മോളിവുഡിന്റെ ഗതിമാറ്റിയ സിനിമകളിലൊന്നായി പലരും പരിഗണിക്കുന്ന ചിത്രമാണ് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍. താരബാഹുല്യമില്ലാതെ ശക്തമായ കണ്ടന്റുമായി വന്ന് ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയ ചിത്രം ഇന്നും പലരുടെയും ഫേവറെറ്റാണ്. ഒരു ദോശ ഉണ്ടാക്കിയ കഥ രചിച്ചത് ദിലീഷ് നായരും ശ്യാം പുഷ്‌കറും ചേര്‍ന്നാണ്.
ഇപ്പോഴിതാ സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ചിത്രത്തിന്റെ എഴുത്തുകാരിലൊരാളായ ദിലീഷ് നായര്‍. ഫുഡ്ഡികളായ രണ്ട് പേരുട കഥ എന്ന രീതിയിലാണ് സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ ചിന്ത തന്നിലേക്ക് വന്നതെന്ന് ദിലീഷ് പറഞ്ഞു. പിന്നീട് അത് ഇന്ന് കാണുന്ന രീതിയിലേക്ക് മാറ്റിയത് ഒരുപാട് സമയമെടുത്തിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷെഫ് നളനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കഥ കംപ്ലീറ്റായ സമയത്ത് മനസിലുണ്ടായിരുന്നത് ശ്രീനിയേട്ടനായിരുന്നു. അദ്ദേഹം ആ കഥാപാത്രം ചെയ്താല്‍ നന്നാകുമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ ആ സമയത്ത് ശ്രീനിയേട്ടന് ഒരുപാട് തിരക്കുകളുണ്ടായിരുന്നു. പിന്നീട് ആര് ആ വേഷം ചെയ്യുമെന്ന് ആലോചിച്ചു. അങ്ങനെയാണ് ലാലേട്ടന്റെ (സിദ്ദിഖ്- ലാല്‍ ടീമിലെ ലാല്‍) അടുത്ത് ചെന്നത്.
സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, മമ്മൂട്ടി Photo: Rotten Tomatoes
‘എന്നെ നായകനാക്കിയാല്‍ പടം ഓടില്ല, നിങ്ങള്‍ക്ക് മമ്മൂക്കയെ നോക്കിക്കൂടെ’ എന്നായിരുന്നു ലാലേട്ടന്റെ മറുപടി. പക്ഷേ, കാളിദാസ് എന്ന കഥാപാത്രത്തിനെ നോക്കിയാല്‍ അയാള്‍ നല്ല കോംപ്ലക്‌സുള്ള ആളാണ്. താടിയും മുടിയും കുറേശ്ശെ നരച്ച് പ്രായമായ, കല്യാണം കഴിയാത്ത ഒരാളായിട്ട് മമ്മൂക്കയെ അവതരിപ്പിച്ചാല്‍ ജനം അത് അംഗീകരിക്കില്ല. അങ്ങനെ ലാലേട്ടനെക്കൊണ്ട് ഓക്കെ പറയിക്കുകയായിരുന്നു,’ ദിലീഷ് നായര്‍ പറയുന്നു.
കുക്ക് ബാബു എന്ന കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് സുരാജ് വെഞ്ഞാറമൂടിനെയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഹനുമാന്‍ ഭക്തനും സ്വല്പം മസിലുമൊക്കെയുള്ള കഥാപാത്രമായതിനാല്‍ ബാബുരാജ് തങ്ങളുടെ ചര്‍ച്ചയിലേക്ക് എത്തിയെന്നും ദിലീഷ് കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ വിചാരിച്ചതിനെക്കാള്‍ ബാബുരാജ് ആ കഥാപാത്രം ഗംഭീരമാക്കിയെന്നും അദ്ദേഹം പറയുന്നു.
‘കഥയെപ്പറ്റി ആദ്യം പ്ലാന്‍ ചെയ്ത സമയത്ത് ദോശ എന്ന ഐഡിയ ഉണ്ടായിരുന്നില്ല. പിസ്സയെ ചുറ്റിപ്പറ്റി പറയുന്ന കഥയായിരുന്നു ആദ്യം ഉദ്ദേശിച്ചത്. പക്ഷേ, മലയാളികള്‍ക്കിടയില്‍ പിസ്സ എന്ന ഐഡിയ വര്‍ക്കാകാത്തതുകൊണ്ട് ദോശയിലേക്ക് മാറുകയായിരുന്നു. ആ പടം ശ്രദ്ധിച്ചാല്‍ അതിന്റെ എല്ലാ സീനിലും ഏതെങ്കിലുമൊരു ഫുഡ്ഡിനെക്കുറിച്ച് സംസാരമുണ്ടാകും. അത് ആ ഒരു ഫ്‌ളോയില്‍ വന്നതാണ്,’ ദിലീഷ് നായര്‍ പറഞ്ഞു.
Content Highlight: Dileesh Nair saying Lal suggested Mammootty for lead role in Salt n Pepper movie