| Wednesday, 11th June 2025, 12:51 pm

അഭിനയിച്ചാല്‍ ഒരു ദിവസം 10000 രൂപ കിട്ടുമെന്നത് തന്നെയാണ് എന്നെ അതിലേക്ക് അടുപ്പിച്ചത്: ദിലീഷ് പോത്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ സംവിധായകനായി സിനിമയിലെത്തിയ ദിലീഷ് പോത്തന്റെ നടനിലേക്കുള്ള യാത്ര വളരെ പെട്ടെന്നായിരുന്നു. ഇന്ന് മലയാള സിനിമയില്‍ ഒഴിച്ചുനിര്‍ത്താന്‍ കഴിയാത്ത നടനായി ദിലീഷ് മാറിക്കഴിഞ്ഞു.

സംവിധായകനില്‍ നിന്നും ഒരു നടനിലേക്കുള്ള യാത്രയെ കുറിച്ചും നടന്‍ എന്ന നിലയില്‍ ഇന്ന് എത്രമാത്രം ആത്മവിശ്വാസം ഉണ്ടെന്നുമൊക്കെ പറയുകയാണ് ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടനും സംവിധായകനും നിര്‍മാതാവുമായ ദിലീഷ് പോത്തന്‍.

‘ആക്ടര്‍ എന്ന നിലയില്‍ കുറച്ചുകൂടി കോണ്‍ഫിഡന്റ് ആയി തുടങ്ങിയിട്ടുണ്ട്. അത് ഓവര്‍ കോണ്‍ഫിഡന്റ് ആകാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കുകയാണ്.

പണ്ടത്തേക്കാള്‍ ആത്മ വിശ്വാസം ഉണ്ട്. കുറച്ചുകൂടി സീരിയസ് ആയി ഇന്ന് അഭിനയത്തെ കാണുന്നു എന്നത് തന്നെയാണ്. അഭിനയിച്ചു തുടങ്ങുമ്പോള്‍ ഒരു ദിവസം പതിനായിരം രൂപ കിട്ടും എന്ന എക്‌സൈറ്റ്‌മെന്റ് തന്നെയാണ് എന്നെ അതിലേക്ക് ആദ്യ ഘട്ടത്തില്‍ അട്രാക്ട് ചെയ്തത്.

പിന്നെ എനിക്ക് കിട്ടിയ അവസരങ്ങള്‍ തന്നെയാണ് പ്രധാനം. കുറച്ചുകൂടി ഡെഡിക്കേറ്റഡായി വര്‍ക്ക് ചെയ്യണമെന്ന് തോന്നുന്നത് അപ്പോഴാണ്. അഭിനയിച്ചു തുടങ്ങിയപ്പോള്‍ ആ പ്രോസസ് ഞാന്‍ ആസ്വദിച്ചുതുടങ്ങി.

ഒരു ക്യാരക്ടര്‍ ആയി മാറുന്നതൊക്കെ എന്‍ജോായ് ചെയ്യുന്നത് പിന്നീടാണ്. ഇപ്പോള്‍ ഉറപ്പായും അഭിനയത്തെ വളരെ സീരിയസ് ആയിട്ടാണ് കാണുന്നത്.

പിന്നെ കുറച്ചുകൂടി ഭാഗ്യം ഉണ്ടായെന്ന് തോന്നുന്നുണ്ട്. അതുപോലെ മറ്റുള്ളവര്‍ നമ്മുടെ മേല്‍ കാണിക്കുന്ന വിശ്വാസം. ഒരാള്‍ വിളിച്ച് നമുക്കൊരു കഥാപാത്രം തരുമ്പോഴാണല്ലോ ഇത് സംഭവിക്കുന്നത്.

പിന്നെ കഥാപാത്രത്തിന് വ്യത്യസ്തത ഉണ്ടെങ്കില്‍ പെര്‍ഫോമന്‍സും വ്യത്യസ്തമാകുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഇമോഷണല്‍ സീനിലൊക്കെ പ്രത്യേകിച്ച്.

അക്കാര്യത്തില്‍ സംവിധായകനേയും തിരക്കഥാകൃത്തിനേയും വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. ഒരേപോലത്തെ കഥാപാത്രവും സിറ്റുവേഷനും തന്നാല്‍ ഒരേ സ്വഭാവത്തിലേക്ക് നമ്മുടെ അഭിനയം വീഴും.

വ്യത്യസ്തമായ സാധനങ്ങള്‍ തരാന്‍ സംവിധായകരും എഴുത്തുകാരും തയ്യറാകുന്നുണ്ട്. ആ റെസ്‌പെക്ട് എനിക്ക് അവരോട് ഉണ്ട്. കുറച്ചുകൂടി ഡെഡിക്കേറ്റഡായി വര്‍ക്ക് ചെയ്യാന്‍ ഇപ്പോള്‍ ശ്രമിക്കാറുണ്ട്.

കുറച്ചുകൂടി നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. നല്ല കഥാപാത്രത്തിനായി വെയ്റ്റിങ്ങാണെന്ന് പറയാം,’ ദിലീഷ് പോത്തന്‍ പറയുന്നു.

Content Highlight: Dileesh Pothan about His Acting and Passion

We use cookies to give you the best possible experience. Learn more