അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ എത്തി പിന്നീട് സംവിധാനത്തിലും അഭിനയത്തിലും കഴിവ് തെളിയിച്ചയാളാണ് ദിലീഷ് പോത്തന്‍. 2016ല്‍ റിലീസ് ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് ദിലീഷ് സ്വതന്ത്രസംവിധായകനായത്. സംവിധായകനില്‍ നിന്ന് നടനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര വളരെ പെട്ടെന്നായിരുന്നു. ഇതിനോടകം നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു.
ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ 2024ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു റൈഫിള്‍ ക്ലബ്.
വിജയരാഘവന്‍, ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, സുരേഷ് കൃഷ്ണ , വിനീത് കുമാര്‍, ഹനുമാന്‍കൈന്‍ഡ്, ഉണ്ണിമായ പ്രസാദ്, ദര്‍ശന രാജേന്ദ്രന്‍, സുരഭി ലക്ഷ്മി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നു. ഇപ്പോള്‍ റൈഫില്‍ ക്ലബിനെ കുറിച്ചും സിനിമയില്‍ അനുരാഗ് കശ്യപുമായി ഒന്നിച്ച് അഭിനയിച്ചപ്പോഴുള്ള അനുഭവവും പങ്കുവെക്കുകയാണ് ദിലീഷ് പോത്തന്‍.
താന്‍ മലയാളമല്ലാത്ത ഭാഷകളില്‍ അത്ര കംഫര്‍ട്ടബിളല്ലെന്നും സംസാരിക്കാനും തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും ദിലീഷ് പോത്തന്‍ പറയുന്നു. അനുരാഗുമായി സംസാരിക്കുമ്പോള്‍ ഭാഷ അറിയാത്തതിന്റെ പ്രശ്‌നം ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് താന്‍ ഒരുപാടൊന്നും സംസാരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്യഭാഷ സിനിമകള്‍ പൊതുവേ കുറവ് കാണുന്ന വ്യക്തിയാണ് താനെന്നും ദിലീഷ് പോത്തന്‍ കൂട്ടിച്ചേര്‍ത്തു. റൈഫിള്‍ ക്ലബ് എന്ന സിനിമയില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും തനിക്ക് വളരെ കംഫര്‍ട്ടബിളായ ടീമായിരുന്നു സിനിമയുടേതെന്നും അദ്ദേഹം പറയുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് കേരളയില്‍ സംസാരിക്കുകയായിരുന്നു ദിലീഷ് പോത്തന്‍.
‘ഞാന്‍ മലയാളമല്ലാത്ത ഭാഷകളില്‍ ഒന്നും അത്ര കംഫര്‍ട്ട് ആയിട്ടുള്ള ആളല്ല, പ്രത്യേകിച്ച് സംസാരിക്കുമ്പോള്‍ പോലും. അതുകൊണ്ട് അനുരാഗിനോട് സംസാരിക്കുമ്പോള്‍ അതിന്റേതായ ബുദ്ധിമുട്ടുണ്ടായിരുന്നു. ഭാഷയുടെ ഒരു ബുദ്ധിമുട്ടുളളതിനാല്‍ ഞാന്‍ അദ്ദേഹത്തോട് കുറച്ചേ സംസാരിച്ചിട്ടുള്ളു എന്നതാണ് റിയാലിറ്റി. ഞാന്‍ പൊതുവേ മലയാളമല്ലാത്ത ഭാഷയിലുള്ള സിനിമകള്‍ വളരെ കുറവ് കാണുന്ന ആളാണ്.
പിന്നെ റൈഫിള്‍ ക്ലബിലേക്ക് വരുമ്പോള്‍ അതിന്റെ റൈറ്റേഴ്‌സിനെയും ഡയറക്ടറിനെയും ഉറച്ചു വിശ്വസിച്ചു എന്നതാണ്. എനിക്ക് അങ്ങനെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള ആരും ആ ടീമിലില്ലായിരുന്നു. ആ പ്രൊജക്റ്റില്‍ നമ്മള്‍ക്ക് ആദ്യം മുതലേ ഒരു കോണ്‍ഫിഡന്‍സുണ്ടായിരുന്നു. നറേറ്റീവ് ഇന്‍ഡ്രസ്റ്റിങ് ആയിരുന്നു. കഥാപാത്രങ്ങളും മനോഹരമായിരുന്നു,’ദിലീഷ് പോത്തന്‍ പറയുന്നു.
Content Highlight: Dileesh Pothan says he is not very comfortable in languages other than Malayalam.