| Saturday, 15th March 2025, 1:04 pm

പോസ്റ്ററില്‍ കയ്യബദ്ധം; 'എന്താണ് ദിലീപേട്ടാ, ഇതൊക്കെ ശ്രദ്ധിക്കാന്‍ പറയണ്ടേ'യെന്ന് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ദിലീപ് എത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയത്. ‘ഹാര്‍ട്ട് ബീറ്റ് കൂടണ്’ എന്ന ഗാനം പാടിയത് അഫ്‌സല്‍ ആയിരുന്നു.

10 വര്‍ഷത്തിന് ശേഷം ഒരു ദിലീപ് ചിത്രത്തില്‍ അഫ്‌സല്‍ പാടുന്നു എന്നത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയായിരുന്നു ദിലീപ് ആരാധകര്‍ ആ പാട്ട് ഏറ്റെടുത്തത്. പിന്നാലെ കാലങ്ങളായി ദിലീപ് തന്റെ സിനിമകളില്‍ റൊമാന്റിക് എന്ന പേരില്‍ കാണിക്കുന്ന അതേ ചേഷ്ടകളാണ് പുതിയ പാട്ടിലും കാണിക്കുന്നതെന്ന പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളുകള്‍ നേടുകയാണ് ചിത്രത്തിന്റെ പോസ്റ്റര്‍. ‘ഹാര്‍ട്ട് ബീറ്റ് കൂടണ്’ പാട്ട് ആളുകള്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തില്‍ പങ്കുവെച്ച പോസ്റ്ററാണ് ട്രോളുകള്‍ ഏറ്റുവാങ്ങുന്നത്.

പോസ്റ്ററില്‍ പാട്ടിന് താഴെ വന്ന കമന്റുകളാണ് ചേര്‍ത്തിരിക്കുന്നത്. കൂട്ടത്തില്‍ ഉള്ള ചില കമന്റുകളാണ് ട്രോളുകള്‍ക്ക് കാരണം. ‘അടുത്ത നാടന്‍ ബോംബ്, പ്രൊഡ്യൂസറെ സമ്മതിച്ചു, പ്രായത്തിന് ചേര്‍ന്ന വേഷങ്ങള്‍ ചെയ്യുക. വേണേല്‍ മതി’ എന്നീ കമന്റുകളും ഇതില്‍ ഉള്‍പ്പെട്ടതോടെയാണ് പോസ്റ്ററിന് ട്രോളുകള്‍ വന്നത്.

മാര്‍ച്ച് 12നായിരുന്നു ‘ഹാര്‍ട്ട് ബീറ്റ് കൂടണ്’ പാട്ട് മാജിക് ഫ്രെയിംസ് മ്യൂസിക്കിന്റെ യൂട്യൂബ് പേജിലൂടെ റിലീസ് ചെയ്തത്. അതിന് താഴെ ദിലീപിനെ സപ്പോര്‍ട്ട് ചെയ്ത് കൊണ്ടും അല്ലാതെയും നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മലയാളസിനിമ അതിന്റെ എല്ലാ ടെക്നിക്കല്‍ മേഖലയിലും കഥ പറച്ചിലിലും മാറ്റം കൊണ്ടുവരുമ്പോഴും അതൊന്നും തന്നെ ബാധിക്കില്ലെന്ന മട്ടിലാണ് ദിലീപ് ഓരോ സിനിമയും ചെയ്യുന്നതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ദിലീപിന്റെ 150ാം ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. ഒപ്പം മാജിക് ഫ്രയിംസിന്റെ മുപ്പതാമത്തെ ചിത്രവും.

അവസാനമിറങ്ങിയ നാല് ചിത്രങ്ങളിലൂടെയും ബോക്സ് ഓഫീസില്‍ പരാജയം ഏറ്റുവാങ്ങാനായിരുന്നു ദിലീപിന്റെ വിധി. അതുകൊണ്ട് തന്നെ പ്രിന്‍സ് ആന്‍ഡ് ഫാമിലിയിലൂടെ ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുകയാണ് ദിലീപ് ആരാധകര്‍.

എന്നാല്‍ ഒഫീഷ്യല്‍ പോസ്റ്റര്‍ അല്ല അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ടീമില്‍ സംഭവിച്ച പിഴവ് മൂലം അപ്രൂവല്‍ ലഭിക്കും മുമ്പ് പോസ്റ്റര്‍ ലീക്കാവുകയായിരുന്നു. ഈ പോസ്റ്ററാണ് ശേഷം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

Content Highlight: Dileep’s Prince And Family Movie Song Poster Get Trolled

We use cookies to give you the best possible experience. Learn more