മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് ദിലീഷ് കരുണാകരന്‍. ആഷിക് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെയാണ് ദിലീഷ് സിനിമയില്‍ സജീവമായത്. ആഷിക് അബു, ശ്യാം പുഷ്‌കര്‍ എന്നിവര്‍ക്കൊപ്പം ഇടുക്കി ഗോള്‍ഡ്, ഡാ തടിയാ, മായാനദി എന്നീ ചിത്രങ്ങളില്‍ കോ റൈറ്ററായി ദിലീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സംവിധാന മേഖലയിലും ദിലീഷ് തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.
ആദ്യചിത്രമായ ടമാര്‍ പഠാറിന് ശേഷം സംവിധാനത്തിന് 12 വര്‍ഷത്തെ ഇടവേളയെടുത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ദിലീഷ് കരുണാകരന്‍. ടമാര്‍ പഠാറിന് രണ്ടാം ഭാഗം ആലോചിച്ചിരുന്നെന്നും എന്നാല്‍ മടി കാരണം അത് നടക്കാതെ പോയെന്നും ദിലീഷ് കരുണാകരന്‍ പറഞ്ഞു. സംവിധാനം ചെയ്തില്ലെങ്കിലും മായാനദിയുടെ എഴുത്തില്‍ പങ്കാളിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ടമാര്‍ പഠാറിന് ശേഷം പിന്നെ ഇപ്പോഴാണ് ഒരു പടം സംവിധാനം ചെയ്തത്. പൗരന്‍ എന്ന കഥാപാത്രത്തിന് ഒരു തുടര്‍ഭാഗം പ്ലാന്‍ ചെയ്തിരുന്നു. അതിപ്പോള്‍ പൃഥ്വിരാജ് ഇല്ലെങ്കിലും ചെയ്യാന്‍ സാധിക്കും. കാരണം, പൗരന്‍ എന്ന പേര് ആര്‍ക്കും ഇടാവുന്ന ഒന്നാണ്. വേറൊരു തരത്തില്‍ വേറൊരു പൗരന്‍ നായകനാകുന്ന കഥയായി പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ മടി കാരണം ഒന്നും നടന്നില്ല. പിന്നെ മായാനദിയുടെ എഴുത്തില്‍ പങ്കാളിയായിരുന്നു. അതുകൊണ്ട് വേറെ പടമൊന്നും ചെയ്തില്ല,’ ദിലീഷ് കരുണാകരന്‍ പറഞ്ഞു.
റൈറ്റേഴ്‌സ് യൂണിയന്‍ നിര്‍മിച്ച കാപ്പ എന്ന സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അത് പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷത്തോളം വേണ്ടിവന്നെന്നും ദിലീഷ് കൂട്ടിച്ചേര്‍ത്തു. പ്രായമായ എഴുത്തുകാര്‍ക്ക് പെന്‍ഷന്‍ നല്‍കുക എന്ന ലക്ഷ്യത്തില്‍ എടുത്തതാണ് ആ സിനിമയെന്നും ഒരുപാട് പ്രശ്‌നങ്ങള്‍ ആ സമയത്ത് നേരിട്ടെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ദിലീഷ് കരുണാകരന്‍.
‘മായാനദി കഴിഞ്ഞിട്ട് നില്‍ക്കുന്ന സമയത്ത് ഒരു പടത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയായിരുന്നു. പൃഥ്വിരാജ് നായകനായ കാപ്പയായിരുന്നു ആ സിനിമ. റൈറ്റേഴ്‌സ് യൂണിയനായിരുന്നു ആ പടം പ്രൊഡ്യൂസ് ചെയ്തത്. അതില്‍ ഒരാളായിരുന്നു ഞാന്‍. സംവിധായകനും ബാക്കിയുള്ളവരുമൊക്കെ പലപ്പോഴും മാറി വന്നിട്ടാണ് ആ പടം കംപ്ലീറ്റാക്കാന്‍ സാധിച്ചത്.
പ്രായമായിട്ടുള്ള എഴുത്തുകാര്‍ക്ക് പെന്‍ഷന്‍ കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിയന്‍ ആ സിനിമ എടുത്തത്. അപ്പോള്‍ ഒരാള്‍ക്ക് ഒറ്റക്ക് ഒരു തീരുമാനം എടുക്കാന്‍ പറ്റില്ല. എല്ലാവരും കൂടിയാലോചിച്ച് വേണം ഓരോന്ന് ചെയ്യാന്‍. അങ്ങനെ ഓരോന്ന് തീരുമാനിച്ച് വന്നപ്പോള്‍ പടം തീരാന്‍ രണ്ട് വര്‍ഷമെടുത്തു,’ ദിലീഷ് കരുണാകരന്‍ പറയുന്നു.
Content Highlight: Dileesh Karunakaran shares the problems he faced while he was producing Kaappa movie