| Thursday, 15th May 2025, 9:58 pm

ഷാജി കൈലാസിനെയും ആ സംവിധായകനെയും കളിയാക്കാന്‍ വേണ്ടിയല്ല സാള്‍ട്ട് ആന്‍ഡ് പെപ്പറില്‍ ദിലീഷിന്റെ കഥാപാത്രത്തെ ഉണ്ടാക്കിയത്: ദിലീഷ് കരുണാകരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആഷിക് അബു സംവിധാനം ചെയ്ത് 2011ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍. ശ്യാം പുഷ്‌കര്‍, ദിലീഷ് കരുണാകരന്‍ എന്നിവരുടെ രചനയില്‍ പുറത്തുവന്ന ചിത്രം ആ വര്‍ഷത്തെ വന്‍ വിജയമായി മാറി. ലാല്‍, ആസിഫ് അലി, ശ്വേത മേനോന്‍, മൈഥിലി എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം പ്രമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധേയമായി മാറി.

ചിത്രത്തെക്കുറിച്ച് ഇന്നും വരുന്ന ചര്‍ച്ചകളിലൊന്നാണ് ദിലീഷ് പോത്തന്‍ അവതരിപ്പിച്ച അസിസ്റ്റന്റ് ഡയറക്ടറുടെ കഥാപാത്രം. മലയാളത്തിലെ മുന്‍നിര സംവിധായകനായ ഷാജി കൈലാസിനെ കളിയാക്കാന്‍ വേണ്ടിയുള്ള കഥാപാത്രമാണ് അതെന്ന് പല തരത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അത്തരം വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് ദിലീഷ് കരുണാകരന്‍.

ആ കഥാപാത്രം ഒരു സംവിധായകനെയും ഉദ്ദേശിച്ച് എഴുതിയതല്ലെന്ന് ദിലീഷ് കരുണാകരന്‍ പറഞ്ഞു. ഷാജി കൈലാസിനെയും വി.എം. വിനുവിനെയും കളിയാക്കാന്‍ വേണ്ടി ഉണ്ടാക്കിയ കഥാപാത്രമാണെന്ന് പലരും ആരോപിക്കുന്നുണ്ടെന്നും എന്നാല്‍ അതില്‍ യാതൊരു സത്യവുമില്ലെന്നും ദിലീഷ് കൂട്ടിച്ചേര്‍ത്തു. അന്നത്തെ കാലത്ത് നെറ്റിയില്‍ കുറെ കുറിയും കൈയില്‍ ചരടുകളുമുള്ള അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ ഉണ്ടായിരുന്നെന്നും അവരെ ഉദ്ദേശിച്ച് ചെയ്ത കഥാപാത്രമായിരുന്നു അതെന്നും ദിലീഷ് കരുണാകരന്‍ പറയുന്നു.

എന്നാല്‍ സിനിമ റിലീസായ ശേഷം പലരും പല കാര്യങ്ങളും പടച്ചുവിടാന്‍ തുടങ്ങിയെന്നും അതില്‍ കാര്യമില്ലെന്നും ദിലീഷ് കൂട്ടിച്ചേര്‍ത്തു. സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ റിലീസിന് ശേഷം ഷാജി കൈലാസും വി.എം. വിനുവും തന്നെ ഫോണ്‍ വിളിച്ച് സംസാരിച്ചെന്നും അവര്‍ക്ക് സിനിമ ഇഷ്ടമായെന്ന് അറിയിച്ചെന്നും ദിലീഷ് കരുണാകരന്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ദിലീഷ് കരുണാകരന്‍.

‘ആ സംവിധായകന്‍ ദിലീഷ് പോത്തനാണ്. അല്ലാതെ വേറെ ആരെയും ഉദ്ദേശിച്ച് എഴുതിയതല്ല. പലരും പറയുന്നത് കാണാറുണ്ട്, ആ ക്യാരക്ടര്‍ ഷാജി ചേട്ടനാണെന്നും വി.എം. വിനുവാണെന്നുമൊക്കെ. അതിലൊന്നും ഒരു കാര്യവുമില്ല. അന്നൊക്കെ പല അസിസ്റ്റന്റ് ഡയറക്ടേഴ്‌സിന്റെ സ്ഥിരം ഗെറ്റപ്പാണ് ഞങ്ങള്‍ സാള്‍ട്ട് ആന്‍ഡ് പെപ്പറില്‍ കാണിച്ചത്.

നെറ്റിയില്‍ മൂന്നുനാല് കുറിയും കൈയില്‍ ഒരുപാട് ചരടുമൊക്കെയുള്ള ആള്‍ക്കാരെ എപ്പോഴും കാണാമായിരുന്നു. അതിനെ ഉദ്ദേശിച്ച് എഴുതിയ കഥാപാത്രത്തെയാണ് ദിലീഷ് പോത്തന്‍ അവതരിപ്പിച്ചത്. സിനിമയുടെ റിലീസിന് ശേഷം ഷാജി ചേട്ടനും വി.എം. വിനു ചേട്ടനുമൊക്കെ വിളിച്ചിരുന്നു. അവര്‍ക്കാര്‍ക്കും ഈ പറഞ്ഞ കാര്യം തോന്നിയില്ലെന്ന് മാത്രമല്ല, അവര്‍ക്ക് സിനിമ ഇഷ്ടമാവുകയും ചെയ്തു,’ ദിലീഷ് കരുണാകരന്‍ പറഞ്ഞു.

Content Highlight: Dileesh Karunakaran about Dileesh Pothan’s character in Salt N Pepper movie

We use cookies to give you the best possible experience. Learn more