| Sunday, 18th May 2025, 3:41 pm

ആഷിക് അബുവും ലാലേട്ടനും തമ്മിലുള്ള പടം പ്ലാന്‍ ചെയ്തിരുന്നു, എന്നാല്‍ ആ കാരണം കൊണ്ട് നടക്കാതെ പോയി: ദിലീഷ് കരുണാകരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് ദിലീഷ് കരുണാകരന്‍. ആഷിക് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെയാണ് ദിലീഷ് സിനിമയില്‍ സജീവമായത്. ആഷിക് അബു, ശ്യാം പുഷ്‌കര്‍ എന്നിവര്‍ക്കൊപ്പം ഇടുക്കി ഗോള്‍ഡ്, ഡാ തടിയാ, മായാനദി എന്നീ ചിത്രങ്ങളില്‍ കോ റൈറ്ററായി ദിലീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സംവിധാന മേഖലയിലും ദിലീഷ് തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

ആഷിക് അബുവും മോഹന്‍ലാലും തമ്മിലുള്ള സിനിമയെക്കുറിച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയയില്‍ പല അഭ്യൂഹങ്ങളും കേള്‍ക്കുന്നുണ്ട്. അത്തരം റൂമറുകളോട് പ്രതികരിക്കുകയാണ് ദിലീഷ് കരുണാകരന്‍. ആഷിക് അബുവും മോഹന്‍ലാലും തമ്മിലുള്ള സിനിമയുടെ പ്ലാന്‍ പണ്ട് നടന്നിട്ടുണ്ടായിരുന്നെന്ന് ദിലീഷ് കരുണാകരന്‍ പറഞ്ഞു.

എന്നാല്‍ പിന്നീട് ആ പ്രൊജക്ട് നടക്കാതെ പോയെന്നും അതിന് കാരണം അന്നത്തെ സമയമായിരുന്നെന്നും ദിലീഷ് കൂട്ടിച്ചേര്‍ത്തു. എല്ലാം ശരിയായി വരുമ്പോള്‍ സിനിമ ചെയ്യാമെന്നായിരുന്നു പ്ലാനെന്ന് ദിലീഷ് കരുണാകരന്‍ പറയുന്നു. എന്നാല്‍ അങ്ങനെയൊരു സമയം കിട്ടിയില്ലെന്നും അതുകൊണ്ട് ആ പ്രൊജക്ട് നടക്കാതെ പോയെന്നും ദിലീഷ് കൂട്ടിച്ചേര്‍ത്തു.

ഷാരൂഖ് ഖാനെ കാണാന്‍ ആഷിക് അബുവും ശ്യാം പുഷ്‌കറും കൂടി പോയിരുന്നെന്നും അന്ന് ഒരുപാട് ചര്‍ച്ച നടന്നിരുന്നെന്നും ദിലീഷ് കരുണാകരന്‍ പറയുന്നു. ഒരു കഥ ഷാരൂഖിന് ഇഷ്ടമായെന്ന് ശ്യാം തന്നോട് പറഞ്ഞിരുന്നെന്നും അത് നടക്കാന്‍ സാധ്യതയില്ലെന്നും ദിലീഷ് കൂട്ടിച്ചേര്‍ത്തു. ആ പ്രൊജക്ടില്‍ താന്‍ ചിലപ്പോള്‍ മാത്രമേ ഭാഗമാകുകയുള്ളൂവെന്നും ദിലീഷ് കരുണാകരന്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ദിലീഷ് കരുണാകരന്‍.

‘ആഷിക് അബുവും ലാലേട്ടനും തമ്മിലുള്ള പ്രൊജക്ടിനെപ്പറ്റി അന്ന് കേട്ടത് ശരിയാണ്. അന്ന് അങ്ങനെയൊരു പ്രൊജക്ടിനെപ്പറ്റി പ്ലാന്‍ ചെയ്തിരുന്നു. ഏതാണ്ട് അത് ശരിയായതുമായിരുന്നു. എന്നാല്‍ ടൈമിങ് ശരിയായി വന്നില്ല. എല്ലാം ശരിയായിട്ട് ആ പടം ചെയ്യാമെന്ന് വിചാരിച്ച് ഇരുന്ന് ഒടുവില്‍ അത് നടക്കാതെ പോവുകയായിരുന്നു.

ഷാരൂഖ് ഖാനെ കാണാന്‍ പോയത് ഞാനല്ല, അത് ആഷികും ശ്യാമും കൂടിയായിരുന്നു. അന്ന് എന്തൊക്കെയോ സംസാരിച്ചെന്ന് അറിഞ്ഞു. ശ്യാം പറഞ്ഞ ഒരു കഥ ഷാരൂഖിന് ഇഷ്ടപ്പെട്ടെന്നും ചെയ്യാമെന്ന് സമ്മതിച്ചെന്നും അറിഞ്ഞു. എന്നാല്‍ അത് എപ്പോഴായിരിക്കുമെന്ന് അറിയില്ല. അതില്‍ ഞാന്‍ ചിലപ്പോള്‍ മാത്രമേ ഭാഗമാവുകയുള്ളൂ,’ ദിലീഷ് കരുണാകരന്‍ പറയുന്നു.

Content Highlight: Dileesh Karunakaran about Aashiq Abu Mohanlal project

We use cookies to give you the best possible experience. Learn more