മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് ദിലീഷ് കരുണാകരന്‍. ആഷിക് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെയാണ് ദിലീഷ് സിനിമയില്‍ സജീവമയത്. ആഷിക് അബു, ശ്യാം പുഷ്‌കര്‍ എന്നിവര്‍ക്കൊപ്പം ഇടുക്കി ഗോള്‍ഡ്, ഡാ തടിയാ, മായാനദി എന്നീ ചിത്രങ്ങളില്‍ കോ റൈറ്ററായി ദിലീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സംവിധാന മേഖലയിലും ദിലീഷ് തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.
ശ്യാം പുഷ്‌കര്‍, ദിലീഷ് കരുണാകരന്‍ എന്നിവരുടെ തിരക്കഥയില്‍ ആഷിക് അബു സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇടുക്കി ഗോള്‍ഡ്. ലഹരിയെ പ്രൊമോട്ട് ചെയ്യുന്നു എന്ന പേരില്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ ഇടുക്കി ഗോള്‍ഡ് വിമര്‍ശനത്തിന് വിധേയമാകാറുണ്ട്. അത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ദിലീഷ് കരുണാകരന്‍.
ഒരു ചെറുകഥയില്‍ നിന്നാണ് ചിത്രത്തിന്റെ ഐഡിയ കിട്ടിയതെന്ന് ദിലീഷ് കരുണാകരന്‍ പറഞ്ഞു. അതിലേക്ക് രണ്ട് കാലഘട്ടത്തിലെ കഥകള്‍ ചേര്‍ത്തെന്നും അങ്ങനെയാണ് ഇപ്പോള്‍ കാണുന്ന രൂപത്തിലേക്ക് സിനിമ മാറിയതെന്നും ദിലീഷ് കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ കാണിച്ച കഞ്ചാവ് ചെടി ചൈനയില്‍ നിന്ന് വരുത്തിയതാണെന്നും അത് മുഴുവന്‍ പ്ലാസ്റ്റിക്കാണെന്നും ദിലീഷ് കരുണാകരന്‍ പറയുന്നു.
ചിത്രത്തിന്റെ കഥയില്‍ കഞ്ചാവ് എന്ന ഫാക്ടര്‍ കൊണ്ടുവന്നതില്‍ പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നും സിനിമയുടെ മുന്നോട്ടുപോക്കിന് വേണ്ടിയായിരുന്നെന്നും ദിലീഷ് കൂട്ടിച്ചേര്‍ത്തു. ഇടുക്കിയിലെ മാങ്ങ കഴിക്കാന്‍ വേണ്ടി പോകുന്നത് കാണിച്ചാല്‍ കഥ മുന്നോട്ട് പോകില്ലെന്നും കഞ്ചാവിന് വേണ്ടി പോകുന്നതാണ് കഥയുടെ എക്‌സ് ഫാക്ടറെന്നും ദിലീഷ് കരുണാകരന്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ദിലീഷ് കരുണാകരന്‍.
‘ഒരു ചെറുകഥയില്‍ നിന്ന് കിട്ടിയ ത്രെഡ്ഡാണ് ഇടുക്കി ഗോള്‍ഡിന്റേത്. കൂടെപ്പഠിച്ച ഫ്രണ്ട്‌സിനെപ്പറ്റി പത്രത്തില്‍ വാര്‍ത്ത കൊടുക്കുന്ന ഒരു മനുഷ്യന്‍ എന്ന് മാത്രമേ കഥയില്‍ ഉണ്ടായിരുന്നുള്ളൂ. പിന്നെ അതിനെ രണ്ട് കാലഘട്ടമാക്കി മാറ്റി. ഓരോ സെഗ്മെന്റാക്കി അവതരിപ്പിച്ചത് ടാറന്റിനോയില്‍ നിന്ന് ഇന്‍സ്പിറേഷനായി എടുത്തതാണ്. ക്ലൈമാക്‌സിലെ കഞ്ചാവ് ചെടി ചൈനയില്‍ നിന്ന് കൊണ്ടുവന്നതാണ്.
25 ലക്ഷമാണ് ആ ചെടികള്‍ക്ക് വേണ്ടി ചെലവായത്. കാരണം, അത് മൊത്തം പ്ലാസ്റ്റിക്കായിരുന്നു. പിന്നെ കഞ്ചാവ് എന്ന ഫാക്ടര്‍ കൊണ്ടുവന്നത് കഥ മുന്നോട്ടുപോകാനാണ്. ഇടുക്കിയിലെ മാമ്പഴം കഴിക്കാന്‍ പോകുന്നത് കാണിച്ചാല്‍ കഥ മുന്നോട്ടുപോകില്ല. കഞ്ചാവിന് വേണ്ടി വീണ്ടും അങ്ങോട്ട് പോകുന്നതാണ് കഥയുടെ എക്‌സ് ഫാക്ടര്‍,’ ദിലീഷ് കരുണാകരന്‍ പറഞ്ഞു.
Content Highlight: Dileesh Karunakaran about Idukki Gold Movie