കുട്ടികളുടെ അടക്കം സ്വകാര്യത ലംഘിച്ചു; ഡ്രോണ്‍ ഷൂട്ടില്‍ പരാതി നല്‍കി ദിലീപിന്റെ സഹോദരി
Kerala
കുട്ടികളുടെ അടക്കം സ്വകാര്യത ലംഘിച്ചു; ഡ്രോണ്‍ ഷൂട്ടില്‍ പരാതി നല്‍കി ദിലീപിന്റെ സഹോദരി
രാഗേന്ദു. പി.ആര്‍
Tuesday, 23rd December 2025, 4:08 pm

ആലുവ: സ്വകാര്യത ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കി നടന്‍ ദിലീപിന്റെ സഹോദരി. കുട്ടികളുടെ അടക്കം സ്വകാര്യത ലംഘിച്ചുവെന്ന് കാണിച്ച് എസ്. ജയലക്ഷ്മി സുരാജാണ് പരാതി നല്‍കിയത്.

റിപ്പോര്‍ട്ടര്‍ ടി.വി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകള്‍ക്കെതിരെയാണ് പരാതി. ആലുവ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

കൊച്ചിയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നടിയെ ബലാത്സംഗം ചെയ്ത കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ഈ കേസില്‍ ഡിസംബര്‍ എട്ടിന് വിചാരണ കോടതി വിധി പുറപ്പെടുവിച്ചിരുന്നു.

ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി, ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ലെന്നതിന്റെ പേരില്‍ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടിരുന്നു.

കോടതി വിധിക്ക് പിന്നാലെ പുറത്തുവന്ന ദിലീപിന്റെ പ്രതികരണത്തിനായി കേരളത്തില്‍ ഉടനീളമുള്ള മാധ്യമങ്ങള്‍ ശ്രമിച്ചു. ഈ സമയം മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞ് മാധ്യമങ്ങളെയും അന്വേഷണ ഉദ്യോഗസ്ഥരെയും ദിലീപ് വിമര്‍ശിച്ചിരുന്നു.

ശേഷം ആലുവയിലെ വീട്ടിലെത്തിയ ദിലീപ് കുടുംബാംഗങ്ങള്‍ക്കൊപ്പം സന്തോഷം പങ്കുവെക്കുന്ന ദൃശ്യങ്ങള്‍ പരാതിയില്‍ പറയുന്ന മാധ്യമങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തുകയും സംപ്രേക്ഷണം ചെയ്യുകയുമുണ്ടായി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ജയലക്ഷ്മിയുടെ പരാതി.

ആലുവയിലെ ‘പത്മസരോവരം’ വസതിയിലേക്ക് അതിക്രമിച്ച് കയറിയെന്നാണ് പരാതി. ദിലീപിന്റെ മാത്രമല്ല വീട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ദൃശ്യങ്ങളാണ് പകര്‍ത്തിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മുന്‍കൂര്‍ അനുമതി കൂടാതെയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ബി.എന്‍.എസ് സെക്ഷന്‍ 329 (ക്രിമിനല്‍ അതിക്രമം), സെക്ഷന്‍ 351 (ക്രിമിനല്‍ ഭീഷണി), സെക്ഷന്‍ 270 (പൊതുജനശല്യം) എന്നീ വകുപ്പുകള്‍ പ്രകാരം നടപടി എടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.

Content Highlight: Dileep’s sister files complaint over drone shoot, including violation of children’s privacy

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.