ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് കലോത്സവത്തിന്റെ ചീഫ് ഗസ്റ്റ് ചാക്കോച്ചനായിരുന്നു, ഇന്നും അതിന് മാറ്റമില്ല: ദിലീഷ് പോത്തന്‍
Malayalam Cinema
ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് കലോത്സവത്തിന്റെ ചീഫ് ഗസ്റ്റ് ചാക്കോച്ചനായിരുന്നു, ഇന്നും അതിന് മാറ്റമില്ല: ദിലീഷ് പോത്തന്‍
അമര്‍നാഥ് എം.
Saturday, 18th April 2026, 4:14 pm

സഹസംവിധായകനായി സിനിമാജീവിതം ആരംഭിച്ച് പിന്നീട് സംവിധാനത്തിലും അഭിനയത്തിലും തന്റെ കഴിവ് തെളിയിച്ചയാളാണ് ദിലീഷ് പോത്തന്‍. സംവിധാനം ചെയ്ത രണ്ട് സിനിമകള്‍ക്കും ദേശീയ പുരസ്‌കാരം ലഭിച്ച ദിലീഷ് പോത്തന്‍ ഇപ്പോള്‍ അഭിനയത്തിലാണ് കൂടുതലായി ശ്രദ്ധ നല്‍കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഒരു ദുരൂഹ സാഹചര്യത്തില്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. മധു എന്ന കഥാപാത്രത്തെയാണ് ദിലീഷ് പോത്തന്‍ അവതരിപ്പിച്ചത്. കുഞ്ചാക്കോ ബോബന്‍- ദിലീഷ് പോത്തന്‍ കോമ്പോ കൃത്യമായി വര്‍ക്കൗട്ടായിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. കഴിഞ്ഞദിവസം കുഞ്ചാക്കോ ബോബനെക്കുറിച്ച് ദിലീഷ് പോത്തന്‍ പങ്കുവെച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

ദിലീഷ് പോത്തന്‍ Photo: Screen grab/ Cue Studio

കോളേജ് ഡേയ്ക്ക് വിശിഷ്ടാതിഥികളായി ചെന്നവരായിരുന്നു ഇരുവരും. താന്‍ കോളേജില്‍ പഠിക്കുന്ന സമയത്തും ഇത്തരത്തില്‍ ഒരുപാട് സിനിമാതാരങ്ങള്‍ കോളേജിലെ പരിപാടികള്‍ക്ക് ചീഫ് ഗസ്റ്റായി വരുമായിരുന്നെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു. അത്തരത്തില്‍ കുഞ്ചാക്കോ ബോബനും വന്നിട്ടുണ്ടായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് കലോത്സവത്തിന് ചീഫ് ഗസ്റ്റായി വന്നിട്ടുള്ളയായിരുന്നു കുഞ്ചാക്കോ ബോബന്‍. അന്ന് ഞാന്‍ കോളേജ് യൂണിയനിലൊക്കെയുണ്ടായിരുന്നു. അന്ന് ടീനേജുകാരുടെ ഇഷ്ടതാരമായിരുന്നു ചാക്കോച്ചന്‍. ഇന്നും അതേ ചാര്‍മിങ്ങാണ്. എനിക്ക് മാത്രമല്ല, എന്റെ തലമുറയിലെ പലര്‍ക്കും ഈ അനുഭവമുണ്ടായിട്ടുണ്ടാകും.

കുഞ്ചാക്കോ ബോബന്‍ Photo: Screen grab/ Pearley Maaney show

നിങ്ങളൊക്കെ വീട്ടില്‍ ചെന്ന് അച്ഛനമ്മമാരോടും വല്യപ്പനോടും വല്യമ്മയോടുമൊക്കെ ചോദിച്ചാല്‍ അവരും പറയും അവരുടെ കോളേജ് കാലത്ത് ചാക്കോച്ചന്‍ ചീഫ് ഗസ്റ്റായി വന്നിട്ടുണ്ടായിരുന്നെന്ന്. കാലങ്ങളെത്ര മാറിയാലും ഇദ്ദേഹം അതേ രീതിയില്‍ ഇവിടെ തന്നെ തുടരുമെന്ന് പറയാന്‍ ഇതൊക്കയല്ലേ ഉദാഹരണം,’ ദിലീഷ് പോത്തന്‍ പറയുന്നു.

വയനാട്ടിലെ തോല്‍പ്പെട്ടി എന്ന ഗ്രാമത്തിന്റെയും അതുമായി ചുറ്റിപ്പറ്റി നടക്കുന്ന മാവോയിസ്റ്റ് രാഷ്ട്രീയത്തിന്റെയും കഥയാണ് ഒരു ദുരൂഹ സാഹചര്യത്തില്‍ പറയുന്നത്. സൈക്കോളജിക്കല്‍ കോമഡി ഴോണറിലാണ് സംവിധായകന്‍ കഥ പറയുന്നത്. അഭിനയിച്ച എല്ലാവരുടെയും ഗംഭീര പെര്‍ഫോമന്‍സ് ലഭിച്ച ചിത്രം ബോക്‌സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

Content Highlight: Dileesh Pothan saying Kunchacko Boban was the chief guest during his College days

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം