ അതിന് വേണ്ടി സമയം മാറ്റിവെച്ചിട്ടില്ലെന്നും എന്നാല്‍ തന്നെതേടി നിരവധി കഥാപാത്രങ്ങള്‍ എത്തിയെന്നും ദിലീഷ് പറയുന്നു.

അതോടെയാണ് താന്‍ അഭിനയത്തെ സീരിയസ് ആയി കാണാന്‍ തുടങ്ങിയതെന്നും ആദ്യ ഘട്ടത്തില്‍ തനിക്ക് ആത്മവിശ്വാസം കുറവായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സംവിധായകര്‍ വിശ്വസിച്ചേല്‍പ്പിക്കുമ്പോള്‍ തന്റെ വിശ്വാസം വര്‍ധിക്കുന്നുവെന്നും ദിലീഷ് പറഞ്ഞു.

‘അഭിനയിച്ചുതുടങ്ങിയപ്പോഴാണ് ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന തോന്നല്‍ വന്നത്. സിനിമാസംവിധായകനാകാന്‍ വേണ്ടി അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്ന കാലത്താണ് യാദൃശ്ചികമായി ആഷിക്കിന്റെ സോള്‍ട്ട് ആന്റ് പെപ്പർ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം വന്നത്.

പിന്നീട് അവസരങ്ങള്‍ വരുമെന്നോ അഭിനേതാവ് എന്നനിലയില്‍ വലിയൊരു കരിയറുണ്ടാകുമെന്നോ അന്ന് പ്രതീക്ഷിച്ചില്ല. അതുകൊണ്ട്, ഞാനതിനുവേണ്ടി സമയം മാറ്റിവച്ചിരുന്നില്ല. എന്നാല്‍, കൂടുതല്‍ പ്രധാന്യമുള്ള നിരവധി കഥാപാത്രങ്ങള്‍ എന്നെ തേടിയെത്തി.

അതോടെയാണ് അഭിനയത്തെ കുറച്ചുകൂടി ശ്രദ്ധിച്ചതും മറ്റൊരു കരിയറായി കണ്ടതും. ആദ്യഘട്ടത്തില്‍ അഭിനയത്തില്‍ തീരേ ആത്മവിശ്വാസമില്ലായിരുന്നു. എന്നെ വിശ്വസിച്ച് സംവിധായകര്‍ നല്ല കഥാപാത്രങ്ങളേല്‍പ്പിക്കുമ്പോള്‍ അത് എന്റെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു,’ ദിലീഷ് പറയുന്നു.

Content Highlight: Dileesh Pothan Talking about His Career as an Actor

We use cookies to give you the best possible experience. Learn more