കൊവിഡിന് ശേഷം സിനിമാ മേഖലയെ സംബന്ധിച്ചിടത്തോളം വലിയ മാര്‍ക്കറ്റായിരുന്നു ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ തുറന്ന് നല്‍കിയത്. തിയേറ്ററുകള്‍ക്ക് മാത്രമായി സിനിമകള്‍ നിര്‍മിക്കുന്നതിന് പകരം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ലക്ഷ്യം വെച്ച് ചിത്രങ്ങള്‍ നിര്‍മിക്കുന്നത് ഇന്ന് മോളിവുഡിലടക്കം പതിവുള്ള കാര്യമാണ്. ബോക്‌സ് ഓഫീസില്‍ കാര്യമായി ഒന്നും ചെയ്യാനില്ലാത്ത ചിത്രങ്ങള്‍ക്ക് ഒ.ടി.ടി ബിസിനസ് വലിയ ആശ്വാസമാകാറുണ്ട്. മുടക്കുമുതലിന്റെ ചെറിയ ഭാഗമെങ്കിലും തിരിച്ചുപിടിക്കാന്‍ നിര്‍മാതാവിന് ഇതിലൂടെ സാധിക്കാറുണ്ട്.

എന്നാല്‍ തിയേറ്ററില്‍ വമ്പന്‍ പരാജയമാകുന്നതോടെ ഒ.ടി.ടി സ്ട്രീമിങ് പാര്‍ട്ണറെ കണ്ടെത്താന്‍ സാധിക്കാത്ത ചിത്രങ്ങളും ഒട്ടനവധിയാണ്. മലയാളത്തില്‍ തന്നെ ഇത്തരത്തില്‍ വെളിച്ചം കാണാത്ത ചിത്രങ്ങള്‍ ഒട്ടനവധിയാണ്. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പേരായിരുന്നു ദിലീപ് നായകനായ ബാന്ദ്രയുടേത്. അരുണ്‍ ഗോപി സംവിധാനം ചെയ്ത് ദിലീപ് നായകനായെത്തിയ ചിത്രം 2023 നവംബര്‍ 10നായിരുന്നു തിയേറ്ററുകളില്‍ റിലീസിനെത്തിയത്.

ബാന്ദ്ര. Photo: The Light Wisbech

35കോടിയിലധികം ബജറ്റില്‍ വലിയ സ്‌കെയിലിലൊരുക്കിയ ചിത്രത്തിന് എന്നാല്‍ ബോക്‌സ് ഓഫീസില്‍ കാര്യമായി ഒന്നും ചെയ്യാനില്ലാതെ പോകുകയായിരുന്നു. ചിത്രം കണ്ടിറങ്ങിയവരില്‍ നിന്നും നെഗറ്റീവ് റിവ്യൂസ് ലഭിച്ചതോടെ ആറ് കോടി രൂപ മാത്രം ലഭിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തുകയായിരുന്നു. സൂപ്പര്‍ താരം തമന്ന ആദ്യമായി മലയാളത്തില്‍ വേഷമിടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. രാമലീല എന്ന ഹിറ്റ് ചിത്രം ഒരുക്കിയ അരുണ്‍ ഗോപി-ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോള്‍ നിരാശയായിരുന്നു ഫലം.

ഇതിന് പിന്നാലെയാണ് ചിത്രത്തിന് ഒ.ടി.ടി സ്ട്രീമിങ്ങിന് പ്ലാറ്റ്‌ഫോം കിട്ടാതെയായത്. ഇപ്പോഴിതാ ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സീ ഫൈവിലൂടെ സ്ട്രീമിങ് ആരംഭിക്കും എന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സെപ്റ്റംബര്‍ രണ്ടാമത്തെ ആഴ്ചയോടെ ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ബാന്ദ്ര. Photo: Cinema Express

ഇതോടെ തിയേറ്ററില്‍ നിന്നും കാണാന്‍ സാധിക്കാത്തവര്‍ക്ക് ബാന്ദ്ര കാണാനുള്ള അവസരമായിരിക്കും ലഭിക്കുക. അതേസമയം സോഷ്യല്‍ മീഡിയയില്‍ പുതിയ ട്രോള്‍ മെറ്റീരിയലായി ചിത്രം മാറുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

Content Highlight: Dileep starrer Bandra gets ott streaming partner